'പാക്കിസ്ഥാന്റെ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും, ശക്തമായി തിരിച്ചടിക്കും'; ഇന്ത്യയുടെ അന്ത്യശാസനം കൊള്ളേണ്ടിടത് കൊണ്ടു; വെടിനിര്‍ത്തല്‍ സന്നദ്ധത അറിയിച്ച് ഇന്ത്യയെ ആദ്യം വിളിച്ചതും പാക്കിസ്ഥാന്‍; യുദ്ധമുഖത്ത് പരാജയം തിരിച്ചറിഞ്ഞതോടെ വെടിനിര്‍ത്തലിന് താത്പര്യം അറിയിച്ച് ഡിജിഎംഒ; പാക്ക് മണ്ണില്‍ കനത്ത പ്രഹരമേല്‍പ്പിച്ച ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് വിലയിരുത്തല്‍
പാക്ക് മണ്ണില്‍ കനത്ത പ്രഹരമേല്‍പ്പിച്ച ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് വിലയിരുത്തല്‍
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തലിന് ധാരണയായതായി ഇന്ത്യ വ്യക്തമാക്കുമ്പോഴും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരപ്രവര്‍ത്തനവും ഇന്ത്യയ്‌ക്കെതിരായ യുദ്ധമായി ഔദ്യോഗികമായി കണക്കാക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങളും നടത്താന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യ സുപ്രധാന തീരുമാനം അറിയിച്ചതിന് പിന്നാലെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയതെന്നും വിക്രം മിസ്രി അറിയിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 3.35-ന് പാക്കിസ്ഥാന്റെ ഡയറക്ടേഴ്സ് ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് (ഡിജിഎംഒ) ഇന്ത്യയുടെ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെട്ടതായും കരയിലൂടെയും ആകാശമാര്‍ഗവും സമുദ്രത്തിലൂടെയും ഉള്ള പൂര്‍ണവെടിനിര്‍ത്തലിന് ഇരുവരും തമ്മില്‍ തീരുമാനത്തിലെത്തിയതായും ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായും വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ധാരണ നടപ്പാക്കാനുള്ള നിര്‍ദേശം ഇരുഭാഗങ്ങളിലും നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളുടേയും ഡിജിഎംഒമാര്‍ തമ്മില്‍ തിങ്കളാഴ്ച്ച(മേയ് 12-ന്) പന്ത്രണ്ട് മണിക്ക് വീണ്ടും ചര്‍ച്ച നടത്തുമെന്നും മിസ്രി അറിയിച്ചു.
'പാക്കിസ്ഥാന്റെ ഏത് ഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും, ശക്തമായി തിരിച്ചടിക്കും' എന്ന ഇന്ത്യയുടെ അന്ത്യശാസനം കൊള്ളേണ്ടിടത് കൊണ്ടതോടെയാണ് വെടിനിര്‍ത്തല്‍ സന്നദ്ധത പാക്കിസ്ഥാന്‍ അറിയിച്ചതെന്നാണ് വിലയിരുത്തല്‍. യുദ്ധമുഖത്ത് പരാജയം തിരിച്ചറിഞ്ഞതോടെ വെടിനിര്‍ത്തലിന് താത്പര്യം അറിയിച്ച് പാക്ക് സൈനിക ഡിജിഎംഒ ഇന്ത്യന്‍ ഡിജിഎംഒയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. യുദ്ധമുഖത്ത് മാത്രമല്ല, നയതന്ത്ര തലത്തിലും ഇന്തയുടെ വിജയമായാണ് ഇതിനെ വിലയിരുത്തുന്നത്. സംഘര്‍ഷം രൂപപ്പെട്ട ഒരു ഘട്ടത്തിലും ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യറായിരുന്നില്ല. പാക്കിസ്ഥാന്റെ ഓരോ ആക്രമണത്തിനും കനത്ത പ്രഹരമേല്‍പ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രധാന തീരുമാനം വരുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവിയും സേനാ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലും കടന്നുകയറി ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായ സംഘര്‍ഷങ്ങളും തുടരുന്നതിനിടെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
പാക്കിസ്ഥാന്റെ പ്രകോപനത്തിന് ഇന്നും തന്ത്രപ്രധാന വ്യോമത്തവളങ്ങള്‍ ആക്രമിച്ച് ഇന്ത്യ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. റാവല്‍പിണ്ടിയും സിയാല്‍കോട്ടുമടക്കം കേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്തിയെന്ന് സൈന്യം സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള പാക് ഭീകരരുടെ ലോഞ്ച് പാഡുകളും സൈനിക പോസ്റ്റുകളും തകര്‍ത്തിരുന്നു. പിന്നാലെയാണ് വെടിനിര്‍ത്തലിലേക്ക് എത്തിയത്. ഉച്ചയോടെ പാക് സൈന്യത്തിലെ ഡിജിഎംഒ ബന്ധപ്പെട്ട് വെടിനിര്‍ത്തലിന് താത്പര്യം അറിയിച്ചെന്നാണ് കേന്ദ്ര വിദേശകാര്യ സെക്രട്ടറി അറിയിച്ചത്. സൈനിക തലത്തില്‍ ചര്‍ച്ച തുടരും. അതിനിടെ കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താ സമ്മേളനത്തിന് തൊട്ടുമുന്‍പ് ഡോണാള്‍ഡ് ട്രംപ്, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി എന്നിവര്‍ സമൂഹ മാധ്യമമമായ എക്‌സിലൂടെ വെടിനിര്‍ത്തല്‍ വാര്‍ത്ത പ്രഖ്യാപിച്ച് തങ്ങളുടെ ഇടപെടല്‍ ഫലം കണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ മൂന്നാം കക്ഷി ഇടപെട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കയുടെ അവകാശവാദം തള്ളുകയാണുണ്ടായത്.