സിപിഎം സൈബര്‍ വിഭാഗത്തില്‍ നികേഷ് കുമാറിനെതിരെ പടയൊരുക്കം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു; പടിയിറങ്ങിയത് ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാര്‍; പിണറായിയ്ക്കും അതൃപ്തിയെന്ന് റിപ്പോര്‍ട്ട്; നികേഷ് കുമാറിന് കണ്ണൂരില്‍ ഉറച്ച മണ്ഡലം കിട്ടില്ലേ? പാര്‍ട്ടിക്കുള്ളില്‍ നികേഷിന് കിട്ടുന്ന അമിത പ്രാധാന്യം വിനയായോ?

Update: 2026-02-19 05:16 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന്റെ സൈബര്‍ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ രൂപീകരിച്ച സോഷ്യല്‍ മീഡിയ ടീമില്‍ വന്‍ പൊട്ടിത്തെറി. വിഭാഗത്തിന്റെ ചുമതലയുള്ള എം.വി. നികേഷ് കുമാറിന്റെ ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീമില്‍ നിന്നും പടിയിറങ്ങി. ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍മാരായ കെ.വി. സുധാകരന്‍, കെ. മോഹന്‍ദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് ടീം വിട്ടത്.

പാര്‍ട്ടിക്കുള്ളില്‍ നികേഷ് കുമാറിന് ലഭിക്കുന്ന അമിത പ്രാധാന്യത്തിലും ഏകപക്ഷീയമായ തീരുമാനങ്ങളിലുമുള്ള അതൃപ്തിയാണ് രാജിക്കു പിന്നിലെന്നാണ് സൂചന. കണ്ണൂരിലെ സുരക്ഷിത മണ്ഡലത്തില്‍ നികേഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സൈബര്‍ ടീമിലെ ഈ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നത്. കുറച്ചു ദിവസമായി നികേഷിനെതിരേയും സൈബര്‍ ആക്രമണമുണ്ട്. എംവി രാഘവന്റെ മകന്‍ സിപിഎമ്മിനെ തോല്‍പ്പിക്കുമെന്ന തരത്തിലായിരുന്നു പ്രചരണം. അതിനിടെയാണ് പൊട്ടിത്തെറി വാര്‍ത്തയും വരുന്നത്.

അതേസമയം, പാര്‍ട്ടിയുടെ സൈബര്‍ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നില്ലെന്ന വിലയിരുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് ഇടപെട്ടാണ് നികേഷ് കുമാറിനെ എകെജി സെന്ററിലെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലപ്പത്ത് എത്തിച്ചത്. എന്നാല്‍ സമീപകാലത്തെ മേഖലാ ജാഥകളുടെ പ്രചാരണം പരാജയപ്പെട്ടുവെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. നികേഷ് കുമാറിനെ സംരക്ഷിക്കുന്നത് എം.വി. ഗോവിന്ദനാണെന്ന വികാരം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.

ടെലിവിഷന്‍ ചര്‍ച്ചകളുടെ മാതൃകയില്‍ എകെജി സെന്ററില്‍ നിന്നും സംവാദങ്ങള്‍ സംഘടിപ്പിക്കാനും അത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാനുമായിരുന്നു പാര്‍ട്ടിയുടെ പദ്ധതി. ഇതിനായി കണ്ടന്റ് റൈറ്റര്‍മാരും എഡിറ്റര്‍മാരും ഉള്‍പ്പെടെ 45 പേരടങ്ങുന്ന വലിയൊരു സംഘത്തെത്തന്നെ സജ്ജമാക്കിയിരുന്നു. 'റിസര്‍ച്ച് എ ടോപ്പിക്' എന്ന പേരില്‍ രാഷ്ട്രീയ എതിരാളികളുടെ വാദങ്ങളെ മുനയൊടിക്കാനായിരുന്നു നീക്കം. എന്നാല്‍, പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് പാര്‍ട്ടി പ്രവര്‍ത്തനത്തിനിറങ്ങിയ നികേഷിന്റെ പ്രവര്‍ത്തന ശൈലി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.

പാര്‍ട്ടിയുടെ കടുത്ത അനുഭാവികള്‍ പോലും സോഷ്യല്‍ മീഡിയ ഇടപെടലുകളിലെ പോരായ്മകള്‍ പരസ്യമായി ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഈ രാജികള്‍. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സൈബര്‍ വിഭാഗം പരാജയപ്പെടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയുണ്ടായ ഈ പൊട്ടിത്തെറി പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ടിവിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തനം നികേഷ് ഏറ്റെടുത്തത്. മുഖ്യമന്ത്രിയുടെ പിന്തുണ ആ ഘട്ടത്തിലുണ്ടായിരുന്നു.

എന്നാല്‍ സൈബര്‍ സഖാക്കളുടെ ഇടപെടലുകള്‍ പൊതുജന വികാരം എതിരാക്കുന്നുവെന്ന അഭിപ്രായം പാര്‍ട്ടിയ്ക്കുള്ളില്‍ ശക്തമാണ്. പല ക്യാപ്‌സ്യൂളുകളും ചീറ്റി പോയി. ഇതോടെ നികേഷിനെതിരായ വികാരം പാര്‍ട്ടിയില്‍ ശക്തമാകുകയാണെന്നാണ് സൂചന.

Tags:    

Similar News