ആ സ്ഥാപന ഉടമ അധിക്ഷേപിക്കുന്ന കമന്റുകള്‍ ഇനി പറഞ്ഞാല്‍ അയാള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോകും; ചുണയുണ്ടെങ്കില്‍ ഇനി അധിക്ഷേപിക്കാന്‍ ഹണി റോസിന്റെ വെല്ലുവിളി; ലാലും മമ്മൂട്ടിയും അടക്കം 'അമ്മ'യിലെ എല്ലാവരും നടിക്കൊപ്പം; ഹണി റോസ് വേദന വീണ്ടും പറയുമ്പോള്‍
കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ കമന്റുകള്‍ രേഖപ്പെടുത്തിയവര്‍ക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള കാരണം വ്യക്തമാക്കി നടി ഹണി റോസ്. എനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് ഇട്ട പോസ്റ്റില്‍ പോലും വളരെ ഹീനമായ കമന്റുകളാണ് ചിലര്‍ രേഖപ്പെടുത്തിയത്. ഇത് ഞാന്‍ മാത്രം നേരിടുന്ന കാര്യമല്ല കേരളത്തിലെ ഒട്ടുമിക്ക നടിമാരും സാധാരണക്കാരായ സ്ത്രീകളും ഇത്തരം അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കമന്റുമായി വരാന്‍ ധൈര്യം കാണിക്കുന്നുണ്ടല്ലോ എന്നതാണ് എന്നെ ഞെട്ടിച്ചത്. ഒരു സമൂഹത്തില്‍ സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇനിയും ഇത്തരത്തില്‍ മറ്റുളളവരെ ബുദ്ധിമുട്ടിക്കാന്‍ ആരും മുതിരരുത്-ഹണിറോസ് പറഞ്ഞു.
ഈ പറഞ്ഞ സ്ഥാപന ഉടമ എനിക്കെതിരെ അധിക്ഷേപിക്കുന്ന കമന്റുകള്‍ പറഞ്ഞാല്‍ അയാള്‍ക്കെതിരെയും നിയമപരമായി മുന്നോട്ട് പോകാനാണ് എനിക്ക് നിയമോപദേശം കിട്ടിയിരിക്കുന്നത്. ഇന്നലെ ഞാന്‍ പോസ്റ്റ് ചെയ്തത് മുതല്‍ വളരെ വലിയ പിന്തുണയാണ് ലഭിക്കുന്നത്. താരസംഘടനായ 'അമ്മ', പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, മറ്റു സംഘടനകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി എല്ലാവരും എന്നെ വിളിച്ചു പിന്തുണ അറിയിക്കുകയും എല്ലാ രീതിയിലും ഒപ്പം നില്‍ക്കാം എന്ന് പറയുകയും ചെയ്തു. പൊലീസിന്റെയും അഭിഭാഷകരുടെയും മാധ്യമങ്ങളുടെയും ഭാഗത്തു നിന്നും വളരെ നല്ല പിന്തുണയാണ് കിട്ടിയത്-ഹണി റോസ് പറയുന്നു. ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കൊച്ചി കുമ്പളം സ്വദേശി ഷാജി എന്നയാളാണ് അറസ്റ്റിലായത്. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്.
സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിച്ച ഇയാള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകളും ഐടി ആക്ടും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും ചുമത്തുമെന്നാണ് വിവരം. ഇതോടെ ഇയാള്‍ റിമാന്‍ഡിലാകാന്‍ സാധ്യത കൂടി. തുടക്കത്തില്‍ ജാമ്യമുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഒരു വ്യക്തി തുടര്‍ച്ചയായി തന്നെ വേദികളില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തി അപമാനിക്കുന്നുവെന്ന് ഞായറാഴ്ച ഹണി റോസ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരുന്നു. അതിലാണ് ചിലര്‍ സ്ത്രീവിരുദ്ധ കമന്റുകളുമായെത്തിയത്. ഇതിനു പിന്നാലെ ഹണി റോസ് നേരിട്ടെത്തി സെന്‍ട്രല്‍ എസിപി സി. ജയകുമാറിന് പരാതി നല്‍കുകയായിരുന്നു. താര സംഘടനയുമായി കൂടിയാലോചിച്ചായിരുന്നു ഈ നടപടി എന്നാണ് സൂചന. ബോബി ചെമ്മണ്ണൂര്‍ മുമ്പ് ഹണി റോസിനെ അപമാനിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നിയമ നടപടികള്‍.
അധിക്ഷേപ കമന്റുകളും അശ്ലീലകമന്റുകളും മൂലമുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് വലുതാണെന്ന് ഹണി റോസ് പറയുന്നു. ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല, മറിച്ച് താന്‍ കാരണം ഒരു പ്രശ്‌നം ഉണ്ടാകേണ്ട എന്ന് കരുതിയാണ് ഇതുവരെയും പ്രതികരിക്കാത്തത്. എന്നാല്‍ ഇത്തരത്തിലുള്ള കമന്റുകള്‍ സീമകള്‍ ലംഘിക്കുന്നു. ഇത്തരത്തില്‍ അപമാനം നേരിടുന്ന എല്ലാ സ്ത്രീകള്‍ക്കും പ്രതികരിക്കാനുള്ള ഊര്‍ജം പകരാന്‍ വേണ്ടിയാണ് കേസുമായി മുന്നോട്ട് പോയതെന്ന് ഹണി റോസ് പറയുന്നു.
അടുത്ത കാലത്ത് നടന്ന ഒരു സംഭവമാണ് ഇതിന് കാരണം. പല തവണ അത് അവരെ അറിയിച്ചിട്ടും വീണ്ടും എന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഒരു വ്യക്തിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എനിക്ക് മാത്രമല്ല ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എല്ലാം മാനസിക ബുദ്ധിമുട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറഞ്ഞ് തുടര്‍ച്ചയായി അപമാനിച്ചിട്ടും ഇതുവരെ പ്രതികരിക്കാത്തത് അത്തരം കമന്റുകള്‍ ആസ്വദിക്കുന്നതുകൊണ്ടാണോ എന്ന് കമന്റു ചെയ്യുന്നവരുണ്ട്. ഇക്കാര്യത്തില്‍ ഈ വ്യക്തിയോടും ആ സ്ഥാപനത്തോടും എന്റെ പ്രതികരണം അറിയിക്കുന്നുണ്ടായിരുന്നു. അത് പൊതുജനങ്ങള്‍ അറിയാത്തതാണ്. ഒടുവില്‍, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തന്നെ ഇത് വ്യക്തമാക്കാം എന്നു കരുതിയാണ് പോസ്റ്റ് ഇട്ടത്.
ഇനിയും ഇത്തരം കമന്റുകള്‍ കണ്ടുകൊണ്ട് വെറുതെ ഇരിക്കാന്‍ കഴിയില്ല എന്നതുകൊണ്ടാണ് ഇവര്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ഞാന്‍ അത്രമാത്രം അനുഭവിച്ചുകഴിഞ്ഞു. കേരളത്തില്‍ എന്നെപ്പോലെ സൈബര്‍ ബുള്ളീയിങ് അനുഭവിച്ച വേറൊരു വ്യക്തി ഉണ്ടാകില്ല. എന്റെ മാനസികാരോഗ്യത്തെ വരെ ഇതൊക്കെ ബാധിക്കുന്നുണ്ട്. എല്ലാ സ്ത്രീകള്‍ക്കും വേണ്ടി കൂടിയാണ് ഞാന്‍ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കെതിരെ സ്ത്രീകള്‍ മുന്നോട്ട് വരിക തന്നെ വേണം-ഹണി റോസ് പറഞ്ഞു.