ആ 1.6 കിലോ സ്വര്‍ണ്ണം എവിടെ? ആറു വര്‍ഷം മുമ്പ് വിവാഹം; വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു; 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം; ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ നേരിട്ടത് അപമാനം; ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു; അയര്‍ലണ്ടില്‍ ആ ക്രൂരന് സുഖവാസവും; വേണ്ടത് മാതൃകാ നടപടികള്‍

Update: 2026-01-22 02:52 GMT

തിരുവനന്തപുരം: കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും നിയമവിരുദ്ധമായ പെരുമാറ്റങ്ങള്‍ക്കും ഒടുവിലത്തെ ഉദാഹരണമായി കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ. കമലേശ്വരം ആര്യന്‍കുഴി ശാന്തിഗാര്‍ഡന്‍സില്‍ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരുടെ മരണം കേവലം ഒരു ആത്മഹത്യയല്ല, മറിച്ച് ഭര്‍ത്താവിന്റെ മാനസിക പീഡനവും അവഗണനയും മൂലം ഉണ്ടായ കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യമാണെന്ന ആരോപണം ശക്തമാകുന്നു.

ആറുവര്‍ഷം മുന്‍പാണ് ഗ്രീമയും അമ്പലത്തറ സ്വദേശിയായ ഉണ്ണികൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. 200 പവനിലധികം സ്വര്‍ണ്ണവും വീടും വസ്തുവും നല്‍കി നടത്തിയ വിവാഹം വെറും 25 ദിവസത്തിനുള്ളില്‍ തകര്‍ന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുന്‍പേ ഗ്രീമയെ ഉപേക്ഷിച്ചു പോയ ഉണ്ണികൃഷ്ണന്‍, പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.

അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനായ ഇയാള്‍, ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനെത്തിയപ്പോള്‍ പോലും ഗ്രീമയെ മാനസികമായി പീഡിപ്പിക്കുകയും ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തു. ഈ അപമാനഭാരമാണ് രണ്ട് ജീവനുകള്‍ കവരാന്‍ കാരണമായത്. ഈ 200 പവന്‍ സ്വര്‍ണ്ണത്തിനും സ്വത്തിനും എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

അമ്മയും മകളും സയനൈഡ് ഉപയോഗിച്ചാണ് ജീവനൊടുക്കിയത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വീടിനുള്ളിലെ സോഫയില്‍ മകളുടെ മൃതദേഹത്തിന് മുകളില്‍ അമ്മ കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ മരണത്തിന് ഉത്തരവാദി ഉണ്ണികൃഷ്ണനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'അപമാനഭാരം താങ്ങാനാവുന്നില്ല' എന്ന സജിതയുടെ വാക്കുകള്‍ കേരളത്തിലെ സ്ത്രീധന-പീഡന വ്യവസ്ഥിതിയുടെ ക്രൂരതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

'ഞാനും മകളും ആത്മഹത്യ ചെയ്യാന്‍ കാരണം എന്റെ മകളുടെ ഭര്‍ത്താവായ ബി.എം. ഉണ്ണികൃഷ്ണനാണ്. കേവലം 25 ദിവസം കൂടെ താമസിച്ച് ഉപേക്ഷിച്ചു. അപമാനഭാരം താങ്ങാനാവുന്നില്ല.' - സജിതയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതില്‍ തന്നെ എല്ലാം ഉണ്ട്. കേവലം അസ്വാഭാവിക മരണത്തിന് കേസ് എടുക്കാതെ, ഗാര്‍ഹിക പീഡനം , ആത്മഹത്യാ പ്രേരണ തുടങ്ങിയ ഗൗരവകരമായ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്. വിദേശത്ത് ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണനെ നാട്ടിലെത്തിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുന്നു.

Tags:    

Similar News