'തനിക്കൊന്നും അറിയില്ല, ആള്‍ക്കാര്‍ ഓരോന്ന് കെട്ടിച്ചമയ്ക്കുകയാണ്; ഇല്ലാത്ത കാര്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ല'; ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീനയുടെ മൊഴി തള്ളി നടന്‍ ശ്രീനാഥ് ഭാസി; മെട്രോ നഗരങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി വില്‍ക്കുന്ന യുവതിയുടെ ഫോണ്‍ വിശദമായി പരിശോധിക്കാന്‍ പോലീസ്
'തനിക്കൊന്നും അറിയില്ല, ആള്‍ക്കാര്‍ ഓരോന്ന് കെട്ടിച്ചമയ്ക്കുകയാണ്
ആലപ്പുഴ: ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴി മലയാള സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന നടന്‍മാരിലേക്കാണ്. മുമ്പും ലഹരിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ചാടിയ ശ്രീനാഥ് ഭാസിക്കെതിരെയാണ് ഒരു വെളിപ്പെടുത്തല്‍ ഉണ്ടായത്. ഈ സംഭവത്തില്‍ പ്രതികരിച്ചു കൊണ്ട് നടന്‍ തന്നെ രംഗത്തുവന്നു.
കഞ്ചാവുമായി അറസ്റ്റിലായ യുവതി തന്റെ പേര് പറഞ്ഞതില്‍ പ്രതികരിച്ചാണ് നടന്‍ എത്തിയത്. ഇതിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ആള്‍ക്കാര്‍ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നതാണെന്നും നടന്‍ പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ് ഭാസി വ്യക്തമാക്കി.
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുല്‍ത്താന എന്ന നാല്‍പ്പത്തിമൂന്നുകാരിയാണ് നടന്മാര്‍ക്കും ലഹരി നല്‍കിയെന്ന് എക്സൈസിന് മൊഴി നല്‍കിയത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്.
വിപണിയില്‍ മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാണ് പിടികൂടിയത്. യുവതിയെക്കൂടാതെ സഹായിയായ കെ ഫിറോസിനെയും (26) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ഒരു റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
തസ്ലീന കണ്ണൂര്‍ സ്വദേശിയാണ്. ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ഓണ്‍ലൈന്‍ വഴിയാണ് ലഹരി ഇടപാട് നടത്തിയത്. സിനിമാ മേഖലയിലുള്ളവരെക്കൂടാതെ ആലപ്പുറയിലെ ടൂറിസം മേഖലയിലുള്ള ചിലര്‍ക്കും ലഹരിമരുന്ന് കൈമാറാന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. യുവതിക്കെതിരെ എറണാകുളത്ത് പോക്സോ കേസുണ്ട്. എന്നാല്‍ ഫിറോസിനെതിരെ നിലവില്‍ മറ്റ് കേസുകളൊന്നുമില്ല.
മെഡിക്കല്‍ ആവശ്യത്തിനായി തായ്‌ലന്‍ഡ്, മലേഷ്യ എന്നിവടങ്ങളിലാണ് ഹൈബ്രിഡ് കഞ്ചാവ് നിര്‍മിക്കുന്നത്. ഗ്രാമിന് പതിനായിരത്തോളം രൂപ വരും. സാധാരണ കഞ്ചാവ് ഗ്രാമിന് ആയിരം രൂപയില്‍ കുറവാണ്. തസ്ലിനയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ അടക്കം പരിശോധിക്കാനാണ് പോലീസ് ഒരുങ്ങഉന്നത്. പിടിയിലായ തസ്ലിന സുല്‍ത്താനയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു. തന്റെ കയ്യില്‍ നിന്ന് നേരിട്ട് ലഹരി വസ്തുക്കള്‍ വാങ്ങുന്ന രണ്ട് പേരുടെ വിവരങ്ങളാണ് തസ്ലിന വെളിപ്പെടുത്തിയത്.
ഏതാനും സിനിമകളില്‍ മുഖം കാണിച്ചിട്ടുള്ള ഇവര്‍ക്ക് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ട്. സെക്സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയില്‍ ആയിട്ടുമുണ്ട്. വാട്സാപ്പ് സന്ദേശങ്ങളും സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ നമ്പറുകളും വാട്സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തി. ആലപ്പുഴ ടൂറിസം മേഖലയില്‍ വിതരണം ചെയ്യുന്നതിനാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.