റോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പിനെതിരെ തെളിവില്ല; കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി എടുത്തു; ജീവനൊടുക്കാന്‍ കാരണം കടുത്ത മാനസിക സമ്മര്‍ദ്ദമെന്ന് നിഗമനം; അന്വേഷണം അവസാന ഘട്ടത്തിലേക്ക്
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലേക്ക്. റോയിയുടെ മരണത്തിന് പിന്നില്‍ ആദായനികുതി വകുപ്പിന്റെ പീഡനമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നാണ് കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പ്രാഥമിക വിലയിരുത്തല്‍. ബിസിനസ് രംഗത്തെ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് റോയിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതിന്റെ ഭാഗമായി കൊച്ചിയിലെ റോയിയുടെ മൂന്ന് അടുത്ത സുഹൃത്തുക്കളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
റോയി മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ തന്റെ സുഹൃത്തുക്കളുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സഹായത്തോടെ കൊച്ചിയിലെ സുഹൃത്തുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ബിസിനസ് താല്പര്യങ്ങളില്ലാതെ റോയിയുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തിയിരുന്നവരാണിവര്‍. മരിക്കുന്നതിന് മുന്‍പ് റോയിയുടെ മാനസികാവസ്ഥ എന്തായിരുന്നുവെന്ന് മനസ്സിലാക്കാനാണ് ഈ മൊഴികളിലൂടെ അന്വേഷണ സംഘം ശ്രമിക്കുന്നത്.
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രമോഷനല്‍ വീഡിയോകള്‍ തയ്യാറാക്കിയിരുന്ന രണ്ട് യൂട്യൂബര്‍മാരില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. റോയിയുടെ ബിസിനസ് പങ്കാളികളുടെ മൊഴി നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു. അതേസമയം, റോയിയുടെ മരണശേഷം സോഷ്യല്‍ മീഡിയ വഴി പലരും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ആദായനികുതി വകുപ്പിനെതിരെ നിലവില്‍ യാതൊരുവിധ തെളിവുകളും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍, മരണകാരണം ബിസിനസ്സ് സമ്മര്‍ദ്ദം മൂലമുള്ള ആത്മഹത്യയാണെന്ന് ഉറപ്പിക്കുന്ന നടപടികളിലാണ് പോലീസ്. രാജകീയ ജീവിതം നയിച്ചിരുന്ന അദ്ദേഹം, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തെത്തുടര്‍ന്ന് തന്റെ സാമ്പത്തിക സ്രോതസ്സുകള്‍ അടയുന്നുവെന്നും ആഡംബര ജീവിതത്തിന് തടസ്സം നേരിടുന്നുവെന്നും തിരിച്ചറിഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന പുതിയ വിവരങ്ങള്‍.
കേരളത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ പലപ്പോഴും പേര് വന്നിട്ടില്ലെങ്കിലും, അവരേക്കാളെല്ലാം വലിയ ആഡംബര ജീവിതമാണ് റോയി നയിച്ചിരുന്നത്. ദുബായിലെ ഗാരേജില്‍ മാത്രം 12 റോള്‍സ് റോയ്‌സ് കാറുകള്‍ ഉള്‍പ്പെടെ 150 കോടിയോളം വിലമതിക്കുന്ന വാഹനശേഖരം അദ്ദേഹത്തിനുണ്ടായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ബംഗളൂരുവിലെ പഞ്ചനക്ഷത്ര റിസോര്‍ട്ടിലെ റോയല്‍ സ്യൂട്ടിലായിരുന്നു താമസം. സ്വന്തമായി കൊട്ടാരസമാനമായ വീടുകളുണ്ടായിട്ടും കോടികള്‍ ചെലവാക്കി ഹോട്ടലില്‍ താമസിച്ചത് ഒരു 'ബ്രാന്‍ഡിംഗ്' തന്ത്രമായിരുന്നു. താന്‍ സാമ്പത്തികമായി അതിശക്തനാണെന്ന് ലോകത്തെയും നിക്ഷേപകരെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹം ഈ അതിരുകടന്ന ആഡംബരങ്ങളെ ഉപയോഗിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി കേന്ദ്ര ഏജന്‍സികള്‍ റോയിയുടെ സാമ്പത്തിക ഇടപാടുകളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പണം യുഎഇയിലേക്ക് എത്തിക്കുന്നതിലെ തടസ്സങ്ങള്‍ അദ്ദേഹത്തെ പ്രതിസന്ധിയിലാക്കി. ആദായനികുതി വകുപ്പ് ചുമത്തിയ പിഴ അടച്ചുതീര്‍ക്കാന്‍ തീരുമാനിച്ചെങ്കിലും, തുടര്‍ന്ന് ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനുള്ള സാമ്പത്തിക ലഭ്യതയില്‍ അദ്ദേഹം ആശങ്കാകുലനായിരുന്നു. ബാങ്ക് വായ്പകളില്ലാതെ നിക്ഷേപകരില്‍ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ അന്വേഷണം കടുപ്പായതോടെ പണമൊഴുക്ക് തടസ്സപ്പെടുകയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുകയും ചെയ്തു. നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായി എന്നാണ് വിലയിരുത്തല്‍.
സി.ജെ. റോയിയുടെ വിയോഗം വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണെന്നും ഇത് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ പ്രോജക്റ്റുകളെല്ലാം സുരക്ഷിതമാണെന്നും ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള വീടുകള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാക്കുമെന്നും എം.ഡി. സി.എ. ജോസഫ് വ്യക്തമാക്കി.
