കാന്തിക വികര്‍ഷണത്താല്‍ എങ്ങും തൊടാതെ പൊങ്ങിക്കിടക്കുന്ന പോഡുകള്‍ മിന്നല്‍ വേഗത്തില്‍ കുതിക്കും; കരയില്‍ വിമാനത്തേക്കാള്‍ വേഗതയില്‍ കൂറ്റന്‍ കുഴലിലൂടെ സഞ്ചരിക്കുന്ന ഹൈപ്പര്‍ ലൂപ്പ്; മുംബയ്-പൂനെ യാത്ര 25 മിനിറ്റില്‍ സാദ്ധ്യം! താഴ്ന്ന മര്‍ദ്ദത്തിലെ അത്ഭുതം; മദ്രാസ് ഐഐടിയില്‍ ഗതാഗത വിപ്ലവം ഒരുങ്ങുമ്പോള്‍

Update: 2024-12-07 01:54 GMT

ന്യൂഡല്‍ഹി:കരയില്‍ വിമാനത്തേക്കാള്‍ വേഗതയില്‍ കൂറ്റന്‍ കുഴലിലൂടെ സഞ്ചരിക്കുന്ന ഹൈപ്പര്‍ ലൂപ്പ് ട്രാക്കുകള്‍ ഇന്ത്യയിലുമെത്തും. പരീക്ഷണം വിജയിച്ചാല്‍ ഇപ്പോള്‍ മൂന്ന് മണിക്കൂര്‍ വേണ്ട മുംബയ്-പൂനെ യാത്ര 25 മിനിറ്റില്‍ സാദ്ധ്യമാക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് പരീക്ഷണ ട്രാക്ക് മദ്രാസ് ഐ.ഐ.ടിയുടെ തയ്യൂര്‍ കാമ്പസില്‍ റെയില്‍വേ പൂര്‍ത്തിയാക്കി. ഇതില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തും. ഈ ട്രാക്കിന് 410 മീറ്റര്‍ നീളമാണുള്ളത്. റോഡും, റെയിലും, കപ്പലും വിമാനവും കഴിഞ്ഞാല്‍ അഞ്ചാമത്തെ ഗതാഗത സംവിധാനമായാണ് ഇതിനെ വിലയിരുത്തുന്നത്.

യു.എസ് കോടീശ്വരനും സ്പേസ് എക്സ് ഉടമയുമായ ഇലോണ്‍ മസ്‌ക് 2013-ല്‍ അവതരിപ്പിച്ചതാണ് ഹൈപ്പര്‍ലൂപ്പ് ട്രാന്‍സ്‌പോര്‍ട്ടിംഗ് ആശയം. മദ്രാസ് ഐ.ഐ.ടിയിലെ 76 വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന ആവിഷ്‌കാര്‍ ഹൈപ്പര്‍ ലൂപ്പ് ടീം, അവിടത്തെ സ്റ്റാര്‍ട്ട് അപ്പായ ട്യൂട്ടര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ട്രാക്ക് നിര്‍മ്മിച്ചത്. ആദ്യ പരീക്ഷണങ്ങളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിച്ചു. ഇനി 600 കിലോമീറ്റര്‍ വേഗത പരീക്ഷിക്കും. ഹൈപ്പര്‍ ലൂപ്പ് പരീക്ഷണ ട്രാക്കിന്റെ വിഡിയോ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എക്‌സിലൂടെ പുറത്തുവിട്ടു.

ദീര്‍ഘദൂര കുഴല്‍പാതയും അതിലൂടെ സഞ്ചരിക്കുന്ന പോഡ് സ്റ്റേഷനുകളുമാണ് ( ടെര്‍മിനല്‍) ഘടകങ്ങള്‍. കുതിപ്പ് കാന്തശക്തിയിലാണ്. കുഴലില്‍ മര്‍ദ്ദം കുറവ്. കാന്തങ്ങള്‍ ഉപയോഗിച്ചുള്ള ഗൈഡന്‍സ് ട്രാക്ക് ആണ് ട്യൂബ്. പോഡുകളിലും കാന്തങ്ങള്‍ ഉള്ളതിനാല്‍ മാഗ്നറ്റിക് ലെവിറ്റേഷന്‍ - മാഗ്ലെവ് - തത്വത്തില്‍ പോഡുകള്‍ കുഴലില്‍ എങ്ങും തൊടാതെ കുതിക്കും. കാന്തശക്തിയില്‍ തന്നെ കുതിപ്പും. കുഴല്‍ ഭാഗികമായി ശൂന്യമായതിനാല്‍ ഘര്‍ഷണം തുലോം കുറവ്. വൈദ്യുതിക്ക് ബാറ്ററികള്‍ ഉപയോഗിക്കും.

താഴ്ന്ന മര്‍ദാവസ്ഥയിലുള്ള ഹൈപ്പര്‍ലൂപ്പിലുടെ അസാധാരണമായ വേഗതയില്‍ പോഡുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഓരോ പോഡിലും 2428 യാത്രക്കാരെ കൊണ്ടുപോകാന്‍ സാധിക്കുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് സാങ്കേതിക വിദ്യയിലൂടെ പോയിന്റ് ടു പോയിന്റ് യാത്ര വേഗത്തിലാക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതിലൂടെ യാത്രാമേഖലയില്‍ വലിയ വിപ്ലവമായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്നാണ് വിലയിരുത്തുന്നത്.

തൂണുകളില്‍ സ്ഥാപിക്കുന്ന ഭീമന്‍ കുഴലിലൂടെ (ട്യൂബ്) കുതിക്കുന്ന 'പോഡ്' ആണ് ഹൈപ്പര്‍ലൂപ്പ് ട്രെയിന്‍. സാധാരണ ട്രെയിന്‍ പോലെ പാളങ്ങളോ, കമ്പാര്‍ട്ട്മെന്റുകള്‍ക്ക് ചക്രങ്ങളോ ഇല്ല. ട്യൂബിലെ മര്‍ദ്ദം വളരെ കുറഞ്ഞ കാന്തിക മണ്ഡലത്തില്‍, കാന്തിക വികര്‍ഷണത്താല്‍ എങ്ങും തൊടാതെ പൊങ്ങിക്കിടക്കുന്ന പോഡുകള്‍ മിന്നല്‍ വേഗത്തില്‍ കുതിക്കുന്ന മാഗ്നറ്റിക് ലെവിറ്റേഷന്‍ (മാഗ്ലെവ്) സാങ്കേതിക വിദ്യയാണിത്.

ഒരു വിമാനത്തേക്കാളും പത്ത് മടങ്ങ് അധികം വേഗതയില്‍ യാത്ര ചെയ്യാന്‍ സാധിക്കും. നിലവിലുള്ള ഏതൊരു ബുള്ളറ്റ് ട്രെയിനിനേക്കാലും 40 ശതമാനം പ്രവര്‍ത്തന ശക്തി ഇതിന് കൂടുതലാണ്. പദ്ധതി ലക്ഷ്യം കണ്ടാല്‍ മണിക്കൂറില്‍ 16,000 മുതല്‍ 20,000 വരെ യാത്രക്കാരെ ഒരു ദിശയിലേക്ക് മാത്രം കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

വായുവിന്റെ സമ്മര്‍ദ്ദം പ്രത്യേകമായി സജ്ജീകരിച്ച കുഴലുകളാണ് ഹൈപ്പര്‍ലൂപ്പുകള്‍. വായു വലിച്ചെടുത്ത ശേഷമാണ് സ്റ്റീല്‍ ട്യൂബുകള്‍ ഉള്ളില്‍ സ്ഥാപിക്കുക. ഈ സ്റ്റീല്‍ ട്യൂബുകളെ കുറഞ്ഞ മര്‍ദത്തിലുള്ള വായു നിറഞ്ഞ ട്യൂബിലൂടെ കാന്തിക ബലത്തിന്റെ സഹായത്തില്‍ മുന്നോട്ട് തള്ളും. അങ്ങനെയാണ് പ്രവര്‍ത്തനം. 2022 മാര്‍ച്ചിലായിരുന്നു ഐ.ഐ.ടി മദ്രാസ് ഹൈപ്പര്‍ലൂപ്പ് പ്രോജക്ടുമായി ഇന്ത്യന്‍ റെയില്‍വേയെ സമീപിച്ചത്. 8.34 കോടിയാണ് പദ്ധതി ചിലവ്.

ഈ ട്രാക്കിലൂടെ 600 കി.മി വേഗതിയില്‍വരെയുള്ള പരീക്ഷണം നടത്താനാവുമെന്നാണ് ബന്ധപ്പെട്ടവര്‍ അവകാശപ്പെടുന്നത്. മാത്രമല്ല ഭാവി ഹൈപ്പര്‍ലൂപ്പ് വികസനവുമായി ബന്ധപ്പെട്ട് ഗവേഷണങ്ങള്‍ക്കെല്ലാം 'ടെസ്റ്റ്ബെഡ്' ആയി ഇതിനെ മാറ്റാമെന്നും ഐ.ഐ.ടി ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News