എങ്ങനെ വിദേശത്ത് നിന്ന് നാടുകടത്തപ്പെടാതിരിക്കാം? ബ്രിട്ടനിലെ പ്രമുഖ ദിനപത്രമായ ഗ്വാര്‍ഡിയനില്‍ നഴ്സുമാര്‍ സുരക്ഷതിമായി യുകെയിലേക്ക് പോകാന്‍ കേരളം സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ പ്രശംസിച്ച് വാര്‍ത്ത
എങ്ങനെ വിദേശത്ത് നിന്ന് നാടുകടത്തപ്പെടാതിരിക്കാം?
ലണ്ടന്‍: വിദേശങ്ങളില്‍ ജോലി തേടി പോയി ഏറെ ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന വാര്‍ത്തകള്‍ ഇന്ന് സാധാരണമാണ്. അതുപോലെ വിദേശങ്ങളില്‍ ആകര്‍ഷണീയമായ ജോലികള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്നവരും കുറവല്ല, ഈ പശ്ചാത്തലത്തിലാണ് വിദേശങ്ങളില്‍ ജോലിക്ക് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കായി കേരള സര്‍ക്കാര്‍ വിവിധ പദ്ധതികളുമായി എത്തുന്നത്. ബ്രിട്ടീഷ് മാധ്യമങ്ങള്‍ വരെ അത്തരം നടപടികളെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിക്കഴിഞ്ഞു.
അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങള്‍ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്ന വാര്‍ത്തകള്‍ നിത്യവും വരുന്ന ഇക്കാലത്ത്, സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം എങ്ങനെ സാധ്യമാക്കാം എന്നതിനെ കുറിച്ചുള്ള കേരള സര്‍ക്കാരിന്റെ കൊച്ചിയില്‍ നടത്തിയ പരിശീലന ക്യാമ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഏറ്റവും ഉചിതമായ ഒരു സമയത്താണ് കേരള സര്‍ക്കാര്‍ ഇത്തരത്തിലൊരു ക്യാമ്പ് സംഘടിപ്പിച്ചത് എന്നാണ് ഗാര്‍ഡിയന്‍ പത്രം എഴുതിയിരിക്കുന്നത്.
104 അനധികൃത കുടിയേറ്റക്കാരുമായി ആദ്യ അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയ ഫെബ്രുവരി 5 ന് ആയിരുന്നു ഇത്തരമൊരു പരിശീലന കളരി സംഘടിപ്പിച്ചത് എന്നത് തികച്ചും യാദൃശ്ചികമാകാം. പിന്നീട് ഫെബ്രുവരി 16 നും 17 നും മറ്റ് രണ്ട് വിമാനങ്ങളും കൂടി അനധികൃത കുടിയേറ്റക്കാരുമായി ഇന്ത്യയിലെത്തി. ആരോഗ്യ മേഖലയില്‍ പഠനം പൂര്‍ത്തിയാക്കി പാശ്ചാത്യ രാജ്യങ്ങളിലേക്കും മദ്ധ്യപൂര്‍വ്വ ദേശങ്ങളിലേക്കും കുടിയേറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയായിരുന്നു സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ ഈ പരിശീലന കളരി സംഘടിപ്പിച്ചത്.
വിദേശങ്ങളിലേക്ക് ജോലിക്കായി പോകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, പലരെയും തട്ടിപ്പുകാരായ ഏജന്‍സികള്‍ വളഞ്ഞ വഴിയിലൂടെ പോകാന്‍ പ്രേരിപ്പിക്കുകയാണ്. ഒരു നല്ല വിദേശ റിക്രൂട്ടിംഗ് ഏജന്റ് ഏത്, തട്ടിപ്പുകാര്‍ ആര് എന്ന് തിരിച്ചറിയുക എന്നതാണ് ഇവിടെ പ്രധാനം. ഇതില്‍ ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു പരിശീലന കളരി സംഘടിപ്പിച്ചത്. ഒരു യഥാര്‍ത്ഥ റിക്രൂട്ടിംഗ് കമ്പനിക്ക് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ റിക്രൂട്ട്‌മെന്റ് ലൈസന്‍സ് ഉണ്ടായിരിക്കുമെന്ന് ക്യാമ്പില്‍ വിദ്യാര്‍ത്ഥികളെ പറഞ്ഞു മനസ്സിലാക്കി. മാത്രമല്ല, ബ്ലാക്ക്ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിശദാംശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍ ലഭ്യവുമാണ്.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള നോര്‍ക്ക കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സുരക്ഷിതമായ കുടിയേറ്റത്തിനുള്ള പരിശീലനം നല്‍കുന്നതിനെയും ഗാര്‍ഡിയന്‍ പ്രശംസിക്കുന്നുണ്ട്. ഇപ്പോള്‍ ഈ പരിശീലനത്തിന്‍- കൂടുതല്‍ കൂടുതല്‍ ആളുകള്‍ എത്തുകയാണ്. രണ്ട് വര്‍ഷം മുന്‍പ് വരെ പ്രതിവര്‍ഷം 1000 ല്‍ താഴെ ആളുകള്‍ മാത്രമാണ് പരിശീലനം തേടി എത്തിയിരുന്നതെങ്കില്‍ 2024 ല്‍ 2,250 പേരായിരുന്നു പരിശീലനത്തിന് എത്തിയത്. ലോകത്തിലെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഏറ്റവുമധികം ആരോഗ്യ പ്രവര്‍ത്തകരെ വിദേശത്തേക്ക് അയയ്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
1996 ല്‍ രൂപീകരിക്കപ്പെട്ട നോര്‍ക്ക പക്ഷെ സമീപകാലത്താണ് കുടിയേറ്റ വിഷയങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഓരോ ഇടങ്ങളിലും മലയാളി കൂട്ടായ്മകളിലൂടെ പ്രവാസി മലയാളികള്‍ക്ക് വിവിധ സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും നോര്‍ക്ക് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ജര്‍മ്മന്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടുന്ന ഇന്ത്യയിലെ ആദ്യ ഏജന്‍സിയായി 2021 ല്‍ നോര്‍ക്ക മാറി. അതുവഴി ഇതുവരെ ഏകദേശം 1400 ഓളം മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്.