ഒരുരാത്രി മുഴുവന്‍ നീണ്ട മധ്യസ്ഥ ശ്രമം ഫലം കണ്ടു; ഇന്ത്യയും പാക്കിസ്ഥാനും അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായി; യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ സുപ്രധാന സന്ദേശം; വെടിനിര്‍ത്തല്‍ ശരിവച്ച് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇല്ലെന്നും അറിയിപ്പ്; ഇന്ത്യ ധാരണയ്ക്ക് സമ്മതിച്ചത് ഇനി ഉണ്ടാകുന്ന ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കുമെന്ന ഉപാധിയോടെ എന്ന് സൂചന

ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തലിന് ധാരണയായി

Update: 2025-05-10 12:26 GMT

വാഷിങ്ടണ്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ അടിയന്തരമായി സമ്പൂര്‍ണ വെടിനിര്‍ത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഒരു രാത്രി മുഴുവന്‍ നീണ്ട അമേരിക്കയുടെ മധ്യസ്ഥ ശ്രമത്തിന് ശേഷമാണ് ധാരണയായതെന്ന് ട്രംപ് സോഷ്യലില്‍ കുറിച്ചു. സാമാന്യ ബുദ്ധി കാണിച്ച ഇരുരാജ്യങ്ങള്‍ക്കും അഭിനന്ദനങ്ങളെന്നും ട്രംപ് പറഞ്ഞു. വെടിനിര്‍ത്തലിന് ധാരണയായെന്ന് കേന്ദ്രസര്‍ക്കാരും ഔദ്യോഗികമായി അറിയിച്ചു. ചര്‍ച്ചയില്‍ മൂന്നാം കക്ഷി ഇല്ലെന്നാണ് സര്‍ക്കാരിന്റെ അറിയിപ്പ്.


Full View


അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇരുരാജ്യങ്ങളിലെയും നേതാക്കളുമായി സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പാക് സൈനികമേധാവി അസിം മുനീറുമായി ഫോണില്‍ സംസാരിച്ച ശേഷം മാര്‍ക്കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടു. ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, ആശയവിനിമയം പുനസ്ഥാപിക്കണമെന്നും ചര്‍ച്ചകള്‍ക്ക് യുഎസ് പിന്തുണ നല്‍കുമെന്നും റൂബിയോ പറഞ്ഞു.

അതേസമയം, ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധമായി കണക്കാക്കി ആയിരിക്കും പ്രതികരണം. പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയത്.

സൈനിക താവളങ്ങള്‍ക്കും, ജനവാസ കേന്ദ്രങ്ങള്‍ക്കും നേരേ പാക്കിസ്ഥാന്‍ കഴിഞ്ഞ മൂന്നുരാത്രികളില്‍ തുടര്‍ച്ചയായി പാക് സേന വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, സൈനിക മേധാവിമാരും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. 


Tags:    

Similar News