അസ്വാഭാവിക മരണങ്ങൾക്ക് കാരണം സ്വകാര്യ വസതിയിലെ വിഗ്രഹങ്ങൾ; പരാതിക്ക് പിന്നാലെ വിഗ്രഹങ്ങൾ നീക്കം ചെയ്ത് അധികൃതർ; പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങള്‍ക്ക് കൂട്ട് നിൽക്കരുത്; ദൈവമോ വിഗ്രഹമോ ഒരു മനുഷ്യനേയും ഉപദ്രവിക്കില്ല; കേസിൽ മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

Update: 2026-01-05 11:30 GMT

ചെന്നൈ: അന്ധവിശ്വാസങ്ങളെയോ ശാസ്ത്രീയമല്ലാത്ത പൊതുഭയങ്ങളെയോ അടിസ്ഥാനമാക്കി സംസ്ഥാന സർക്കാർ പ്രവർത്തിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ദൈവങ്ങളോ വിഗ്രഹങ്ങളോ മനുഷ്യരെ ഉപദ്രവിക്കില്ലെന്നും, ഇത്തരം കാര്യങ്ങൾ ഭക്തിയുടെയോ ശാസ്ത്രത്തിന്റെയോ തത്വങ്ങളുമായി ചേർന്നുപോകാത്ത കേവലം അന്ധവിശ്വാസങ്ങളാണെന്നും കോടതി വ്യക്തമാക്കി. ചെന്നൈയിൽ ഒരു സ്വകാര്യ വസതിയിൽ നിന്ന് വിഗ്രഹങ്ങൾ നീക്കം ചെയ്ത കേസ് പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.

സമാധാനപരമായ സ്വകാര്യ വിഗ്രഹപൂജ മറ്റുള്ളവർക്ക് തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി ചൂണ്ടിക്കാട്ടി. അത്തരം പ്രവൃത്തികൾക്കെതിരായ പൊതുജനങ്ങളുടെ അന്ധവിശ്വാസങ്ങൾക്ക് മുന്നിൽ സംസ്ഥാനത്തിന് വഴങ്ങിക്കൊടുക്കാനാകില്ല. ഒരു വ്യക്തിക്ക് തന്റെ സ്വകാര്യ പരിസരത്ത് ഏതെങ്കിലും വിഗ്രഹം വെക്കാനും സമാധാനപരമായി ആരാധിക്കാനും, അതിൽ താത്പര്യമുള്ള സുഹൃത്തുക്കളെയോ അയൽക്കാരെയോ ക്ഷണിക്കാനും അവകാശമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നിയമം കയ്യിലെടുക്കാൻ പൊതുജനങ്ങൾക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കും തെറ്റായ പ്രവണതകൾക്കും സർക്കാർ വഴങ്ങിക്കൊടുക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

എ. കാർത്തിക് എന്നയാൾ ചെന്നൈയിലെ തന്റെ താമസസ്ഥലത്ത് സ്ഥാപിച്ച ശിവശക്തി ദക്ഷിണേശ്വരി, വിനായകൻ, വീരഭദ്രൻ എന്നീ ദേവതകളുടെ വിഗ്രഹങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. കാർത്തികിന്റെ വീട്ടിലുണ്ടായ അസ്വാഭാവിക മരണങ്ങൾ വിഗ്രഹ പ്രതിഷ്ഠയുമായും പൂജകളുമായും ബന്ധമുണ്ടെന്ന് താമസക്കാർ പരാതിപ്പെട്ടു. ഇതേത്തുടർന്ന് പ്രാദേശിക അധികൃതർ ഈ വിഗ്രഹങ്ങൾ നീക്കം ചെയ്യുകയായിരുന്നു.

വിഗ്രഹങ്ങൾ നീക്കം ചെയ്തത് നിയമത്തിന്റെയോ ഭക്തിയുടെയോ ശാസ്ത്രത്തിന്റെയോ തത്വങ്ങളെ പിന്തുണയ്ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പൊതുജനങ്ങളിൽ ശാസ്ത്രീയമായ ചിന്ത വളർത്താൻ സംസ്ഥാനത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. നീക്കം ചെയ്ത വിഗ്രഹങ്ങൾ ഹർജിക്കാരന് തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ, വിഗ്രഹപൂജകളിൽ ലൗഡ്‌സ്പീക്കറുകൾ, ശബ്ദമലിനീകരണം, അയൽക്കാർക്ക് ശല്യം, പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കൽ എന്നിവ ഉണ്ടാകരുത് എന്ന വ്യവസ്ഥകളോടെയാണ് ഇവ തിരികെ നൽകേണ്ടത്.

Tags:    

Similar News