റീല്‍സില്ല, മോട്ടിവേഷനുമില്ല; ജയിലില്‍ കൊതുകുകടി കൊണ്ട് 'നരകിച്ച്' ഷിംജിത; ദീപക്കിന്റെ ആത്മഹത്യയില്‍ പ്രതിയായ ലീഗിന്റെ മുന്‍ പഞ്ചായത്ത് മെമ്പറിന് മഞ്ചേരി ജയിലില്‍ കഷ്ടകാലം; സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും റീല്‍സുകള്‍ക്കും വേണ്ടി നടത്തിയ 'വീഡിയോ നാടകം' അഴിക്കുള്ളില്‍ ആദ്യ ദിനം അനുഭവിച്ച ദുരിത ജീവിത കഥ
കോഴിക്കോട്: സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ക്കും റീല്‍സുകള്‍ക്കും വേണ്ടി നടത്തിയ 'വീഡിയോ നാടകം' ഒടുവില്‍ ഒരു യുവാവിന്റെ ജീവനെടുക്കുകയും യുവതിയെ ജയിലഴിക്കുള്ളിലാക്കുകയും ചെയ്തിരിക്കുന്നു. ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശി ദീപക്കിന്റെ വീഡിയോ പ്രചരിപ്പിച്ച വടകര സ്വദേശിനി ഷിംജിത മുസ്തഫയാണിപ്പോള്‍ മഞ്ചേരി വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നത്. എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഷിംജിതയ്ക്ക് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണോ റീല്‍സ് ഇടാനുള്ള സൗകര്യമോ ഇല്ലാത്തത് വലിയ മാനസിക വിഷമമുണ്ടാക്കുന്നതായാണ് വിവരം.
മുസ്ലീം ലീഗിന്റെ മുന്‍ പഞ്ചായത്ത് മെമ്പറും മോട്ടിവേഷണല്‍ സ്പീക്കറുമായ ഷിംജിത, ജയിലിനുള്ളിലെ ദുരിതപൂര്‍ണ്ണമായ സാഹചര്യങ്ങളില്‍ തളര്‍ന്നുപോയതായാണ് സൂചന. കൊതുകുകടിയും ജയിലിലെ സാധാരണ ഭക്ഷണവും ഈ 'സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക്' താങ്ങാനാവുന്നില്ല. പുറംലോകത്ത് മോട്ടിവേഷന്‍ പ്രസംഗങ്ങള്‍ നടത്തിയിരുന്ന ഇവര്‍ക്ക് ജയിലിനുള്ളില്‍ സഹതടവുകാരുടെ മുന്നില്‍ നിരാശയോടെയാണ് തള്ളി നീക്കുന്നത്. ദീപക്കിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ഒളിവില്‍ പോയ ഷിംജിതയെ വടകരയിലെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലീസ് സാഹസികമായി പിടികൂടിയത്. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.
ബസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന്, ഷിംജിത പുറത്തുവിട്ട വീഡിയോ എഡിറ്റ് ചെയ്തതാണെന്നും യുവാവിനെ ബോധപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്. ഒരു കുടുംബത്തിന്റെ അത്താണിയായ യുവാവിനെ മരണത്തിലേക്ക് തള്ളിയിട്ട ഷിംജിതയ്‌ക്കെതിരെ കര്‍ശന വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യത്തിലാണ് ദീപക്കിന്റെ കുടുംബം.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഷിംജിതയെ കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹജരാക്കിയത്. തുടര്‍ന്നാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി വനിതാ ജയിലിലേക്കയച്ചത്. ദീപക്കിന്റെ മാതാവിന്റെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ഷിംജിത ഒളിവില്‍ പോയത്. ഇന്നലെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയും നല്‍കി. വിദേശബന്ധമുള്ളതിനാല്‍ ഇവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസുമിറക്കിയിരുന്നു. വടകരയിലുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അറസ്റ്റിലായത്.ഷിംജിത പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്ത് ദൈര്‍ഘ്യം കുറച്ചതായി പൊലീസ് കണ്ടെത്തി. ബസിലെ സി.സി ടിവി ദൃശ്യങ്ങളും ശേഖരിച്ചു.
സ്വകാര്യ ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഷിംജിതയ്‌ക്കെതിരേ ഐ.ടി ആക്ടും മറ്റ് വകുപ്പുകളും ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പയ്യന്നൂരില്‍ ബസ് യാത്രയ്ക്കിടെ ഷിംജിത ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.അതേസമയം ഷിംജിതയെ ഇന്നലെ ഉച്ചയോടെയാണ് വടകരയിലെ ബന്ധുവീട്ടില്‍ നിന്ന് അതീവ രഹസ്യമായി പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യവാഹനത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
10 മിനിട്ടിനുള്ളില്‍ കൊയിലാണ്ടിയില്‍ നിന്ന് പൊലീസ് വാഹനത്തില്‍ കുന്ദമംഗലം കോടതിയിലെത്തിച്ചു. കോടതിയില്‍ കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. അതേസമയം,പര്‍ദ്ദയും മാസ്‌കും ധരിച്ചെത്തിയ ഷിംജിതയെ ആളുകള്‍ തിരിച്ചറിഞ്ഞിരുന്നില്ല. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് വിവരം പുറത്ത് വന്നത്.
