വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്ന് ഇറ്റാലിയന്‍ പത്രം; മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തും; മൗനം തുടര്‍ന്ന് എയര്‍ഇന്ത്യും വ്യോമയാന മന്ത്രാലയവും; അഹമ്മദാബാദ് വിമാന ദുരന്തം വീണ്ടും ചര്‍ച്ചകളില്‍

Update: 2026-02-12 03:31 GMT

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ വരുമ്പോള്‍ എയര്‍ ഇന്ത്യ മൗനത്തില്‍. വിമാനത്തിന്റെ ഇന്ധന സ്വിച്ചുകള്‍ പൈലറ്റുമാരില്‍ ഒരാള്‍ മനപൂര്‍വം ഓഫാക്കിയെന്നാണ് ഇറ്റാലിയന്‍ പത്രമായ കോറ്യ ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡിംഗുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. എന്നാല്‍ ഇത് വ്യോമയാന മന്ത്രാലയം പോലും സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവെങ്കിലും അത് തള്ളികളയുകായിരുന്നു ഔദ്യോഗിക കേന്ദ്രങ്ങള്‍. അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സുപ്രീംകോടതിയില്‍ എത്തും. ആ സമയം എല്ലാം വ്യക്തമാകും.

അപകടം സംബന്ധിച്ച അന്തിമ റിപ്പോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും പത്രത്തിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഇത്തരമൊരു കണ്ടെത്തലിനെ കുറിച്ച് വ്യോമയാന മന്ത്രാലയം ഇനിയും പ്രതകരിച്ചിട്ടില്ല. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പോകാന്‍ പറന്നുയര്‍ന്നതിന് പിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്ന് വീണത്. വിമാനത്തിലെ ഒരു യാത്രക്കാരന്‍ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു. സമീപത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നു ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. ഇവിടെയുണ്ടായിരുന്ന ചില വിദ്യാര്‍ത്ഥികളും മരിച്ചിരുന്നു.

രണ്ട് പൈലറ്റുമാര്‍, 10 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ അടക്കം 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. 169 ഇന്ത്യക്കാരും ഏഴ് പോര്‍ച്ചുഗീസുകാരും ഒരു കനേഡിയന്‍ പൗരനും ഉണ്ടായിരുന്നു.ലണ്ടനിലുള്ള മകളെ കാണാനുള്ള യാത്രയ്ക്കിടെയാണ് വിജയ് രൂപാണി അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ പത്തനംതിട്ട തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാന ദുരന്തമാണിത്. അഹമ്മദാബാദ് ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ദുരന്തത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും മരിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയര്‍ ഇന്ത്യ അപകടം വെറുമൊരു സാങ്കേതിക തകരാറല്ല, മറിച്ച് പൈലറ്റിന്റെ ചതിയാകാമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വരുന്നത്. അഹമ്മദാബാദ് സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. കോക്പിറ്റിലെ വോയിസ് റെക്കോര്‍ഡറുകള്‍ നല്‍കുന്ന സൂചന പ്രകാരം, വിമാനം ലാന്‍ഡ് ചെയ്യാനോ തിരിച്ചുവിടാനോ ഉള്ള ശ്രമങ്ങള്‍ക്കിടയിലല്ല, മറിച്ച് ബോധപൂര്‍വമായ ഒരു ഇടപെടല്‍ പൈലറ്റില്‍ നിന്നും ഉണ്ടായെന്നാണ് നിഗമനം. ഇന്ധന വിതരണം നിലച്ചതോടെ എഞ്ചിനുകള്‍ നിശ്ചലമാവുകയും വിമാനം നിയന്ത്രണം വിട്ട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിന് മുകളിലേക്ക് പതിക്കുകയുമായിരുന്നു.

242 യാത്രക്കാരുമായി പറന്ന വിമാനത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ പത്രം പുറത്തുവിട്ട ഈ അന്തിമ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍, ഇന്ത്യന്‍ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ കുറ്റകൃത്യമായി ഇത് മാറും. എന്നാല്‍ പൈലറ്റിന്റെ മാനസികനിലയെക്കുറിച്ചോ മനഃപൂര്‍വമായ പിശകിനെക്കുറിച്ചോ ഉള്ള ഈ കണ്ടെത്തലുകളോട് വ്യോമയാന മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പൈലറ്റ് എന്തിന് ഇത്തരമൊരു കടുംകൈ ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ മാത്രമേ ഈ ദുരന്തത്തിന് പിന്നിലെ യഥാര്‍ത്ഥ 'ഗൂഢാലോചന' പുറത്തുവരൂവെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News