തന്നേക്കാള്‍ മുന്‍പേ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നത് ശബരിമല തന്ത്രിക്കും മുന്‍ ദേവസ്വം മന്ത്രിക്കും! ശബരിമല സ്വര്‍ണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനിലേക്ക് ഇഡി അന്വേഷണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍ നടന്നോ എന്നും പരിശോധിക്കും; പോറ്റിയെ ചോദ്യം ചെയ്യലിന് കയറ്റാന്‍ കേന്ദ്ര ഏജന്‍സി
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ ദുരൂഹതകള്‍ നീക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീക്കം സജീവമാക്കുന്നു. കേസില്‍ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ ഇ.ഡി.യുടെ പ്രധാന നിരീക്ഷണത്തിലുള്ളത്. ഇരുവരും തമ്മില്‍ അവിഹിതമായ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇ.ഡി. ഉടന്‍ വ്യക്തത വരുത്തും. ഇതിന്റെ ഭാഗമായി ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണസംഘം ചോദ്യം ചെയ്യും.
മുന്‍ മന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഈ ബന്ധം കടകംപള്ളി ഭാഗികമായി സമ്മതിച്ചതും അന്വേഷണസംഘം ഗൗരവത്തോടെയാണ് കാണുന്നത്. ശബരിമലയിലെ മുന്‍ ഭരണസമിതി അംഗം എ. പത്മകുമാര്‍ ഇ.ഡി.ക്ക് നല്‍കിയ മൊഴിയും നിര്‍ണ്ണായകമാണ്. തന്നേക്കാള്‍ മുന്‍പേ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നത് ശബരിമല തന്ത്രിക്കും മുന്‍ ദേവസ്വം മന്ത്രിക്കുമാണെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. ഇത് സംബന്ധിച്ച സത്യസന്ധത ഇ.ഡി. പരിശോധിക്കും.
ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതെന്നാണ് ഇ.ഡി.യുടെ നിഗമനം. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് ഇത്രയും സ്വത്ത് കുന്നുകൂട്ടിയതെന്നും ഇതിന് പ്രത്യുപകാരമായി പലര്‍ക്കും വിലപിടിപ്പുള്ള ഉപഹാരങ്ങളും സാമ്പത്തിക സഹായങ്ങളും പോറ്റി നല്‍കിയിട്ടുണ്ടെന്നും സംശയിക്കുന്നു. പോറ്റിക്ക് ശബരിമലയില്‍ എല്ലാവിധ സൗകര്യങ്ങളും ചെയ്തുനല്‍കാന്‍ ഉന്നതതലത്തില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നതായി ചില ദേവസ്വം ജീവനക്കാരും വെളിപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യുന്നതോടെ ഈ അവിശുദ്ധ ബന്ധങ്ങളിലെ കൂടുതല്‍ കണ്ണികള്‍ പുറത്തുവരുമെന്നാണ് സൂചന.
റിമാന്‍ഡിലുള്ള ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു. പത്മകുമാറിന് പുറമെ മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റീസ് എ ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്.പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷനും അന്വേഷണ സംഘവും കോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിനെ നവംബര്‍ 20 നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.
കട്ടിളപ്പാളിയിലെ സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിന് വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.അതേസമയം, ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപാളികള്‍ മോഷ്ടിച്ച കേസില്‍ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൊല്ലം വിജിലന്‍സ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണിത്. എന്നാല്‍ സ്വര്‍ണക്കട്ടിളപാളി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി ജയിലില്‍ തുടരും.
