പാക്കിസ്ഥാനികള്‍ക്കുളള മെഡിക്കല്‍ വിസ അടക്കം എല്ലാ വിസകളും റദ്ദാക്കി; വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; വിസകളുടെ സാധുത ഞായറാഴ്ച വരെ മാത്രം; വിസ കാലാവധി തീരും മുമ്പ് എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിടണം; പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുത്; വീണ്ടും ശക്തമായ നടപടികള്‍ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം
പാക്കിസ്ഥാനികള്‍ക്കുളള മെഡിക്കല്‍ വിസ അടക്കം എല്ലാ വിസകളും റദ്ദാക്കി
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് എടുത്ത അഞ്ചുതീരുമാനങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള മെഡിക്കല്‍ വിസ അടക്കം എല്ലാ വിസകളും റദ്ദാക്കി. പാക്കിസ്ഥാനികള്‍ക്കുള്ള വിസ സേവനങ്ങളും നിര്‍ത്തി വച്ചു.
പാക് പൗരന്മാരുടെ നിലവിലുള്ള സാധുവുമായ വിസകളെല്ലാം ഞായറാഴ്ച( 27) മുതല്‍ റദ്ദാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. മെഡിക്കല്‍ വിസകള്‍ ഏപ്രില്‍ 29, ചൊവ്വാഴ്ച വരെ മാത്രമേ പ്രാബല്യത്തിലുണ്ടാകു. വിസ കാലാവധി തീരും മുമ്പ് എല്ലാ പാക്കിസ്ഥാനികളും ഇന്ത്യ വിടണമെന്നും ആവശ്‌പ്പെട്ടു.
ചുരുക്കത്തില്‍ മിക്ക പാക്കിസ്ഥാനികള്‍ക്കും ഇന്ത്യ വിടാന്‍ 72 മണിക്കൂര്‍ മാത്രമാണ് അവശേഷിക്കുന്നത്. പാക്കിസ്ഥാനികള്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചതോടെ, ആ രാജ്യത്തെ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്രാരേഖകള്‍ ലഭ്യമാകില്ല.
പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ യാത്ര ചെയ്യരുതെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായി ആവശ്യപ്പെട്ടു. നിലവില്‍ പാക്കിസ്ഥാനിലുള്ള ഇന്ത്യാക്കാര്‍ ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്യ
പാക്കിസ്ഥാന് എതിരെ ഇന്നലെ ഇന്ത്യ അഞ്ചുസുപ്രധാന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സിന്ധുനദീജല കരാര്‍ മരവിപ്പിക്കുകയും അട്ടാരി അതിര്‍ത്തി അടക്കുകയും ചെയ്തു. പാകിസ്ഥാന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട തീരുമാനം. അതിര്‍ത്തി കടന്നവര്‍ക്ക് മെയ് ഒന്നിന് മുന്‍പ് തിരിച്ചെത്താം. എസ് വി ഇ എസ് (SVES) വിസയില്‍ ഇന്ത്യയിലുള്ളവര്‍ 48 മണിക്കൂറിനുള്ളില്‍ തിരികെ പോകണം. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇവര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് പിന്മാറണം. ഇന്ത്യയും പാകിസ്ഥാനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
പാക്കിസ്ഥാന്റെ മറുപടി
അതേസമയം, ഇന്ത്യയുടെ നയതന്ത്ര നടപടികള്‍ക്ക് മറുപടിയായി പാക്കിസ്ഥാനും ചില നടപടികള്‍ പ്രഖ്യാപിച്ചു. ഇന്ത്യയുമായുളേള എല്ലാ ഉഭയകക്ഷി കരാറുകളും പാക്കിസ്ഥാന്‍ മരവിപ്പിച്ചു. ഷിംല കരാര്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമ മേഖല അടച്ചതിന് പുറമേ, വാഗ അതിര്‍ത്തി അടയ്ക്കാനും തീരുമാനിച്ചു.