കേരളത്തിലെ എസ്‌ഐആര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല; 90 ശതമാനം ഫോമുകളും വിതരണം ചെയ്തു; തിരികെ ലഭിച്ച ഫോമുകളില്‍ 50 ശതമാനം ഡിജിറ്റൈസ് ചെയ്തു; എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കരുതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രിംകോടതിയില്‍

കേരളത്തിലെ എസ്‌ഐആര്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല

Update: 2025-11-26 11:36 GMT

ന്യൂഡല്‍ഹി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പേരില്‍ കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നീട്ടിവെക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. കേരളത്തില്‍ എസ്‌ഐആറും തദ്ദേശ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സഹകരിച്ചാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി ഇക്കാര്യം കോടതിയെ ധരിപ്പിച്ചത്. എസ്‌ഐആറിന്റെ ഭാഗമായി 90 ശതമാനം ഫോമുകളും വിതരണംചെയ്തു. തിരികെ ലഭിച്ച ഫോമുകളില്‍ 50 ശതമാനം ഡിജിറ്റൈസ് ചെയ്‌തെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

എസ്‌ഐആര്‍ നടപടികള്‍ക്ക് ഒരു ചെറിയ ശതമാനം ബിഎല്‍ഒമാരുടെ സേവനം മാത്രമാണ് വേണ്ടത്. മിക്ക ജില്ലകളിലും ഉദ്യോഗസ്ഥതല യോഗങ്ങള്‍ കഴിഞ്ഞു. നിലവില്‍ കേന്ദ്ര, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ ഒരു പ്രതിസന്ധിയും നേരിടുന്നില്ലെന്നും രാകേഷ് ദ്വിവേദി കോടതിയെ അറിയിച്ചു. അതിനാല്‍ കേരളത്തിലെ എസ്‌ഐആര്‍ നീട്ടിവയ്ക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ഡിസംബര്‍ ഒന്നിനകം നിലപാട് അറിയിക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

എസ്‌ഐആര്‍ ല്‍ സ്റ്റേ ആവശ്യം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ സമഗ്രമായ സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി ഡിസംബര്‍ ഒന്നുവരെ സമയം അനുവദിച്ചു. തൊട്ടടുത്ത ദിവസം ഹര്‍ജി പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ തീരുമാനം വൈകിയാല്‍ ഹര്‍ജികളില്‍ ആവശ്യം അപ്രസക്തമാകുമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ. ശശി എന്നിവര്‍ ചൂണ്ടിക്കാട്ടി.

കേരളത്തില്‍ എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിഎല്‍ഒമാര്‍ കടുത്ത സമ്മര്‍ദ്ദമാണ് നേരിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ബിഎല്‍ഒമാര്‍ക്ക് അവരുടെ പ്രശ്‌നം അവതരിപ്പിക്കാന്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് മുസ്ലിം ലീഗിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഡിസംബര്‍ രണ്ടിന് ഹര്‍ജികള്‍ പരിഗണിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

Tags:    

Similar News