ബത്തേരി അര്‍ബന്‍ ബാങ്കില്‍ താന്‍ പറയുന്ന ആള്‍ക്ക് നിയമനം നല്‍കണം: ഐ സി ബാലകൃഷ്ണന്റെ ശുപാര്‍ശ കത്ത് പുറത്ത്; ലെറ്റര്‍ പാഡിലെ ശുപാര്‍ശ ഡിസിസി അദ്ധ്യക്ഷനായിരിക്കെ; ജനുവരി 15 വരെ അറസറ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടതോടെ താന്‍ ഒളിവിലല്ലെന്ന് എം എല്‍ എ
ഐ സി ബാലകൃഷ്ണന്റെ ശുപാര്‍ശ കത്ത് പുറത്ത്
കല്‍പറ്റ: വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍, ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെ താന്‍ ഒളിവില്‍ അല്ലെന്ന് സുല്‍ത്താന്‍ ബത്തേരി എം എല്‍ എ ഐ സി ബാലകൃഷ്ണന്‍ വ്യക്തമാക്കി. വ്യക്തിപരമായ ആവശ്യത്തിന് താന്‍ കര്‍ണാടകയിലാണ്. രണ്ടുദിവസത്തിനകം താന്‍ വയനാട്ടില്‍ തിരിച്ചെത്തുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.
ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഐ സി ബാലകൃഷ്ണന്‍, വയനാട് ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നിവരെ ജനുവരി 15 വരെ അറസ്റ്റുചെയ്യരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കിയതായി പ്രതിഭാഗം അഭിഭാഷകന്‍ ടി.എം. റഷീദ് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പോലീസിന് നിര്‍ദേശം നല്‍കിയത്.
വ്യാഴാഴ്ചയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച കേസ് പരിഗണിച്ച കോടതി 15-ന് കേസ് ഡയറി ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. അതുവരെ അറസ്റ്റുചെയ്യരുതെന്ന് വാക്കാല്‍ നിര്‍ദേശവും നല്‍കി. 15-ന് വിശദമായ വാദം കേള്‍ക്കും. അന്ന് കോടതി രേഖകള്‍ പരിശോധിക്കും. അതിന് ശേഷമേ കോടതി കേസിന്റെ മെറിറ്റിലേക്ക് കടക്കുകയുള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകന്‍ ടി.എം. റഷീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്‍.എം.വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്ത കേസിലാണ് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, ഡി.സി.സി. മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥ്, അന്തരിച്ച മുന്‍ ഡി.സി.സി. പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തത്. കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ വിജയന്‍ എഴുതിയ കത്തില്‍ ഇവരുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ ലഭിച്ച മൊഴികളും നേതാക്കളെ പ്രതി ചേര്‍ക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം.
അതിനിടെ, ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നല്‍കിയ ശുപാര്‍ശ കത്ത് പുറത്ത് വന്നു. 2021 ല്‍ ബാങ്കില്‍ താന്‍ പറയുന്ന ആള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ ലെറ്റര്‍ പാഡില്‍ നല്‍കിയ ശുപാര്‍യുടെ പകര്‍പ്പാണ് പുറത്തുവന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്റെ മകള്‍ക്ക് അര്‍ബന്‍ ബാങ്കില്‍ സ്വീപ്പര്‍ പോസ്റ്റിലേക്ക് നിയമനം നല്‍കണമെന്നാണ് കത്തിലെ നിര്‍ദേശം. 2021ല്‍ ഐ സി ബാലകൃഷ്ണന്‍ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു.
ഐസി ബാലകൃഷ്ണന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും കെ കെ ഗോപിനാഥും വയനാട് ജില്ലയില്‍ ഇല്ലെന്നാണ് വിവരം. നേതാക്കളുടെ മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത് നിലയിലാണ്. എന്‍ഡി അപ്പച്ചന്‍ ഇന്നലെ തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐസി ബാലകൃഷ്ണന്‍ തിരുവനന്തപുരത്താണെന്ന് എംഎല്‍എയുടെ ഓഫീസ് പറയുന്നു. കേസില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. മൂന്ന് പ്രതികളും ജില്ല വിട്ടത് ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. മൂവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്.
വിഷം കഴിച്ചു മരിക്കുന്നതിന് മുന്‍പ് മൂത്ത മകന്‍ വിജേഷിന് എഴുതിയ കത്തിലാണ് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വിജയന്‍ വ്യക്തമാക്കുന്നത്. കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എഴുതിയ കത്തിലാണ് പാര്‍ട്ടി നേതാക്കളുടെ വഞ്ചയനയെപ്പറ്റി വിജയന്‍ പറയുന്നത്. ഐ സി ബാലകൃഷ്ണനും എന്‍ ഡി അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് വെളിപ്പെടുത്തിയിരുന്നു. നിയമനത്തിന് പണം വാങ്ങിയത് എം എല്‍ എ ആണെന്ന് ആരോപിക്കുന്ന കത്തില്‍ ഈ വിവരങ്ങളെല്ലാം കെ പി സി സി നേതൃത്വത്തിന് അറിയാമെന്നും പറയുന്നുണ്ട്.
ഡി സി സി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കള്‍ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാന സ്വഭാവമുള്ള കത്തുകള്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും സ്വന്തം കൈപ്പടയില്‍ എഴുതി സൂക്ഷിച്ചിരുന്നു. ഈ കത്തുകളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാകേസ് എടുത്തത്. ഈ കത്തിലെ ഫോറന്‍സിക് പരിശോധന നിര്‍ണ്ണായകമാണ്. ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എന്‍ എം വിജയന്‍ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്തും കുടുംബം പുറത്തുവിട്ടിരുന്നു. ഇതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.
ആത്മഹത്യാപ്രേരണ കൂടി ഉള്‍പ്പെടുത്തിയതോടെ കേസ് മാനന്തവാടി സബ് ഡിവിഷന്‍ കോടതിയില്‍ നിന്ന് ബത്തേരി കോടതിയിലേക്ക് മാറ്റാന്‍ പോലീസ് അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറുന്നത്.