കോടതിയെയും നിയമം പഠിപ്പിച്ചു; വക്കീലിനെ പറയാന്‍ സമ്മതിക്കാതെ ശബ്ദം ഉയര്‍ത്തി; താന്‍ നിരപരാധിയാണെന്ന് കോടതിയില്‍ വിളിച്ചു പറഞ്ഞു; ഇനിയും വീഡിയോ ചെയ്യുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു; കമ്പ്യൂട്ടര്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ചതും വീഡിയോയാക്കി: ഉറപ്പായും ജാമ്യം ലഭിക്കുമായിരുന്ന കേസില്‍ രാഹുല്‍ ഈശ്വര്‍ കോടതിയെ വെറുപ്പിച്ച് പണി ചോദിച്ചു വാങ്ങിയത് ഇങ്ങനെ

കോടതിയെയും നിയമം പഠിപ്പിച്ചു; വക്കീലിനെ പറയാന്‍ സമ്മതിക്കാതെ ശബ്ദം ഉയര്‍ത്തി

Update: 2025-12-02 05:32 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച കുറ്റത്തെ നിസാരമായി കാണാനാകില്ലെന്ന് വിലയിരുത്തിയാണ് അഡീ. സിജെഎം കോടതി ജാമ്യം നിഷേധിച്ചത്. രാഹുല്‍ ഈശ്വര്‍ സ്വയം കുഴിതോണ്ടിയെന്ന നിഗമനാണ് ഈ ജാമ്യം നിഷേധത്തെ നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്. കസ്റ്റഡിയിലെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ മുതല്‍ രാഹുല്‍ ഈശ്വര്‍ അബദ്ധങ്ങള്‍ കാട്ടിക്കൂട്ടുകുയായിരുന്നു.

പോലീസ് എത്തിയപ്പോള്‍ അവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ലാപ്‌ടോപ്പ് ഒളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേ വീഡിയോ തന്നെ പിന്നീട് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തു. ഈ വീഡിയോ പ്രതി തെളിവു നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവായി മാറുകയാണ് ഉണ്ടായത്. പോലീസ് കസ്റ്റഡിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേ തന്നെ താന്‍ കുറ്റം ചെയ്തില്ലെന്ന് ആവര്‍ത്തിച്ചിരുന്നു രാഹുല്‍. ഇതേ വാദം തന്നെ കോടതിയില്‍ വെച്ചു രാഹുല്‍ വാദിച്ചു.

ജാമ്യാപേക്ഷ പരിഗണിക്കവേ സ്വന്തം അഭിഭാഷകന്‍ ഉണ്ടായിട്ടും വക്കീലിനെ പറയാന്‍ സമ്മാതിക്കാതെ ശബ്ദം ഉയര്‍ത്തി കോടതിയില്‍ സംസാരിച്ചത് രാഹുലായിരുന്നു. താന്‍ നിരപരാധിയാണെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നുമായിരുന്നു രാഹുല്‍ കോടതിയില്‍ പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തിരുന്നത്. കസ്റ്റഡിയിലെടുത്ത ശേഷം ബിഎന്‍എസ് 75(3) വകുപ്പ് കൂടി ചേര്‍ത്തിരുന്നു. ഇത് ജാമ്യമില്ലാ വകുപ്പായിരുന്നു.

ലൈംഗിക ചുവയോടെ സംസാരിച്ചു എന്നതായിരുന്നു കുറ്റം. ഇത്തരം പരാമര്‍ശം നടത്തിയോ എന്ന് കോടതി പരിശോധന നടത്തി. രാഹുല്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്നും കണ്ടെത്തി. ഇത് കൂടാതെ കോടതിയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന വിധത്തില്‍ പരാമര്‍ശങ്ങളും രാഹുല്‍ ഈശ്വറിന്റെ ഭാഗത്തു നിന്നും ഉണ്ടായി. രാഹുല്‍ മാങ്കൂട്ടത്തിലിെ അനികൂലിച്ചു വീഡിയോ ചെയ്യുമെന്ന് ആവര്‍ത്തിക്കുകയാണ് ചെയ്തത്. ഇതെല്ലാം രാഹുല്‍ കുറ്റം ആവര്‍ത്തിക്കാനുള്ള പ്രവണതയിലേക്ക് വിരല്‍ചൂണ്ടുന്നതായി.

കോടതിയില്‍ സ്വന്തം അഭിഭാഷകന്‍ ഉണ്ടായിരിക്കവേ സിനിമാ സ്‌റ്റൈലില്‍ വാദം നടത്തുകയാണ് അദ്ദേഹം ചെയ്തത്. ഇതെല്ലാം ഫലത്തില്‍ രാഹുലിന് തിരിച്ചടിയായി മാറി. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ വ്യക്തി വിവരങ്ങള്‍ പുറത്തേക്ക് വരുന്നത് നിസാരമായി കാണാന്‍ കഴിയില്ലെന്നും കോടതി ഉത്തരവില്‍ ജാമ്യം നിഷേധിച്ചു കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി. നിലവില്‍ കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. പ്രതി പുറത്തിറങ്ങിയാല്‍ ഇനിയും സമാനമായ കുറ്റം നടത്താന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ജാമ്യം നിഷേധിച്ചിരിക്കുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജാമ്യം തള്ളിയതോടെ രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. എന്നാല്‍ തന്റെ അറസ്റ്റ് നിയമപരമല്ലെന്നും അറസ്റ്റിനു ശേഷം ആണ് ജാമ്യമില്ല വകുപ്പ് ചുമത്തിയതെന്നുമായിരുന്നു രാഹുല്‍ ഈശ്വര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിജീവിതയ്ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

രാഹുലിന് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ട്. അന്വേഷണവുമായി മുന്നോട്ട് പോകുന്നതിന് രാഹുലുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടിലടക്കം പരിശോധന നടത്തി ഇലക്ട്രോണിക് ഉപകരണങ്ങല്‍ നിന്നടക്കമുള്ള തെല്‍വുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

പ്രതി നിരന്തരം ഈ രീതിയില്‍ കുറ്റം ആവര്‍ത്തിക്കുന്നയാളാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. എറണാകുളത്തും രണ്ട് കേസുകള്‍ നിലവിലുണ്ട്. മറ്റു ജില്ലകളില്‍ മാറി മാറി താമസിച്ച പ്രതി ഒളിവില്‍ പോകാനും സാധ്യതയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതിനായി മറ്റു ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് സാവകാശം ആവശ്യമുണ്ട്. അതിജീവിതയുടെ ഫോട്ടോ ഉപയോഗിച്ച് തുടര്‍ന്നും ഈ കേസിന് സമാനമായ രീതിയില്‍ കുറ്റം ചെയ്യുവാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

റിമാന്‍ഡിലായ രാഹുല്‍ ജയിലില്‍ ഭക്ഷണം കഴിക്കാതെ സമരം തുടരുകയാണ്. ഭക്ഷണം വേണ്ടെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. ഇന്നലെ വെള്ളം മാത്രമാണ് കുടിച്ചത്. ഇന്നലെ റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണ് ജയിലില്‍ നിരാഹാരമിരിക്കും എന്ന് രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News