ബോര്‍ഡിനെ ഇരുട്ടില്‍ നിര്‍ത്തി 2012ല്‍ അയ്മനം രാജന്റെ നേതൃത്വത്തില്‍ നടന്ന വിചിത്രമായ 'രഹസ്യ ദേവപ്രശ്‌നം' അഴിമതിയുടെ തുടക്കം; പുതിയ സ്വര്‍ണ്ണക്കൊടിമരം നിര്‍മ്മിച്ചതില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് വിലയിരുത്തല്‍; മോഹന്‍ലാലും സുരേഷ് ഗോപിയും ഷാജി കൈലാസും മൊഴി കൊടുക്കണം

Update: 2026-02-12 01:26 GMT

തിരുവനന്തപുരം: ശബരിമലയിലെ പുതിയ സ്വര്‍ണ്ണക്കൊടിമരം നിര്‍മ്മിച്ചതില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ് വിലയിരുത്തല്‍. നിര്‍മ്മാണത്തിനായി കോടികളും സ്വര്‍ണ്ണപ്പാളികളും വഴിപാടായി നല്‍കിയ സൂപ്പര്‍ താരം മോഹന്‍ലാല്‍, സുരേഷ് ഗോപി, സംവിധായകന്‍ ഷാജി കൈലാസ് എന്നിവരടക്കമുള്ള മുപ്പതോളം പ്രമുഖരെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ് ഒരുങ്ങുന്നു. ഭക്തിയുടെ മറവില്‍ സ്വര്‍ണ്ണക്കൊടിമരത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നെന്ന പരാതിയിലാണ് ഈ വമ്പന്‍ സ്രാവുകളിലേക്ക് അന്വേഷണം നീളുന്നത്.

2017-ല്‍ കൊടിമരത്തില്‍ സ്വര്‍ണ്ണപ്പാളികള്‍ ഒട്ടിക്കുന്ന ചടങ്ങില്‍ ഈ പ്രമുഖരെല്ലാം പങ്കാളികളായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വിജിലന്‍സ് പരിശോധിച്ചുവരികയാണ്. ഇവര്‍ നല്‍കിയ സ്വര്‍ണ്ണത്തിനും പണത്തിനും ദേവസ്വം ബോര്‍ഡ് കൃത്യമായ രസീത് നല്‍കിയിട്ടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഭക്തരില്‍ നിന്ന് സ്വര്‍ണ്ണവും പണവും കൈപ്പറ്റിയ ശേഷം രസീത് നല്‍കാതെ വകമാറ്റിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഓരോരുത്തരും നല്‍കിയ സംഭാവനയുടെ കൃത്യമായ കണക്ക് അറിയാനാണ് താരങ്ങളെ നേരിട്ട് കാണുന്നത്.

പ്രമുഖര്‍ നല്‍കിയ സ്വര്‍ണ്ണത്തിന്റെ അളവും റെക്കോര്‍ഡുകളില്‍ കാണിച്ചിട്ടുള്ള അളവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ എസ്.ഐ.ടിക്ക് വിജിലന്‍സ് നിര്‍ദ്ദേശം നല്‍കി. ഉന്നതരായ ഉദ്യോഗസ്ഥരിലേക്കും രാഷ്ട്രീയക്കാരിലേക്കും അന്വേഷണം നീളുന്നതിന് മുന്നോടിയായാണ് ഈ പ്രമുഖരുടെ മൊഴി രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളില്‍ സിനിമ-സാംസ്‌കാരിക മേഖലയിലെ കൂടുതല്‍ പേരിലേക്ക് വിജിലന്‍സ് നോട്ടീസ് എത്തും.

ഭക്തിയുടെ മറവില്‍ നടന്ന ഈ 'സുവര്‍ണ്ണ' കൊള്ളയുടെ ചുരുളഴിക്കാന്‍ 2011 മുതലുള്ള ദുരൂഹ ഇടപാടുകളാണ് അന്വേഷണ സംഘം ചികയുന്നത്. തന്ത്രിയോ ദേവസ്വം ബോര്‍ഡോ അറിയാതെ 2011-ല്‍ കൊടിമരത്തില്‍ പെയിന്റ് അടിച്ചുകൊണ്ട് തുടങ്ങിയ 'ഓപ്പറേഷന്‍' ആണ് ഇപ്പോള്‍ വിജിലന്‍സിന്റെ മുന്നിലുള്ളത്. അന്ന് ഇടതു ഭരണകാലത്ത് ബോര്‍ഡ് ഭരിച്ചിരുന്ന അഡ്വ. രാജഗോപാലന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിയും ത്വരിത പരിശോധനയുടെ നിഴലിലാണ്. കൊടിമരത്തില്‍ പെയിന്റടിച്ച് നിറവ്യത്യാസം വരുത്തി, അത് ദ്രവിച്ചുപോയെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ആദ്യ തന്ത്രം. തുടര്‍ന്ന് പുതിയ കൊടിമരത്തിനായി കോടികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. പഴയ കൊടിമരം കേടായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഉദ്യോഗസ്ഥ ലോബി വെട്ടിലായിരിക്കുകയാണ്.

ബോര്‍ഡിനെ ഇരുട്ടില്‍ നിര്‍ത്തി മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ അയ്മനം രാജന്റെ നേതൃത്വത്തില്‍ നടന്ന വിചിത്രമായ 'രഹസ്യ ദേവപ്രശ്‌നം' ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടിയെടുക്കാനുള്ള തന്ത്രമായിരുന്നുവെന്ന് വിജിലന്‍സ് കരുതുന്നു. ലെയ്സണ്‍ ഓഫീസറായിരുന്ന പി. ബാലന്റെ ഇടപെടലുകളും അതീവ ഗൗരവത്തോടെയാണ് പരിശോധിക്കുന്നത്. അഴിമതി ആരോപണത്തില്‍ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ നടന്ന നീക്കങ്ങളും അന്വേഷണ പരിധിയിലുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സിനിമാ-സാംസ്‌കാരിക നായകര്‍ക്ക് വിജിലന്‍സ് നോട്ടീസ് അയക്കും.

Tags:    

Similar News