വലിയ സ്വപ്‌നങ്ങളുമായി ഡങ്കി റൂട്ടിലൂടെ യുഎസില്‍ എത്തിയ 119 ഇന്ത്യാക്കാരെ കൂടി മടക്കി അയച്ചു; രണ്ടുപ്രത്യേക വിമാനങ്ങള്‍ പുറപ്പെട്ടു; ആദ്യ വിമാനം ശനിയാഴ്ച അമൃത്സറില്‍ പറന്നിറങ്ങും; അനധികൃത കുടിയേറ്റക്കാരുടെ രണ്ടാമത്തെ ബാച്ചിനെ നാടുകടത്തുന്നത് മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ

ഡങ്കി റൂട്ടിലൂടെ യുഎസില്‍ എത്തിയ 119 ഇന്ത്യാക്കാരെ കൂടി മടക്കി അയച്ചു

Update: 2025-02-14 10:04 GMT

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി രണ്ട് പ്രത്യേക വിമാനങ്ങള്‍ കൂടി യുഎസില്‍ നിന്ന് പുറപ്പെട്ടു. പഞ്ചാബിലെ അമൃത്സറിലായിരിക്കും ഈ വിമാനങ്ങള്‍ പറന്നിറങ്ങുകയയെന്ന് വിദേശകാര്യ മന്ത്രാലയം, വ്യോമയാന ബ്യൂറോയ്ക്ക് രേഖാമൂലം അയച്ച അറിയിപ്പില്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായുളള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനധികൃത കുടിയേറ്റക്കാരുടെ വിഷയം ഉന്നയിക്കുകയും അനധികൃതമായി യുഎസില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരുണ്ടെങ്കില്‍ അവരെ തിരിച്ചെടുക്കാന്‍ തങ്ങള്‍ പൂര്‍ണസജ്ജമാണെന്നും അറിയിച്ച പശ്ചാത്തലത്തിലാണ് രണ്ടുവിമാനങ്ങള്‍ കൂടി പുറപ്പെട്ടത്.

നാടുകടത്തപ്പെട്ട 119 പേരുമായി ആദ്യ വിമാനം ഫെബ്രുവരി 15 ന് രാത്രി 10.05 ന് അമൃത്സറില്‍ പറന്നിറങ്ങും. രണ്ടാമത്തെ വിമാനം ഫെബ്രുവരി 16 ന് രാത്രിയും. ആദ്യ വിമാനത്തില്‍ പഞ്ചാബില്‍ നിന്നുള്ള 67 പേരും, ഹരിയാനയില്‍ നിന്നുളള 33 പേരും, ഗുജറാത്ത്, മഹരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 19 പേരുമാണ് ഉള്ളത്. വിമാനത്തില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ എല്ലാ ക്രമീകരണങ്ങളും നടത്തിയതായി എയര്‍പോര്‍ട്ട് അധികൃതരും, പ്രാദേശിക ഭരണകൂടവും വ്യക്തമാക്കി.

ഇത് രണ്ടാംവട്ടമാണ് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം അമൃത്സറില്‍ ഇറങ്ങുന്നത്. അതേസമയം ശനിയാഴ്ച ഇന്ത്യയിലെത്തുന്നത് സൈനിക വിമാനമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ്. സൈനിക വിമാനം സി-17 കഴിഞ്ഞയാഴ്ചയാണ് പഞ്ചാബിലെ അമൃത്സറിലിറങ്ങിയത്. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ലാന്‍ഡിങ്. പഞ്ചാബില്‍നിന്ന് 30 പേര്‍, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് 33 പേര്‍ വീതം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് മൂന്നുപേര്‍ വീതം, ചണ്ഡീഗഢില്‍നിന്ന് രണ്ടുപേരുമാണ് എത്തിയത്. അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സംഘമായിരുന്നു ആ വിമാനത്തില്‍ മടങ്ങിയെത്തിയത്.

സൈനികവിമാനത്തില്‍ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങുവെച്ചെന്നും സീറ്റില്‍ നിന്ന് നീങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

പാര്‍ലമെന്റില്‍ ഈ വിഷയം വലിയ ഒച്ചപ്പാടുണ്ടാക്കി. കൂടുതല്‍ അന്തസുറ്റ രീതിയില്‍ ഇന്ത്യന്‍ പൗരന്മാരെ മടക്കി അയയ്ക്കണമെന്ന് യുഎസ് അധികൃതരോട് ആവശ്യപ്പെടുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ മറുപടി നല്‍കിയിരുന്നു. 487 ഇന്ത്യന്‍ പൗരന്മാരെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി ഈയാഴ്ച ആദ്യം വ്യക്തമാക്കിയിരുന്നു. മടക്കി അയയ്ക്കുന്നവരുടെ എണ്ണം ഉയരാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ട്രംപും മോദിയും തമ്മിലുളള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ മനുഷ്യക്കടത്തിന്റെ സമ്പ്രദായം അവസാനിപ്പിക്കാന്‍ യോജിച്ച പരിശ്രമം വേണമെന്നാണ് മോദി മറുപടി പറഞ്ഞത്.


Tags:    

Similar News