ലൈസന്‍സ് ഇല്ലെങ്കില്‍ ഇന്‍ഷൂറന്‍സിലും പ്രയോജനമില്ല; മാഞ്ചസ്റ്ററിലെ ഹിറ്റ് ആന്റ് റണ്‍ സംഭവത്തില്‍ കേസിലായ മലയാളി വനിതയെ സഹായിക്കാനാകുമോ എന്ന് ചോദിച്ച് വായനക്കാരുടെ കത്തുകള്‍; തെറ്റായ വാര്‍ത്തയെന്നു പറയുന്നവര്‍ മറക്കുന്നത് യുകെയിലെ നിയമ സംവിധാനത്തെ

മാഞ്ചസ്റ്ററിലെ മലയാളി വനിതയെ സഹായിക്കാനാകുമോ എന്ന് ചോദിച്ച് വായനക്കാരുടെ കത്തുകള്‍

Update: 2024-09-27 05:31 GMT

ലണ്ടന്‍: ഓണത്തലേന്നു കാല്‍നട യാത്രക്കാര്‍ക്കുള്ള ക്രോസിംഗില്‍ കാര്‍ ഇടിച്ചു ബ്രിട്ടീഷ് വനിതാ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ മലയാളി വനിതാ ഡ്രൈവര്‍ തെറ്റുകാരി ആണെങ്കില്‍ പോലും സഹായിക്കാന്‍ മലയാളി സമൂഹത്തിനു ബാധ്യതയില്ലേ എന്ന ചോദ്യവുമായി ഒന്നിലേറെ സ്ത്രീകള്‍ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടിരിക്കുന്നു. മലയാളി വനിതാ ചെയ്ത തെറ്റിനെ പൂര്‍ണമായും അംഗീകരിക്കുമ്പോള്‍ തന്നെ പ്രായപൂര്‍ത്തിയാകാത്ത അവരുടെ നാല് മക്കള്‍ക്ക് വേണ്ടി എങ്കിലും സമൂഹമെന്ന നിലയില്‍ ഇടപെടണം എന്നാണ് അപകടമുണ്ടാക്കിയ വനിതയുടെ സുഹൃത്തുക്കള്‍ എന്ന് കരുത്തപ്പെടുന്നവരുടെ ആവശ്യം.

മാത്രമല്ല ഈ സ്ത്രീക്ക് കുഞ്ഞുങ്ങളുടെ ഉത്തരവാദിത്തം സ്വന്തം നിലയില്‍ ഏറ്റെടുക്കേണ്ടി വന്ന സാഹചര്യം സൃഷ്ടിച്ച സമ്മര്‍ദ്ദമാകാം അപകടത്തിലേക്ക് പോലും നയിച്ചതെന്നാണ് ഇവരുടെ വാദം. ഇത്തരം കാര്യങ്ങള്‍ മികച്ച അഭിഭാഷകര്‍ മുഖേനെ കോടതിയില്‍ ബോധിപ്പിക്കാനായാല്‍ ലഭിക്കുന്ന ശിക്ഷ എങ്കിലും ലഘുവാക്കി മാറ്റം എന്നും ഇവര്‍ ചിന്തിക്കുന്നു.

സ്ത്രീയുടെ ഭര്‍ത്താവിന് കുഞ്ഞുങ്ങളുടെ കാര്യത്തില്‍ മുന്‍പേ ഒരു പരാതി ഉള്ളതിനാല്‍ സംരക്ഷണ ചുമതല ലഭിക്കാന്‍ ഇടയില്ലാത്തതിനാല്‍ കുഞ്ഞുങ്ങളെ സംരക്ഷിയ്ക്കാനോ നാട്ടിലേക്ക് എത്തിക്കാനോ മലയാളി സമൂഹം രംഗത്ത് വരണം എന്നാണ് ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടവരുടെ ആവശ്യം. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ നിയമപരമായ ഇടപെടലാണ് ആവശ്യം എന്നതിനാല്‍ യുവതിയെ സഹായിക്കാന്‍ ഉറ്റബന്ധുക്കളോ സുഹൃത്തുക്കളോ തന്നെ തയ്യാറാകേണ്ടി വരും.

യുകെയിലെ മലയാളി സംഘടനകള്‍ ഇത്തരം കാര്യങ്ങളില്‍ കാഴ്ചക്കാരായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും സംഘടനാ സഹായ വാഗ്ദാനം ഉയര്‍ത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. യുകെയിലേക്ക് പുതുതായി എത്തിയ കുടുംബം എന്ന നിലയില്‍ ശക്തമായ സൗഹൃദങ്ങളുടെ കുറവും സ്ത്രീയെ സഹായിക്കണം എന്നാവശ്യത്തിന് എതിരായി മാറുന്ന ഘടകമാണ്.

വാര്‍ത്തകള്‍ തെറ്റെന്നു യുവതിയുടെ സഹപ്രവര്‍ത്തകന്‍ എന്നവകാശപെടുന്നയാള്‍

അതിനിടെ ബ്രിട്ടീഷ് മലയാളിയില്‍ അടക്കം എത്തിയ വാര്‍ത്തയില്‍ വസ്തുത വിരുദ്ധം ആണെന്നു സ്ത്രീക്കൊപ്പം ജോലി ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരു മലയാളി യുകെയിലെ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. ഇന്‍ഷൂറന്‍സ് ഇല്ലെന്ന കാര്യമാണ് ഇയാള്‍ നിഷേധിക്കുന്നത്. എന്നാല്‍ ചെഷയര്‍ പോലീസ് കോടതിയില്‍ നല്‍കിയ കാര്യങ്ങളാണ് ബ്രിട്ടീഷ് മലയാളി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിയമപരമായ ലൈസന്‍സ് ഇല്ലെങ്കില്‍ ഇന്‍ഷൂറന്‍സ് എടുത്തിട്ടുണ്ടെങ്കിലും അപകടം ഉണ്ടാകുന്ന സാഹചര്യത്തില്‍ അത്തരം ഇന്‍ഷൂറന്‍സ് പരിരക്ഷ സ്വമേധയാ ഇല്ലാതാകും.

ലൈസന്‍സ് ഉണ്ടെന്നു വിവരം നല്‍കിയാണ് മിക്കവരും ഇന്‍ഷൂറന്‍സ് സംരക്ഷണം ഉറപ്പാക്കുക. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ തെളിവൊന്നും നോക്കാറുമില്ല. അപകടം ഉണ്ടായാല്‍ പോലീസ് ആയിരിക്കും ഇത്തരം കാര്യങ്ങളില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുക. ആ ഘട്ടത്തില്‍ ലൈസന്‍സ് ഇല്ലെന്നു കണ്ടെത്തിയാല്‍ അക്കാര്യം ഇന്‍ഷൂറന്‍സ് കമ്പനിക്കും കൈമാറും. ഇതോടെയാണ് ഇന്‍ഷൂറന്‍സ് സംരക്ഷണം സ്വാഭാവികമായി ഇല്ലാതാകുന്നത്. നിയമത്തിലെ ഈ ലൂപ്പ് ഹോള്‍സ് യുവതിയുടെ സഹപ്രവര്‍ത്തകന്‍ എന്ന് പറയപ്പെടുന്ന മലയാളി മധ്യവയസ്‌കന് ഇപ്പോഴും മനസിലാകാത്ത കാര്യം ആയതുകൊണ്ടാണ് മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കി എന്ന് പറയേണ്ടി വരുന്നത്.

മാത്രമല്ല അപകടത്തെ തുടര്‍ന്ന് ഒരാള്‍ മരിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഷൂറന്‍സും ലൈസന്‍സും ഇല്ലെങ്കില്‍ നേരിടുന്ന ശിക്ഷയുടെ തോതും വര്‍ധിക്കും. അടുത്തിടെ ബ്രൈറ്റണില്‍ കാര്‍ അപകടം വരുത്തിയ മലയാളി യുവാവിന് ആറുവര്‍ഷത്തെ ശിക്ഷയില്‍ ഒതുങ്ങിയത് അപകടത്തിന് തൊട്ടു തലേദിവസം അയാള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചത് കൊണ്ടുകൂടിയാണ്. മാഞ്ചസ്റ്റര്‍ അപകടത്തില്‍ മലയാളി വനിതയ്ക്ക് ആ ആനുകൂല്യവും ലഭിക്കാന്‍ ഇടയില്ല. മാത്രമല്ല അപകടത്തെ തുടര്‍ന്ന് നല്‍കേണ്ടി വരുന്ന നഷ്ടപരിഹാര തുക സംബന്ധിച്ച് മരണമടഞ്ഞ ആളുടെ കുടുംബം കോടതിയില്‍ കര്‍ക്കശ നിലപാട് എടുത്താല്‍ അതും പ്രതിസന്ധിയാകും.

എത്രകണ്ടാലും കേട്ടാലും പഠിക്കാതെ യുകെ മലയാളികള്‍

ഇത്തരം കാര്യങ്ങള്‍ മുന്‍പും സംഭവിച്ചിട്ടുള്ളതിനാല്‍ യുകെ ഡ്രൈവിംഗ് അപകടം ഉണ്ടാകുന്ന സാഹചര്യത്തില്‍ അത്യന്തം അപകടകരമാണ് എന്ന് പഴയ കാല മലയാളികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ യുകെയില്‍ എത്തി തൊട്ടടുത്ത നാളില്‍ കാര്‍ വാടകയ്ക്ക് എടുത്തു ഓടിക്കുക എന്നതും പുതുതായി എത്തുന്ന മലയാളികളുടെ വിനോദമാണ്. ഇക്കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയില്‍ നഴ്സിംഗ് പഠിക്കാന്‍ എത്തിയ പെണ്‍കുട്ടിയെ യുകെയില്‍ എത്തി ഒരാഴ്ച കഴിയും മുന്‍പേ തലേവര്‍ഷം എത്തിയ സീനിയര്‍ വിദ്യാര്‍ത്ഥി കാര്‍ഡിഫ് നഗരം കാണിക്കാന്‍ ക്ഷണിച്ചത് പെണ്‍കുട്ടിയുടെ ജീവന്‍ എടുക്കുന്ന അപകടത്തിലേക്കാണ് എത്തിച്ചത്.

നിലമ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും രാത്രി മുഴുവന്‍ നഗരം കറക്കിയ ശേഷം പുലര്‍ച്ചെ യുവാവ് തിരികെ താമസ സ്ഥലത്തേക്ക് മടങ്ങുന്നതിടെയാണ് അപകടം ഉണ്ടാകുന്നതും പരുക്കേറ്റ് ഒരുമാസത്തെ ചികിത്സയ്ക്ക് ശേഷം പെണ്‍കുട്ടി മരണത്തിനു കീഴടങ്ങുന്നതും. യുകെ ഡ്രൈവിംഗില്‍ യുവാവിന് ഉള്ള പരിചയക്കുറവ് തന്നെയാണ് അപകടത്തിലേക്ക് എത്തിച്ചതെന്ന് അപകടസ്ഥലം സന്ദര്‍ശിച്ച മലയാളികള്‍ക്ക് വ്യക്തമായിരുന്നു.

ഒറ്റവരി ഡ്രൈവിംഗ് നടത്തുന്ന റോഡില്‍ വളവ് തിരിഞ്ഞു വരവ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചാണ് പെണ്‍കുട്ടിക്ക് സാരമായ പരുക്കേറ്റതും തുടര്‍ന്ന് മരണത്തിന് കീഴടങ്ങുന്നതും. ഈ അപകടത്തില്‍ ഡ്രൈവ് ചെയ്തിരുന്ന യുവാവിനും മറ്റു പെണ്‍കുട്ടികള്‍ക്കും കാര്യമായ പരുക്ക് ഏല്‍ക്കാതെ രക്ഷപ്പെടുക ആയിരുന്നു. സാധാരണ അപകടം എന്ന നിലയിലാണ് പോലീസ് കേസെടുത്തതും. അപകടത്തിലേക്ക് നയിച്ച കാരണങ്ങളെ പറ്റി കാര്യമായ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.

Tags:    

Similar News