ആ 'മേയര്‍ പണി' യദുവിനെ തെരുവിലാക്കി; ആര്യ രാജേന്ദ്രനെ കാണുമോ എന്ന് ഇപ്പോഴും പേടി; പട്ടിണി മാറ്റാന്‍ ഭക്ഷണപ്പൊതിയുമായി മുടവന്‍മുകളില്‍; ഭരണകൂട ഭീകരതയുടെ ഇരയായ മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍; വിശപ്പകറ്റാന്‍ യദു സൊമാറ്റോ ഡെലിവറി ബോയി ആയ കഥ

Update: 2026-02-12 02:11 GMT

തിരുവനന്തപുരം: ആ മുഖം അബദ്ധത്തില്‍ പോലും കാണരുതേയെന്ന പ്രാര്‍ത്ഥനയോടെയാണ് മുന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഇന്ന് നിരത്തിലിറങ്ങുന്നത്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള ആ ഒരൊറ്റ വാക്കേറ്റം യദുവിന്റെ ജീവിതം തന്നെ തകിടം മറിച്ചു. കെഎസ്ആര്‍ടിസിയിലെ ജോലി പോയി, സ്വകാര്യ ബസുകളില്‍ കയറിയെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് വിടാതെ പിന്തുടര്‍ന്നു. ഒടുവില്‍ പട്ടിണിയാകുമെന്നായപ്പോള്‍ കുടുംബം പോറ്റാന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്റെ കുപ്പായമിട്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

ഏറ്റവും വിരോധാഭാസമെന്നു പറയട്ടെ, ഇന്ന് യദു ഭക്ഷണപ്പൊതികളുമായി പാായുന്നത് മുന്‍ മേയറുടെ വീട് ഉള്‍പ്പെടുന്ന മുടവന്‍മുകള്‍ ഭാഗത്താണ്. പണ്ട് നടുറോഡില്‍ മേയറും എംഎല്‍എ ഭര്‍ത്താവും വഴി തടഞ്ഞ് ചോദ്യം ചെയ്ത ആ പഴയ ഡ്രൈവര്‍ ഇന്ന് പഴയ സ്മരണകള്‍ ഭീതിയോടെ ഓര്‍ക്കുന്നു. 'ഇനി അഥവാ കണ്ടുമുട്ടിയാല്‍ വല്ല കള്ളക്കേസും കൂടി തലയില്‍ വരുമോ എന്നാണ് പേടി' - യദുവിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് കടുത്ത ആശങ്കയാണ്. കേസുകള്‍ ഒന്നുമാകാതെ നീളുന്നതിനാല്‍ കെഎസ്ആര്‍ടിസിയിലെ ജോലിയില്‍ തിരികെ പ്രവേശിക്കാനും യദുവിന് സാധിക്കുന്നില്ല.

തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ യദുവിനെ മേയറുടെ ഡ്രൈവറാക്കുമെന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ ഔദ്യോഗികമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യദു പറയുന്നു. എങ്കിലും മികച്ചൊരു ജോലിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അദ്ദേഹം. നിയമയുദ്ധവും ജീവിത പോരാട്ടവും ഒരുപോലെ നയിക്കുന്ന യദു, ഭരണകൂട ശക്തിക്ക് മുന്നില്‍ സാധാരണക്കാരന്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി മാറിയിരിക്കുകയാണ്.

2024 ഏപ്രില്‍ 27 ന് രാത്രി 10ഓടെ ആയിരുന്നു പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം യദുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്. ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ വാക്കേറ്റമുണ്ടായത്. മേയറെയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ച് പിന്നാലെ യദുവിന്റെ പേരില്‍ പോലീസ് കേസെടുത്തിരുന്നു. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസെവിടെയുമെത്താത്തതിനാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ യദുവിന് സാധിച്ചില്ല.

ഇതേ തുടര്‍ന്നാണ് കുടുംബം നോക്കാന്‍ യദു ഓണ്‍ലൈന്‍ ഭക്ഷണ വിതരണവുമായി മുന്നോട്ടുപോകുന്നത്. മറ്റ് വഴികളില്ലാതായതോടെയാണ് ഈ ജോലി തെരഞ്ഞെടുത്തതെന്നും യദു പറയുന്നു. വിവാദത്തിന് ശേഷം ആര്യാ രാജേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല. കാണരുതെന്നാണ് പ്രാര്‍ഥനയെന്നും യദു പറയുന്നു.

Tags:    

Similar News