സഖാക്കള്‍ക്കും വലതുപക്ഷത്തിനും നെഞ്ചിടിപ്പ്; കേരളം പിടിക്കാന്‍ ഷാ ഇറങ്ങുന്നു! വി. മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ; ബാക്കി സീറ്റുകളില്‍ തീരുമാനം ഉടന്‍. സര്‍പ്രൈസ് നീക്കങ്ങളുമായി അമിത് ഷാ കേരളത്തില്‍ ഇനി കളം നിറയും
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും തന്ത്രങ്ങളും നേരിട്ട് നിയന്ത്രിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തിറങ്ങം. ഇതോെട ബിജെപി ക്യാമ്പ് ആവേശത്തിലാണ്.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടമുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളുടെ ചുമതല നല്‍കിയിട്ടുള്ള നേതാക്കളെ അതേ മണ്ഡലങ്ങളില്‍ തന്നെ സ്ഥാനാര്‍ത്ഥികളാക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ വി. മുരളീധരന്‍ കഴക്കൂട്ടത്ത് തന്നെ മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായി. മറ്റുള്ളവരുടെ കാര്യത്തില്‍ കേന്ദ്ര നിരീക്ഷകര്‍ ഉടന്‍ തീരുമാനമെടുക്കും.
തിരുവനന്തപുരം സെന്‍ട്രല്‍, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, കാട്ടാക്കട, മഞ്ചേശ്വരം, പാലക്കാട്, ചെങ്ങന്നൂര്‍, കായംകുളം തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജയപ്രതീക്ഷയുള്ള മണ്ഡലങ്ങളുടെ പട്ടികയില്‍ മലമ്പുഴയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സി. കൃഷ്ണകുമാര്‍ തന്നെയാകും മലമ്പുഴയിലെ സ്ഥാനാര്‍ത്ഥി. ജയസാധ്യതയുള്ള 50 സ്ഥാനാര്‍ത്ഥികളെ രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്താനാണ് അമിത് ഷാ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഇതിനായി പ്രമുഖ വ്യക്തികളെയും താരങ്ങളെയും കണ്ടെത്താനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്.
പ്രായപരിധി കഴിഞ്ഞ മുതിര്‍ന്ന നേതാക്കളെ മത്സരരംഗത്തുനിന്ന് മാറ്റിനിര്‍ത്തി അവര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കും. പകരം യുവാക്കള്‍ക്കും യുവതികള്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും കൂടുതല്‍ സീറ്റുകള്‍ നല്‍കാനാണ് പ്ലാന്‍. ശബരിമല സ്വര്‍ണ്ണക്കൊള്ളയും ആചാരലംഘനങ്ങളും പ്രചാരണ വിഷയമാക്കാനും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ഹൈടെക് പ്രചാരണം നടത്താനും അമിത് ഷാ നിര്‍ദ്ദേശം നല്‍കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തുന്നതോടെ സംസ്ഥാനത്തെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും.