13 വര്‍ഷമായി കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് ഏരിയയുടെ കോണില്‍ അനാഥപ്രേതമായി കിടന്ന വിമാനത്തിന് നാഥനെ കിട്ടി; ആര്‍ക്കാണ് വിറ്റത് എന്ന് വെളിപ്പെടുത്താതെ എയര്‍ ഇന്ത്യ; കണക്കില്‍ പെടാതെ കിടന്ന വിമാനത്തിന് ശാപമോക്ഷമോ?
കൊല്‍ക്കത്ത: കണക്കിലൊന്നും പെടാതെ വിമാനം...! 13 വര്‍ഷമായി കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പാര്‍ക്കിംഗ് ഏരിയയുടെ കോണില്‍ അനാഥപ്രേതമായി കിടന്ന വിമാനത്തിന് നാഥനെ കിട്ടി. പക്ഷേ നാഥനെ ആര്‍്ക്കും അറിയില്ല. എയര്‍ ഇന്ത്യയാണ് ഈ വിമാനം കച്ചവടമാക്കിയത്.
43 വര്‍ഷം പഴക്കമുള്ള ബോയിംഗ് 737-200 മോഡല്‍ വിമാനം. ഡീകമ്മിഷന്‍ ചെയ്തതോടെ കൊല്‍ക്കത്തയില്‍ ഒതുക്കിയിട്ടിരുന്നത്. വിമാനം മാറ്റാനായി കൊല്‍ക്കത്ത വിമാനത്താവള അധികൃതരുടെ കത്ത് കിട്ടിയപ്പോഴാണ് എയര്‍ ഇന്ത്യ കാര്യം അറിഞ്ഞത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റേതായിരുന്നു ഈ വിമാനം. 1998ല്‍ അലയന്‍സ് എയറിന് പാട്ടത്തിനു കൊടുത്തു. 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ തിരിച്ചെത്തി. ചരക്കു വിമാനമായി ഉപയോഗിച്ചു. 2011ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യയില്‍ ലയിച്ചു. അതിനിടെ ഇന്ത്യ പോസ്റ്റിന്റെ ചരക്കു വിമാനമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 2012ല്‍ ഡീകമ്മിഷന്‍ ചെയ്തു. ഇതോടെയാണ് വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ കിടപ്പായി. 2022ല്‍ എയര്‍ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് വിമാനത്തെ തിരിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യ അതിനെ വിറ്റു കാശാക്കി.
2022ല്‍ എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന് കൈമാറുമ്പോഴും രേഖകളിലും മറ്റും ഈ വിമാനത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. ഡികമ്മിഷന്‍ ചെയ്തശേഷം ഇതു കുറച്ചുകാലം ഇന്ത്യ പോസ്റ്റ് ഉപയോഗിച്ചിരുന്നു. സജീവമായിരുന്ന കാലത്ത് വിടി-ഇഎച്ച്എച്ച് എന്നതായിരുന്നു ഈ കുട്ടിവിമാനത്തിന്റെ റജിസ്‌ട്രേഷന്‍ കോഡ്. 100 അടി രണ്ടിഞ്ച് അഥവാ 30 മീറ്ററോളം മാത്രമായിരുന്നു വിമാനത്തിന്റെ നീളം.