കൊലപാതകം ഉള്‍പ്പടെ 16 കേസുകളിലെ പ്രതി; പൊലീസിന് നേരേ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കുടുങ്ങി 20 വര്‍ഷം കഠിന തടവില്‍; അകത്തായെങ്കിലും കൂസലില്ല; ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദ് ജയിലില്‍ കിടന്ന് മത്സരരംഗത്ത് തുടുരും; പ്രതിയെ ജയിപ്പിച്ചെടുക്കാന്‍ പയ്യന്നൂരില്‍ അരയും തലയും മുറുക്കി സിപിഎം

വി കെ നിഷാദ് ജയിലില്‍ കിടന്ന് മത്സരരംഗത്ത് തുടുരും

Update: 2025-11-26 18:02 GMT

കണ്ണൂര്‍: പൊലിസിന് നേരെ ബോംബെറിഞ്ഞ കേസില്‍ ഇരുപതുവര്‍ഷം തടവിനും പിഴയടക്കാനും ശിക്ഷ,ിക്കപ്പെട്ട ഡി.വൈ. എഫ്. ഐ ജില്ലാനേതാവ് മത്സര രംഗത്തു തുടരും. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിവിധിക്കെതിരെ ഡി.വൈ. എഫ്. ഐ ജില്ലാ ജോയന്റ് സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായ വി.കെ നിഷാദ് (35) ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

പയ്യന്നൂര്‍ നഗരസഭയിലെ വെളളൂര്‍ മൊട്ടമ്മല്‍ നാല്‍പത്തിയാറാം വാര്‍ഡിലാണ് നിഷാദ് എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പത്രിക സമര്‍പ്പിച്ചതിനു ശേഷം കോടതി വിധി വന്നതിനാല്‍ നിഷാദിന് നഗരസഭയിലേക്ക് മത്സരിക്കുന്നതില്‍ സാങ്കേതിക തടസമില്ല. എന്നാല്‍ നിഷാദ് സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതിരിക്കുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്താല്‍ അയോഗ്യനാക്കും. ഇതോടെ സ്ഥാനം രാജിവെച്ചു ഒഴിയേണ്ടി വരും.

പ്രതികൂല വിധയുണ്ടാകുമെന്ന ധാരണയില്‍ ഈ ഡിവിഷനില്‍ ഡമ്മി സ്ഥാനാര്‍ത്ഥിയായി സി.പി. എം വെളളൂര്‍ നോര്‍ത്ത് ലോക്കല്‍കമ്മിറ്റിയംഗം എം. ഹരീന്ദ്രന്‍ പത്രിക പിന്‍വലിച്ചിരുന്നില്ല. പൊലിസിനു നേരെ ബോംബെറിഞ്ഞു വധിക്കാന്‍ ശ്രമിച്ച കേസിലാണ് പയ്യന്നൂരിലെ ഡി.വൈ. എഫ്. ഐ നേതാക്കളായ വി.കെ നിഷാദ് , ടി.സി.വി നന്ദകുമാര്‍(35) എന്നിവരെ തളിപറമ്പ് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കെ. എന്‍ പ്രശാന്ത് 20വര്‍ഷം കഠിനതടവിനും രണ്ടരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ഡി.വൈ. എഫ്. ഐ പയ്യന്നൂര്‍ ബ്ളോക്ക് വൈസ് പ്രസിഡന്റുകൂടിയാണ് നന്ദകുമാര്‍.

പയ്യന്നൂര്‍ എം. എല്‍. എ ടി. ഐ മധുസൂദനന്റെ അതീവവിശ്വസ്തരിലൊരാളായ യുവനേതാവാണ് വി.കെ നിഷാദ്. ഇയാളും എം. എല്‍. എയും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 2009- മുതല്‍ 2016 വരെ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ നിഷാദിനെതിരെ പതിനാറുകേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. പൊലിസിനു നേരെ ബോംബെറിഞ്ഞതിനു പുറമേ കൊലപാതകം, സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, തുടങ്ങിയ കേസുകളാണ് നിഷാദിനെതിരെയുളളത്. 2009-ല്‍ ഒരു കേസാണ് ഇയാള്‍ക്കെതിരെയുളളത്.

എന്നാല്‍ 2010-ല്‍ രണ്ടും തൊട്ടടുത്ത വര്‍ഷം മൂന്നും കേസ് നിഷാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. 2012-ല്‍ മാത്രം പൊതുമുതല്‍ നശിപ്പിച്ചതും സ്ഫോടക വസ്തുക്കള്‍ കൈക്കാര്യം ചെയ്തതിനുമായി എട്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2013,2016 വര്‍ഷങ്ങളില്‍ ഓരോ കേസും രജിസ്റ്റര്‍ ചെയ്തു. പൊലിസിനു നേരെ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതി അന്നൂരിലെ ടി.സി.വി നന്ദകുമാറിന്റെ പേരില്‍ പയ്യന്നൂര്‍ സ്റ്റേഷനില്‍ കൊലപാതകമുള്‍പ്പെടെ എട്ടുകേസാണുളളത്. നിഷാദും നന്ദകുമാറും ബോംബേറ് കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. ജയിലില്‍ കിടന്നു കൊണ്ടാണ് നിഷാദിന്റെ പയ്യന്നൂര്‍ നഗരസഭയിലേക്കുളള മത്സരം.

Tags:    

Similar News