ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിലെ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ; 40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും; സായുധസേനകളുടെ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് സൈന്യം വെടികോപ്പുകളും ഡ്രോണുകളും വാങ്ങും; ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഉയരുന്നു

40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും

Update: 2025-05-19 02:17 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നും, ഇപ്പോള്‍ കണ്ടത് വെറും ട്രെയിലര്‍ മാത്രമാണെന്നുമാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കാശ്മീരില്‍ എത്തി സൈനികരെ കണ്ടതിന് ശേഷമാണ് ഈ പ്രഖ്യാനം അദ്ദേഹം നടത്തിയത്. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ആയുധസംഭരണിക്ക് കരുത്തു കൂട്ടുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

തുടരുന്ന ഓപ്പറേഷന്‍ സിന്ദൂറിന് ഇന്ത്യ 40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുകയാണ്. സായുധ സേനകള്‍ക്കുള്ള അടിയന്തര ആയുധ സംഭരണ അധികാരം വഴിയാണ് വെടികോപ്പുകളും ഡ്രോണുകളും വാങ്ങുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ തുകയും അനുവദിക്കും. പാക്കിസ്ഥാനുമായി ധാരണയായെങ്കിലും അത് എത്രകാലം എന്ന ചോദ്യം ബാക്കിയാണ്. അതുകൊണ്ടാണ് സായുധസേനകള്‍ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് നാല്‍പ്പതിനായിരം കോടിയിലേറെ രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നത്.

കാമിക്കാസെ ഡ്രോണുകള്‍, നിരീക്ഷണ ഡ്രോണുകള്‍, പീരങ്കി ഷെല്ലുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ദീര്‍ഘദൂര സ്മാര്‍ട്ട് വെപ്പണുകള്‍, വിവിധ തരത്തിലുള്ള റോക്കറ്റുകളും മിസൈലുകളുമാണ് ഇന്ത്യ വാങ്ങുന്നത്. ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ ആക്രമണ പ്രതിരോധ സംവിധാനങ്ങളുടെ മികവ് തെളിയിച്ചു.

സൈനിക ബലാബലത്തിലെ ഈ മേല്‍ക്കോയ്മ തുടരാനാണ് വെടിക്കോപ്പുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വാങ്ങുന്നത്. ദീര്‍ഘദൂര ലോയിറ്ററിങ് മ്യൂണിഷനുകളുടെ മികവ് പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തോടെ ഇന്ത്യയ്ക്ക് ബോധ്യമായി. തദ്ദേശീയമായി ആയുധങ്ങള്‍ വികസിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമേ ഇന്ത്യയിലെ സ്വകാര്യ ആയുധ നിര്‍മാതാക്കളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയേക്കും.

പ്രതിരോധമന്ത്രി അധ്യക്ഷനായ സംഭരണ കൗണ്‍സിലാണ് അടിയന്തര സ്വഭാവത്തില്‍ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. പ്രതിരോധ മന്ത്രാലയത്തിലെയും സൈനിക തലങ്ങളിലെയും വിവിധ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ ആയുധ ഇടപാട് പൂര്‍ത്തിയാകും. യുദ്ധസമാനമായ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് അടക്കം ഉയരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയുമായുള്ള സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, പാകിസ്ഥാന്‍ പണഞെരുക്കമുണ്ടെങ്കിലും 2025-26 ബജറ്റില്‍ പ്രതിരോധ ചെലവില്‍ 18 ശതമാനം വര്‍ധനവ് അംഗീകരിച്ചിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കെതിരെ രാജ്യം സായുധ സേനയെയും തദ്ദേശീയ പ്രതിരോധ ഉല്പാദനത്തെയും നവീകരിക്കാന്‍ ശ്രമിക്കുന്നതിനാല്‍, നടപ്പു സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ പ്രതിരോധ ബജറ്റിലും റെക്കോഡ് വര്‍ധനവാണ് (9.53 ശതമാനം) കാണിക്കുന്നത്. ഇന്ത്യയുടെ സായുധ സേനയ്ക്ക് 6.81 ലക്ഷം കോടി രൂപയാണ് ലഭിക്കുക.

എന്നാല്‍ ഈ ബജറ്റിന്റെ 26.4 ശതമാനം മാത്രമേ പുതിയ വാങ്ങലുകള്‍ക്കായി ചെലവഴിക്കാനാകൂ. ഏകദേശം 23.6 ശതമാനം പെന്‍ഷനുകള്‍ക്കാണ് വിനിയോഗിക്കേണ്ടത്. ഇത് 2008 മുതല്‍ ഇന്ത്യയുടെ പ്രതിരോധ ചെലവുകളില്‍ വലിയ ബാധ്യതയായി നിലനില്‍ക്കുകയാണ്. എതിരാളികളും ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായ പാകിസ്ഥാനും ഇന്ത്യയും ആയുധ ഇറക്കുമതിയെ വളരെയധികം ആശ്രയിച്ചിരിക്കുന്നവയാണ്. യുക്രെയ്‌നുമായി ദീര്‍ഘകാലമായി യുദ്ധം ചെയ്യുന്ന റഷ്യ, ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരാണെങ്കിലും അതിന്റെ തോതില്‍ കുറവ് വന്നിട്ടുണ്ട്. ഇന്ത്യ അതിന്റെ ആയുധ ഇറക്കുമതിയില്‍ വൈവിധ്യവല്‍ക്കരണം നടപ്പിലാക്കുകയും ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍ സൈനികമായി ശക്തമാകുന്നതിന് നിര്‍ണായക ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ രാജ്യം സ്വയംപര്യാപ്തത നേടേണ്ടതുണ്ട്. ഇറക്കുമതി ചെയ്ത ആയുധങ്ങള്‍ ഉപയോഗിച്ച് ഒരു രാജ്യത്തിനും ദീര്‍ഘകാല യുദ്ധം നടത്താന്‍ കഴിയില്ല. ഇന്ത്യയുടെ കാര്യത്തിലെന്നതുപോലെ പാകിസ്ഥാനും നിര്‍ണായക ആയുധങ്ങള്‍ക്കായി ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. അത്തരം ആയുധ ലഭ്യതയ്ക്കായി അവര്‍ തൊട്ടടുത്ത രാജ്യമായ ചൈനയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. 2020നും 24 നും ഇടയില്‍ പാകിസ്ഥാന്റെ ആയുധ ഇറക്കുമതിയുടെ 81 ശതമാനവും ചൈനയില്‍ നിന്നായിരുന്നു.

കഴിഞ്ഞ ദശകത്തില്‍ ഈ മേഖലയിലെ ചൈനയുടെ ആധിപത്യം വര്‍ധിച്ചിട്ടുമുണ്ട്. ഇപ്പോള്‍, ആഗോളതലത്തില്‍ അഞ്ചാമത്തെ വലിയ ആയുധ ഇറക്കുമതിക്കാരായ ഇന്ത്യയുടെ നാലിലൊന്നില്‍ താഴെ വലിപ്പമുള്ള പാകിസ്ഥാന്‍, ആഗോള ആയുധ ഇറക്കുമതിയുടെ 4.6 ശതമാനമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. അത്യാധുനിക ആയുധങ്ങള്‍ക്കായി ചൈനയെ പൂര്‍ണമായും ആശ്രയിക്കുന്നതിനാല്‍, അവിടെ നിന്ന് തുടര്‍ച്ചയായി നിര്‍ണായകമായ പീരങ്കി ആയുധങ്ങളുടെ ഉള്‍പ്പെടെ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ പാകിസ്ഥാന് ഒരു ദീര്‍ഘകാല യുദ്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.

ലോകത്ത് രണ്ടാംസ്ഥാനത്തുള്ള ചൈനയുടെ സൈനിക ചെലവ് ഏഴ് ശതമാനം വര്‍ധിച്ച് 31,400 കോടി ഡോളറിലെത്തിയ അവസ്ഥയിലാണ്. ഏഷ്യയിലെയും ഓഷ്യാനിയയിലെയും മൊത്തം സൈനിക ചെലവിന്റെ 50 ശതമാനവും ചൈനയാണ് വഹിക്കുന്നത്. സൈനിക ആധുനികവല്‍ക്കരണം, സൈബര്‍ യുദ്ധ ശേഷി, ആണവായുധ ശേഖര വിപുലീകരണം എന്നിവയിലെല്ലാം ചൈന തുടര്‍ച്ചയായി നിക്ഷേപം നടത്തി. സൈനിക ചെലവിന്റെ കാര്യത്തില്‍ ലോകത്ത് അഞ്ചാമതുള്ള ഇന്ത്യ 8610 കോടി ഡോളറാണ് നീക്കിവച്ചത്.

Tags:    

Similar News