അപകടത്തില്‍പെട്ട ഓട്ടോയിലുണ്ടായിരുന്നത് ആറ് കുട്ടികള്‍; നാലു വയസുകാരന്‍ സുരക്ഷിതമായി വീട്ടിലെത്തി എന്ന് ആദ്യം കരുതി; കുട്ടി എത്തിയില്ലെന്ന് അറിഞ്ഞതോടെ വ്യാപക തിരച്ചില്‍; മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല; ആദിലക്ഷ്മിക്ക് പിന്നാലെ കണ്ണീരോര്‍മയായി യദുകൃഷ്ണയും

Update: 2025-11-26 15:12 GMT

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥികളുമായി വീട്ടിലേക്ക് മടങ്ങിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടികൂടി മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന യദുകൃഷ്ണന്‍(4) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി. അപകട സ്ഥലത്ത് കാണാതായ കുട്ടിക്ക് വേണ്ടി ഫയര്‍ഫോഴ്‌സ് ഏറെ നേരം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകീട്ടാണ് പത്തനംതിട്ട തൂമ്പാക്കുളത്ത് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞത്. അപകടത്തില്‍ കരുമാന്‍തോട് ശ്രീനാരായണ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തൂമ്പാക്കുളം സ്വദേശിനിയായ ആദിലക്ഷ്മി(7) മരിച്ചിരുന്നു. ഓട്ടോയില്‍ ആകെ അഞ്ചുകുട്ടികളുണ്ടായിരുന്നതായാണ് ആദ്യം കരുതിയിരുന്നത്. പരിക്കേറ്റ മറ്റുകുട്ടികളെയും ഡ്രൈവറെയും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു വിദ്യാര്‍ഥിയായ യദുകൃഷ്ണനെ കാണാനില്ലെന്ന സംശയമുയര്‍ന്നത്.

വൈകീട്ട് നാലുമണിക്ക് സ്‌കൂള്‍വിട്ടശേഷം കുട്ടികളുമായി പോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ പാമ്പിനെ കണ്ടപ്പോള്‍ അതിന് മുകളിലൂടെ കയറാതിരിക്കാനായി ഓട്ടോ വെട്ടിച്ചെന്നും ഇതോടെയാണ് നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞതെന്നുമാണ് വിവരം.

അപകടസ്ഥലത്തിന് സമീപം അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അപകടശേഷം കുട്ടി സുരക്ഷിതമായി വീട്ടിലെത്തി എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുട്ടി വീട്ടില്‍ എത്തിയിട്ടില്ല എന്ന് രക്ഷകര്‍ത്താക്കള്‍ അറിയിച്ചതോടെയാണ് സ്ഥലത്ത് വ്യാപക പരിശോധന ആരംഭിച്ചത്.

ആകെ അഞ്ച് കുട്ടികളാണ് ഓട്ടോയിലുണ്ടായിരുന്നത് എന്നാണ് ആദ്യം ലഭിച്ച വിവരം. ഇവരെയെല്ലാം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ ആദി ലക്ഷ്മി മരിച്ചു. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് യദു കൃഷ്ണനെ കാണാതായി എന്ന് വ്യക്തമായത്. പരുക്കേറ്റ വിദ്യാര്‍ഥികള്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി ചികിത്സയിലാണ്.

Similar News