പൈലറ്റിനെയും കോ-പൈലറ്റിനെയും കാട്ടില്‍ നിന്ന് പിടികൂടി വിമാനത്താവളത്തില്‍ എത്തിച്ചതിന് ശേഷം കൊന്നു! ഇന്തോനേഷ്യയിലെ പാപ്പുവയിലെ ഈ വിമാനത്താവളത്തില്‍ നടന്നത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമം; കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട വിമാനയാത്രക്കാരും

Update: 2026-02-12 02:55 GMT

പാപ്പുവ: വിമാനം ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ പൈലറ്റും കോ-പൈലറ്റും വെടിയേറ്റ് മരിക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് . എന്നാല്‍ കഴിഞ്ഞ ദിവസം ഇത്തരമൊരു സംഭവമാണ് ഇന്തോനേഷ്യയില്‍ ഉണ്ടായത് . ഇതിലെ യാത്രക്കാര്‍ പരിഭ്രാന്തരായി ജീവനും കൊണ്ട് ഓടിപ്പോകുകയായിരുന്നു. ഇന്നലെ ഇന്തോനേഷ്യയിലെ സൗത്ത് പാപ്പുവയിലുള്ള കൊറോവായ് ബട്ടു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് ശേഷമാണ് സ്മാര്‍ട്ട് എയര്‍ വിമാനം അജ്ഞാതരായ തോക്കുധാരികളുടെ ആക്രമണത്തിന് ഇരയായത്.

വെടിവയ്പ്പ് ആരംഭിച്ചതോടെ ഒരു കൊച്ചുകുട്ടിയുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന 13 യാത്രക്കാര്‍ സമീപത്തുള്ള ഒരു വനപ്രദേശത്തേക്ക് ഓടിപ്പോകുകായിരുന്നു. പൈലറ്റ് ജിപിഎസ് വഴി അടിയന്തര സന്ദേശം അയച്ചിരുന്നു. വിമാനജീവനക്കാരും യാത്രക്കാരും സമീപത്തെ വനത്തിലുള്ള മരങ്ങളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. പൈലറ്റിന്റെ അവസാന സന്ദേശത്തില്‍ പറയുന്നത് സിഗ്‌നലുകള്‍ ഒന്നും ലഭിക്കുന്നില്ലെന്നും നിരന്തരമായി അക്രമികള്‍ വെടിവെയ്ക്കുകയാണ് എന്നുമായിരുന്നു. എന്നാല്‍ സുരക്ഷിത സ്ഥാനത്തേക്ക് എത്തുന്നതിന് മുമ്പ് പൈലറ്റിനെയും സഹ-പൈലറ്റിനെയും റണ്‍വേയില്‍ വെച്ച് അക്രമികള്‍ പിടികൂടി വധിച്ചു എന്നാണ് പോലീസ് മേധാവി പറയുന്നത്.

പൈലറ്റിനെയും കോ-പൈലറ്റിനെയും കുറ്റവാളികള്‍ പിന്തുടര്‍ന്ന് കാട്ടില്‍ നിന്ന് പിടികൂടി കൊണ്ടുപോയി വിമാനത്താവളത്തില്‍ എത്തിച്ചതിന് ശേഷം വധിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെടുകയായിരുന്നു. ആരാണ് ആക്രമണം നടത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. കാരണം സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടരുകയാണ്. വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ എഗോണ്‍ എറവാനും കോ-പൈലറ്റ് ക്യാപ്റ്റന്‍ ബാസ് കോറോയുമാണ് കൊല്ലപ്പെട്ടത്. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് ഔദ്യോഗികമായി അറിയിക്കുന്നത്. സംഭവത്തിനു ശേഷവും, സ്മാര്‍ട്ട് എയര്‍ വിമാനം കൊറോവായ് ബട്ടു വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തന്നെ തുടരുകയാണ്.

വിമാനത്തിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നതും ജനാലകള്‍ തകര്‍ന്നതും വലതുവശത്ത് വെടിയുണ്ടകള്‍ നിറഞ്ഞതുമായ ദ്വാരങ്ങള്‍ ഉള്ളതായും ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിന്റെ ഇന്ധനടാങ്കിനും കേടുപാടുകള്‍ പറ്റിയത് കാരണം റണ്‍വേയിലേക്ക് വലിയ തോതില്‍ ഇന്ധനം പടര്‍ന്നിരിക്കുകയാണ്. ഇന്തോനേഷ്യന്‍ പ്രതിനിധി സഭയുടെ കമ്മീഷന്‍ ഐ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡേവ് ലക്‌സോണോ ആക്രമണത്തെ അസഹനീയമായ മാനുഷിക ദുരന്തം എന്ന് വിശേഷിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ പോലീസ് ഉള്‍നാടന്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.

55 പേരുമായി പറന്നുയര്‍ന്ന ഒരു യാത്രാ വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതിന് ശേഷമാണ് ഇത്. മൊഗാദിഷുവിലെ ഏദന്‍ ആഡെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെള്ളത്തില്‍ സ്റ്റാര്‍സ്‌കൈ എയര്‍ലൈന്‍ വിമാനം കിടക്കുന്നത് കാണിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സൊമാലിയയിലെ രണ്ടാമത്തെ വലിയ നഗരമായ ഗുരിയലിലേക്ക് പോകുകയായിരുന്നു വിമാനം. വിമാനത്താവളത്തിന്റെ പടിഞ്ഞാറന്‍ പരിധിക്ക് പുറത്തുള്ള തീരപ്രദേശത്താണ് അപകടം നടന്നതെന്ന് സൊമാലി സിവില്‍ ഏവിയേഷന്‍ അതോറിറ്റി സ്ഥിരീകരിച്ചു. വിമാനത്തിലെ 55 യാത്രക്കാരും ജീവനക്കാരും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

Similar News