ഇരുട്ടിന്റെ മറവില്‍ ഉറക്കം കെടുത്താന്‍ എത്തുന്ന ഡ്രോണ്‍ കൂട്ടങ്ങളെ നിഷ്പ്രയാസം ചാരമാക്കും; ആറു മുതല്‍ 10 കിലോമീറ്റര്‍ അകലെ നിന്നുള്ള വ്യോമഭീഷണികളെ റഡാര്‍ തിരിച്ചറിയും; രണ്ടര കിലോമീറ്റര്‍ പരിധിയില്‍ ചെറിയ ഡ്രോണുകളെ നിര്‍വീര്യമാക്കും; പാക് ഭീഷണിയെ നേരിടാന്‍ ഭാര്‍ഗവാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ഭാര്‍ഗവാസ്ത്ര വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Update: 2025-05-14 13:17 GMT

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ നിലവില്‍ വന്നെങ്കിലും, പാക്കിസ്ഥാന്‍ എപ്പോഴാണ് സാഹസം കാട്ടുക എന്ന് പറയാനാവില്ല. മുന്‍കരുതല്‍ തന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. സുദര്‍ശന ചക്ര എന്ന്് അറിയപ്പെടുന്ന വമ്പന്‍ എസ് 400 വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പാക് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷാകവചം ഒരുക്കിയത്. വിശ്വസിക്കാനാവാത്ത അയല്‍ രാജ്യത്തിന്റെ ആക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യ കൂടുതല്‍ പ്രതിരോധ കവചങ്ങള്‍ ഒരുക്കുകയാണ്. ഡ്രോണ്‍ പ്രതിരോധ സംവിധാനമായ ഭാര്‍ഗവാസ്ത്രയാണ് ഇന്ത്യ ബുധനാഴ്ച വിജയകരമായി പരീക്ഷിച്ചത്.

രണ്ടര കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ഡ്രോണുകളെ നിര്‍വീര്യമാക്കാന്‍ മൈക്രോ റോക്കറ്റുകളാണ് ഭാര്‍ഗവാസ്ത്ര ഉപയോഗിക്കുക. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് ഏയ്‌റോസ്‌പേസ് ലിമിറ്റഡ്( SDAL) ആണ് ഭാര്‍ഗവാസ്ത്ര രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്. ഒഡിഷയിലെ ഗോപാല്‍പൂരില്‍ കടലിന് അഭിമുഖമായുള്ള ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. മുതിര്‍ന്ന സൈനിക- വ്യോമ പ്രതിരോധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മൂന്നുപരീക്ഷണങ്ങളാണ് നടത്തിയത്. ഓരോ റോക്കറ്റുകള്‍ വീതം ജ്വലിപ്പിച്ചുള്ള പരീക്ഷണവും രണ്ടു തവണ നടത്തി. നാലു മൈക്രോ റോക്കറ്റുകളാണ് ഭാര്‍ഗവാസ്ത്രയിലുള്ളത്. വളരെ ചെലവു കുറഞ്ഞ രീതിയിലാണ് എസ്ഡിഎഎല്‍ ഭാര്‍ഗവാസ്ത്ര വികസിപ്പിച്ചെടുത്തത്. നാലുറോക്കറ്റുകളും പ്രതീക്ഷിച്ച നിലവാരത്തില്‍ പ്രകടനം കാഴ്ച വച്ചു.


ഭാര്‍ഗവാസ്ത്രയുടെ സവിശേഷതകള്‍

രണ്ടര കിലോമീറ്റര്‍ പരിധിക്കുള്ളില്‍ വരുന്ന ചെറിയ ഡ്രോണുകളെ തിരിച്ചറിഞ്ഞ് നാമാവശേഷമാക്കാന്‍ ആധുനിക ശേഷികള്‍ കൈവരിച്ച സംവിധാനമാണ് ഭാര്‍ഗവാസ്ത്ര. പ്രതിരോധത്തിന്റെ ആദ്യതലത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശമില്ലാതെ പ്രവര്‍ത്തിക്കുന്ന മൈക്രോ റോക്കറ്റുകളാണ് ഭാര്‍ഗവാസ്ത്ര തൊടുത്തുവിടുക. ഡ്രോണുകള്‍ എണ്ണത്തില്‍ എത്രയേറെ ആയാലും ഭാര്‍ഗവാസ്ത്ര നശിപ്പിച്ചിരിക്കും. അതുകൂടാതെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ( ഇതുനേരത്തെ പരീക്ഷിച്ചിരുന്നു) മൈക്രോ മിസൈലുകളും രണ്ടാംതലത്തില്‍ പ്രയോഗിക്കും. ഡ്രോണുകളെ അണുവിട തെറ്റാതെ കൃത്യമായി നിര്‍വീര്യമാക്കാന്‍ കഴിയും എന്നത് തന്നെയാണ് മുഖ്യ സവിശേഷത.

സമുദ്രനിരപ്പില്‍നിന്ന് 5,000 മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ അടക്കം വ്യത്യസ്ത ഭൂപ്രദേശങ്ങളില്‍ തടസ്സമില്ലാതെ ഉപയോഗിക്കാനാവുന്ന ഭാര്‍ഗവാസ്ത്ര സൈന്യത്തിന്റെ ആയുധശേഖരത്തിലെ വലിയൊരു മുതല്‍ക്കൂട്ടാണ്. തദ്ദേശീയമായാണ് റോക്കറ്റ് രൂപകല്‍പ്പന ചെയ്്ത വികസിപ്പിച്ചെടുത്തത്. ഹാര്‍ഡ് കില്‍ സവിശേഷതകള്‍ക്കൊപ്പം സോഫ്റ്റ് കില്‍ തലവും ഭാര്‍ഗവാസ്ത്രയ്ക്കുണ്ട്. മോഡുലാര്‍ സിസ്റ്റത്തില്‍ അധികമായി ഒരു സോഫ്റ്റ് കില്‍ തലം കൂടി ചേര്‍ത്തിട്ടുണ്ട്. സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങള്‍ക്കും സമഗ്രമായ കവചമൊരുക്കാന്‍ ജിപിഎസ് റിസീവറുകളെ കബളിപ്പിക്കുന്ന ജാമിങ്ങും സ്പൂഫിങ്ങും ഭാര്‍ഗവാസ്ത്രയ്ക്ക് സാധ്യമാണ്. ഡ്രോണുകളെ നശിപ്പിക്കാതെ അവയുടെ ആശയവിനിമയ സിഗ്‌നലുകള്‍ തടസപ്പെടുത്തി നിര്‍വീര്യമാക്കാന്‍ ഇത് സഹായിക്കും.

ഭാര്‍ഗവാസ്ത്രയുടെ റഡാറിന് 6-10 കിലോമീറ്റര്‍ വരെ അകലെ നിന്നുള്ള ചെറിയ വ്യോമ ഭീഷണികള്‍ പോലും തിരിച്ചറിയാനാകും. ഡ്രോണ്‍ കൂട്ടങ്ങളെ നിര്‍വീര്യമാക്കാന്‍ ഭാര്‍ഗവാസ്ത്രയ്ക്ക് പ്രത്യേക വൈദഗ്ധ്യം ഉണ്ട്. ചില വികസിത രാജ്യങ്ങള്‍ സമാനമായ മൈക്രോ-മിസൈല്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഡ്രോണ്‍ കൂട്ടങ്ങളെ നേരിടാന്‍ ശേഷിയുള്ള 'ഭാര്‍ഗവാസ്ത്ര' പോലുള്ള ഒരു മള്‍ട്ടി ലേയര്‍ സംവിധാനം വിന്യസിച്ചിട്ടില്ല.

ചെലവ് കുറച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി ഇത്രയും കാര്യക്ഷമമായ ഡ്രോണ്‍ പ്രതിരോധ സംവിധാനം വികസിപ്പിച്ച് എടുക്കാനായി എന്നതാണ് ഭാര്‍ഗാവസ്ത്രയുടെ പിന്നിലെ ടീമിന്റെ വിജയം.


Tags:    

Similar News