ഉത്തരേന്ത്യയെ സംഘര്‍ഷഭരിതമാക്കി 'ഐ ലവ് മുഹമ്മദ്' കാമ്പയിന്‍; കാണ്‍പൂരിലും, ബറേലിയിലും, ഗാന്ധി നഗറിലും സംഘര്‍ഷം; മൗലവിമാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റില്‍; പകരമെന്നോണം 'ഐ ലവ് മഹാദേവ്' കാമ്പയിനും; നവരാത്രി ആഘോഷങ്ങള്‍ക്കിടെ സംഘര്‍ഷം പടരുമെന്ന് ആശങ്ക

ഉത്തരേന്ത്യയെ സംഘര്‍ഷഭരിതമാക്കി 'ഐ ലവ് മുഹമ്മദ്' കാമ്പയിന്‍

Update: 2025-09-27 17:10 GMT

സാമുദായിക സംഘര്‍ഷങ്ങളുടെ ഭീതി അടങ്ങിയിട്ടില്ലാത്ത നാടാണ് ഉത്തരേന്ത്യ. വിഭജനം തൊട്ട് തുടങ്ങിയ മതസംഘര്‍ഷങ്ങളുടെ ഭീതി ഇന്നും നിലനില്‍ക്കുന്ന നാട്. പക്ഷേ ഇടക്കാലത്ത്, യുപിയും ഗുജറാത്തും ബിഹാറുമടക്കമുള്ള ഉത്തരേന്ത്യന്‍ മണ്ണില്‍ വലിയ തോതിലുള്ള സമാധാനം നിലനിന്നിരുന്നു. എന്നാല്‍ ഈ സെപ്തംബര്‍ ആദ്യം തുടങ്ങിയ 'ഐ ലവ് മുഹമ്മദ്' എന്ന കാമ്പയിനിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ വീണ്ടും സാമുദായിക സംഘര്‍ഷം തുടങ്ങിയിരിക്കയാണെന്ന് എന്‍ഡിടിവിയും ഇന്ത്യാടുഡെയും അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്തംബര്‍ നാലിന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നടന്ന ഈദ്-ഇ-മിലാദ്-ഉന്‍-നബി പരിപാടിയിലാണ് വിവാദങ്ങള്‍ക്ക് തുടക്കം. നബിദിന പരിപാടി പോകുന്ന വഴിയില്‍ 'ഐ ലവ് മുഹമ്മദ്' എന്ന പോസ്റ്റര്‍ പതിച്ചിരുന്നു. നവരാത്രി പോലുള്ള ഹിന്ദു ആഘോഷങ്ങള്‍ സ്ഥിരമായി നടക്കുന്ന സ്ഥലത്ത് മനപ്പൂര്‍വം പോസ്റ്റര്‍ പതിച്ചെന്നായിരുന്നു പ്രാദേശിക ഹിന്ദു സംഘടനകളുടെ ആരോപണം. ഈ തര്‍ക്കമാണ് പിന്നീട് സംഘര്‍ഷമായി മാറിയത്. തങ്ങളുടെ പോസ്റ്ററുകള്‍ കീറിയെറിഞ്ഞെന്ന് ഹിന്ദുക്കള്‍ ആരോപിച്ചു. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിച്ചതിനാലാണ് തങ്ങളെ ലക്ഷ്യം വെക്കുന്നതെന്ന് മുസ്ലിങ്ങളും ആരോപിച്ചു. പിന്നാലെ, ഐ ലവ് മുഹമ്മദ് എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

'ഐ ലവ് മഹാദേവ്' കാമ്പയിനും

ഹാഷ് ടാഗുകള്‍ ട്രെന്റിങ്ങായതിനു പിന്നാലെ കാമ്പയിന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇതോടെ സംഘര്‍ഷവും വര്‍ധിക്കയാണ്. കഴിഞ്ഞയാഴ്ച ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഗാന്ധി നഗറിലെ ബഹിയാല്‍ ഗ്രാമത്തില്‍ വാട്സാപ്പ് സ്റ്റാറ്റസിന്റെ പേരിലാണ് സംഘര്‍ഷം തുടങ്ങിയത്. സംഭവത്തില്‍ നിരവധി നാശ നഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 60 ഓളം പേരെ അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സ്റ്റാറ്റസ് ഇട്ട വ്യക്തിയുടെ കടയുടെ ഷട്ടര്‍ പ്രതിഷേധക്കാര്‍ തകര്‍ത്ത് അകത്ത് കയറി മുഴുവന്‍ സാധനങ്ങളും പുറത്തെടുത്ത് കത്തിച്ചു. നിരവധി കടകള്‍ക്ക് തീ വെച്ചു. ഇരുവശത്തു നിന്നും കല്ലേറുണ്ടായി. സ്വകാര്യ വാഹനങ്ങള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്തു,നിലവില്‍ സംഘര്‍ഷം നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ 70 ഓളം പേരെ അറസ്റ്റ് ചെയ്ത

'ഐ ലവ് മുഹമ്മദ്'എന്ന് എഴുതിയ പോസ്റ്റര്‍ കീറിയതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ദാവന്‍ഗിരിയില്‍ ഇരുവിഭാഗങ്ങളും കല്ലേറ് നടത്തി. 'ഐ ലവ് മുഹമ്മദ്' പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് വാരണാസിയില്‍ ഹിന്ദുമത നേതാക്കളുടെ നേതൃത്വത്തില്‍ 'ഐ ലവ് മഹാദേവ്' പ്ലക്കാര്‍ഡുകളുമായി പ്രതിഷേധ കാമ്പയിനും നടന്നു. ഉത്തര്‍പ്രദേശിലെ ഉന്നാവ്, മഹാരാജ് ഗഞ്ജ് ,ലഖ്നൗ, കൗസംബി എന്നിവിടങ്ങളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുപിയിലും സംഘര്‍ഷം

യുപിയിലെ ബറേലിയില്‍ ഐ ലവ് മുഹമ്മദ് ക്യാമ്പയിന്റെ മറവില്‍ സംഘര്‍ഷമുണ്ടായി. കല്ലേറില്‍ 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു. ലാത്തി ചാര്‍ജ് നടത്തിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമാണ് പൊലീസ് കലാപകാരികളെ ഒതുക്കിയത്. സംഘര്‍ഷം കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹത്തെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു. സംഘര്‍ഷ പ്രദേശത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെത്തി. 30 കലാപകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 50 ലധികം പേര്‍ കസ്റ്റഡിയിലാണ്. 1,700 പേര്‍ക്കെതിരെ കലാപം, സര്‍ക്കാര്‍ ജോലി തടസപ്പെടുത്തല്‍, പൊലീസുകാര്‍ക്കെതിരായ അക്രമം എന്നീ വകുപ്പുകള്‍ പ്രകാരം കേസുമെടുത്തിട്ടുണ്ട്. കലാപത്തിന്റെ സൂത്രധാരന്‍ ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ (ഐഎംസി) മേധാവി മൗലാന തൗഖീര്‍ റാസ ഖാനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പറയുന്നു.

സെപ്തംബര്‍ 4 ന് കാണ്‍പൂരിലുണ്ടായ സംഘര്‍ഷം ബറേലി, മൗ എന്നിവയുള്‍പ്പെടെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. ബറേലിയിലും സംഘാര്‍ഷാവസ്ഥ രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്നാല്‍ ഇത് മറികടന്ന് ദര്‍ഗ-ഇ-അല ഹസ്രത്തിയിലെ പുരോഹിതന്‍ തൗഖീര്‍ റാസയുടെ ആഹ്വാനം പ്രകാരം വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം കലാപകാരികള്‍ ഒത്തുകൂടി. ഐ ലവ് മുഹമ്മദ് എന്ന ബാനറുമായി നഗരത്തില്‍ റാലി നടത്തി. ഇതിനിടെയാണ് പ്രദേശത്ത് വ്യന്യസിച്ചിരുന്നു പൊലീസിന് നേരെ കലാപകാരികള്‍ കല്ലേറ് നടത്തിയത്.

വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടന്നതെന്നാണ് ഡിഐജി അജയ് കുമാര്‍ പറഞ്ഞു.കാമ്പയിനെ പിന്തുണച്ച് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിനാണ് തൗഖീര്‍ റാസയെ കസ്റ്റഡിയിലെടുത്തത് എന്ന് ഡിഐജ പറഞ്ഞു. വീഡിയോ പങ്കുവച്ചതിനു പിന്നാലെ, കാമ്പയിനു പിന്തുണ അറിയിച്ച് വലിയ ജനക്കൂട്ടമാണ് റാസയുടെ വീടിനു മുന്നില്‍ തടിച്ചുകൂടിയത്.

Tags:    

Similar News