ഗൃഹ്മന്ത്രി ദക്ഷത പദക് അവാർഡ് ഗൃഹ്മന്ത്രി ദക്ഷത പദക് അവാർഡ് പ്രഖ്യാപിച്ചു; 14 നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ മെഡലുകൾക്ക് അർഹരായി; അഭിമാനമായി കോട്ടയം സ്വദേശി അരവിന്ദ് എം ആർ
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2024 ലെ 'കേന്ദ്രീയ ഗൃഹ്മന്ത്രി ദക്ഷത പദക്' മെഡലുകൾ പ്രഖ്യാപിച്ചു. ഈ വർഷത്തെ അംഗീകാരം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ 14 ഉദ്യോഗസ്ഥർ കരസ്ഥമാക്കി. എൻസിബി കൊച്ചിൻ സോണൽ യൂണിറ്റിലെ സൂപ്രണ്ട് ശ്രീ അരവിന്ദ് എം ആറിനാണ് ഈ വർഷത്തെ അന്വേഷണത്തിലെ മികവിന് കേന്ദ്രീയ ഗൃഹ മന്ത്രി ദക്ഷത പദക് ലഭിച്ചത്. കോട്ടയം കാരാപ്പുഴ സ്വദേശിയാണ്.
അടുത്തിടെയാണ് കൊച്ചിൻ സോണൽ യൂണിറ്റിലെ സൂപ്രണ്ടായി ചുമതലയേറ്റത്. മുൻപും എൻസിബിയുടെ പല അന്വേഷണങ്ങളിലും സുപ്രധാന പങ്ക് വഹിക്കാൻ അദ്ദേഹത്തിനായി.സ്പെഷ്യൽ ഓപ്പറേഷൻസ്, അന്വേഷണം, ഇൻ്റലിജൻസ്, ഫോറൻസിക് സയൻസ് എന്നീ നാല് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ പ്രശംസനീയം സേവനങ്ങൾക്കുള്ള ആദരമായാണ് പുരസ്കാരം നൽകുന്നത്. സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെ കണക്കിലെടുത്താണ് മെഡലുകൾ സമ്മാനിക്കുന്നത്.
ഈ വർഷമാദ്യം ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒരു അന്താരാഷ്ട്ര സ്യൂഡോഫെഡ്രിൻ കടത്ത് സംഘത്തെ പിടികൂടാൻ നടത്തിയ സങ്കീർണ്ണവും, ഉയർന്ന സാങ്കേതികവുമായ അന്വേഷണത്തിനും നേതൃത്വം നൽകിയതിനാണ് അദ്ദേഹത്തിനെ പുരസ്കാരം തേടിയെത്തിയത്. ഒരു അസംസ്‌കൃത രാസവസ്തുവാണ് സ്യൂഡോഫെഡ്രിൻ.
ഇത് ലോകമെമ്പാടും ഡിമാന്‍ഡുള്ള ഒരു പ്രമുഖ മയക്കുമരുന്നായ മെത്താംഫെറ്റാമൈന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. മിക്‌സഡ് ഫുഡ് പൗഡറും കൊപ്രക്കുമൊപ്പം കടത്താന്‍ ശ്രമിച്ച അസംസ്‌കൃത രാസ ലഹരിയാണ് പിടിച്ചെടുത്തത്.
2010 ലാണ് അരവിന്ദ് എം ആർ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) ഭാഗമാകുന്നത്. ശേഷം എൻസിബിയിൽ വിവിധ സുപ്രധാന തസ്തികകളിൽ പ്രവർത്തനം നടത്തി. അടുത്തിടെയാണ് കൊച്ചിൻ സോണൽ യൂണിറ്റിലെ സൂപ്രണ്ടായി ചുമതലയേറ്റത്. ന്യൂ ഡൽഹിയിലെ എൻസിബി ആസ്ഥാനത്ത് (2019-24)
ഓപ്പറേഷൻസ് സൂപ്രണ്ട് ആയിരുന്ന കാലത്ത്, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ ചില സുപ്രപ്രധാന അന്വേഷണങ്ങളിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.
2024 ഫെബ്രുവരി-ഏപ്രിൽ മാസങ്ങളിൽ അദ്ദേഹം എൻസിബി ആസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് എക്സലൻസ് മെഡൽ ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ ഗുജറാത്ത് തീരത്ത് 3272 കിലോഗ്രാം മയക്കുമരുന്ന് പിടികൂടിയതിലും കൊച്ചി തീരത്ത് നിന്ന് 2525 കിലോഗ്രാം മെതാംഫെറ്റാമിൻ പിടികൂടിയതിലും പ്രധാന അംഗമാണ്. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ വർഷവും ഒക്ടോബർ 31 നാണ് മെഡൽ പ്രഖ്യാപിക്കുന്നത്.