കൊല്ലം സ്‌കൂളിലെ ഷോക്കേറ്റ് മരണത്തില്‍ സിപിഎം മാനേജ്‌മെന്റിനെ പ്രതിക്കൂട്ടിലാക്കി; സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയെ അംഗീകരിച്ചില്ല; പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്കും ഡയറക്ടര്‍ക്കും സ്ഥാനചലനം; കോട്ടയത്തും ഇടുക്കിയിലും എറണാകുളത്തും പാലക്കാടും പുതിയ കളക്ടര്‍മാര്‍; തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങി സര്‍ക്കാര്‍; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

Update: 2025-07-30 01:00 GMT

തിരുവനന്തപുരം: ഐഎഎസ് തലത്തില്‍ അഴിച്ചു പണി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മാറ്റം. നാലു ജില്ലകളില്‍ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റി. 25 ഉദ്യോഗസ്ഥര്‍ക്കു മാറ്റമുണ്ട്. ജി.പ്രിയങ്ക(എറണാകുളം), എം.എസ്.മാധവിക്കുട്ടി(പാലക്കാട്), ചേതന്‍കുമാര്‍ മീണ(കോട്ടയം) ഡോ.ദിനേശന്‍ ചെറുവത്ത്(ഇടുക്കി) എന്നിവരാണു പുതിയ കലക്ടര്‍മാര്‍.പൊതുവിദ്യാഭ്യാസ സെക്രട്ടറിയായി ഡോ.കെ.വാസുകിയെയും തൊഴില്‍ വകുപ്പില്‍ സ്‌പെഷല്‍ സെക്രട്ടറിയായും എസ്.ഷാനവാസിനെയും നിയമിച്ചു. ഷീബാ ജോര്‍ജിനെ ആരോഗ്യവകുപ്പില്‍ അഡിഷനല്‍ സെക്രട്ടറിയായും ബി.അബ്ദുല്‍നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡിഷനല്‍ സെക്രട്ടറിയായും നിയമിച്ചു. കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സിപിഎം നേതൃത്വത്തിലുള്ള മാനേജ്‌മെന്റിനെതിരെ നടപടി എടുത്തിരുന്നു. ഈ സാഹചര്യത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പിലെ മാറ്റം ശ്രദ്ധേയമാണ്. പൊതു വിദ്യാഭാസ ഡയറക്ടറേയും മാറ്റി. രണ്ടും പദവിയിലും ഒരേ സമയം മാറ്റം വരുത്തുന്നത് അത്യപൂര്‍വ്വമാണ്. സ്‌കൂള്‍ സമയ മാറ്റത്തില്‍ സമസ്തയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്തത് അടക്കം മാറ്റത്തിന് കാരണമായെന്ന് വിലയിരുത്തലുണ്ട്. വിദ്യാഭ്യസ മന്ത്രി ശിവന്‍കുട്ടിയുടെ വിശ്വസ്തരാണ് പദവി മാറുന്നത്.

ഡോ.എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ അഡിഷനല്‍ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി ചുമതലയും വഹിക്കും. എ.ഗീതയെ ഹൗസിങ് ബോര്‍ഡിന്റെയും നിര്‍മിതി കേന്ദ്രത്തിന്റെയും ഡയറക്ടര്‍ ചുമതലയില്‍ നിയമിച്ചു. ജെറോമിക് ജോര്‍ജിനെ തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറായി നിയമിച്ചു. എന്‍.എസ്.കെ.ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ മാനേജിങ് ഡയറക്ടറുടെ ചുമതലയും വഹിക്കും.വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡിഷനല്‍ സെക്രട്ടറിയായി നിയമിച്ചു. ജോണ്‍ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡല്‍ഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷനല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് ഇതിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. എറണാകുളം ജില്ലാ കളക്ടറായിരുന്ന എന്‍.എസ്.ഉമേഷാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍.

കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോണ്‍ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കി. ന്യൂഡല്‍ഹിയില്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറായിരുന്ന ചേതന്‍കുമാര്‍ മീണയാണ് കോട്ടയത്തെ പുതിയ കളക്ടര്‍. തൊഴിലുറപ്പ് പ്ദ്ധതി മിഷന്‍ ഡയറക്ടറായിരുന്ന എ.നിസാമുദ്ദീനെ കിലയുടെ ഡയറക്ടറായും രജിസ്ട്രേഷന്‍ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണല്‍ ഡയറക്ടറായും മാറ്റി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി ആയിരുന്ന ഡോ.അശ്വതി ശ്രീനിവാസിനെ ന്യൂഡല്‍ഹിയിലെ അഡീഷണല്‍ റെസിഡന്റ് കമ്മിഷണറാക്കി. പിന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ഡയറക്ടറായ ഡോ.ജെ.ഒ.അര്‍ജുനെ വയനാട് ടൗണ്‍ഷിപ്പ് പ്രോജക്ട് സിഇഒ ആയി നിയമിച്ചു.

ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ കെ.മീരയെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടറായും ഒറ്റപ്പാലം സബ്കളക്ടര്‍ ഡോ.മിഥുന്‍ പ്രേമരാജിനെ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മാനന്തവാടി സബ്കളക്ടര്‍ മിസാല്‍ സാഗര്‍ ഭരതിനെ പിന്നാക്ക സമുദായ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറിയാക്കി. കോഴിക്കോട് സബ്കളക്ടര്‍ ഹരീഷ് ആര്‍.മീണയെ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറാക്കി. ദേവികുളം സബ്കളക്ടറായിരുന്ന വി.എം. ജയകൃഷ്ണനായിരിക്കും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ പുതിയ എംഡി. കോട്ടയം സബ്കളക്ടര്‍ ഡി.രഞ്ജിത്തിനെ തൊഴിലുറപ്പ് പദ്ധതി മിഷന്‍ ഡയറക്ടറായും പെരിന്തല്‍മണ്ണ സബ്കളക്ടറായിരുന്ന അപൂര്‍വ ത്രിപാഠിയെ ലൈഫ് മിഷന്‍ സിഇഒയായും നിയമിക്കും. ഷീബാ ജോര്‍ജിനെ ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാക്കി.

മസൂറിയില്‍ രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയാക്കിയെത്തുന്ന മുറയ്ക്ക് അന്‍ജീത് കുമാറിനെ ഒറ്റപ്പാലത്തും അതുല്‍ സാഗറിനെ മാനന്തവാടിയിലും ആയുഷ് ഗോയലിനെ കോട്ടയത്തും വി.എം.ആര്യയെ ദേവികുളത്തും എസ്.ഗൗതംരാജിനെ കോഴിക്കോട്ടും ഗ്രന്ഥേ സായികൃഷ്ണയെ ഫോര്‍ട്ട് കൊച്ചിയിലും സാക്ഷി മോഹനനെ പെരിന്തല്‍മണ്ണയിലും സബ്കളക്ടര്‍മാരായി നിയമിക്കും.

Tags:    

Similar News