ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ കേസില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ്; ജാമ്യഹര്‍ജിയിലെ സുകാന്തിന്റെ വാദങ്ങള്‍ തള്ളി യുവതിയുടെ കുടുംബം; ഒളിവിലുള്ള ഐബി ഉദ്യോഗസ്ഥനെ കണ്ടാത്താന്‍ കഴിയാതെ പൊലീസ്
സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ട്രെയിന് മുന്നില്‍ചാടി ജീവനൊടുക്കിയ കേസില്‍ യുവതിയുടെ സുഹൃത്തായിരുന്ന സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. സുകാന്ത് സുരേഷിനെ കഴിഞ്ഞ ദിവസം കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുമുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
ഐബി ഉദ്യോഗസ്ഥ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിന്റെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. മകള്‍ അതിക്രമം നേരിട്ടതിന്റെ തെളിവുകള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ പേട്ട പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. മകള്‍ സുകാന്തില്‍നിന്നു ലൈംഗികാതിക്രമം നേരിട്ടതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ രേഖകളടക്കമാണ് പിതാവ് പോലീസിനു കൈമാറിയത്. ബാഗില്‍നിന്നു കണ്ടെടുത്ത ബാങ്ക് രേഖകളും പോലീസിനു നല്‍കി.
യുവതി ഒരു കൂട്ടുകാരിക്കൊപ്പം ആശുപത്രിയിലെത്തിയാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്. ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ കുടുംബം വിവരം പൊലീസില്‍ അറിയിച്ചത്. യുവതി ഗര്‍ഭച്ഛിദ്രം നടത്തിയെന്ന വിവരം കുടുംബം അറിയുന്നതും അപ്പോഴാണ്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. യുവതിയുടെ ബാഗില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിന് ലഭിച്ചിരുന്നു.
സുകാന്ത് മകളെ സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും പിതാവ് ആരോപിച്ചിരുന്നു. ഫോണ്‍ രേഖകള്‍ക്ക് പുറമേ മകളുടെ ബാഗില്‍ നിന്നു ലഭിച്ച തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. സുകാന്ത് 3.5 ലക്ഷം രൂപയോളം മകളില്‍ നിന്നു തട്ടിയെടുത്തു. ശമ്പളം മുഴുവന്‍ എട്ടുമാസമായി സുകാന്ത് തട്ടിയെടുക്കുകയായിരുന്നെന്ന് അച്ഛന്‍ പറയുന്നു. ഇക്കാര്യം കാണിച്ച് അദ്ദേഹം ഐബി, എഡിജിപി, പേട്ട പോലീസ് സ്റ്റേഷന്‍, കൂടല്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതിയും നല്‍കിയിരുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുകയാണ്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി.
എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ ഐ ബി ഉദ്യോഗസ്ഥനാണ് സുകാന്ത്.മരിച്ച ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായി സുകാന്ത് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിക്കുകയും ചെയ്തിരുന്നു. യുവതിയുടെ മരണത്തോടെ താന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ സുകാന്ത് പറയുന്നു. യുവതിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിഞ്ഞു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്റെ വാദം.
എന്നാല്‍ സുകാന്തിന്റെ വാദങ്ങള്‍ പത്തനംതിട്ടയിലെ യുവതിയുടെ കുടുംബം തള്ളി. വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറിയ യുവാവ്, മകളെ ചൂഷണം ചെയ്യുകയായിരുന്നു. മകള്‍ ഗര്‍ഭഛിദ്രം നടത്തിയതായി പൊലീസില്‍ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗര്‍ഭചിദ്രം. ഇതടക്കം ചൂഷണത്തിന്റെ തെളിവുകള്‍ പൊലീസ് കൃത്യമായ കോടതിയില്‍ ഹാജരാക്കുമെന്നാണ് പ്രതീക്ഷയെന്നും അച്ഛന്‍ പറഞ്ഞു. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിശദമായ വാദം നടക്കേണ്ടതുണ്ട്. അടുത്ത ദിവസം പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കും. യുവതിയുടെ കുടുംബവും പ്രത്യേകം അഭിഭാഷകനെ നിയോഗിക്കുമെന്നാണ് വിവരം.
സുകാന്തിനെ പിടികൂടാന്‍ പൊലീസ് കൊച്ചിയിലും മലപ്പുറത്തും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. യുവതിയുടെയും സുകാന്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ച് വരികയാണ്.