തിരക്കുള്ള നേതാവിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്നും അയച്ച സന്ദേശം; നിതിന്‍ ലഡാക്കിലെത്തിയപ്പോള്‍ 15000 ത്തോളം രൂപ വിലവരുന്ന സൈക്കിളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ഡെംചോക്കില്‍ പുതിയ പാതയില്‍ ആദ്യമെത്തിയ സൈക്ലിസ്റ്റായി; ഉമ്മന്‍ചാണ്ടിയുടെ കോണ്‍ഗ്രസ് മരിച്ചിട്ടില്ല; കെസി വേണുഗോപാലിന് നന്ദി പറഞ്ഞ് മലയാളി യുവാവ്

Update: 2025-11-26 15:37 GMT

തിരുവനന്തപുരം: ഒരു ഫോണിവിളിക്ക് അപ്പുറത്ത് ഊരും പേരും അറിയാത്തവര്‍ക്ക് സഹായം എത്തിച്ച ഉമ്മന്‍ചാണ്ടിയുടെ പാത പിന്തുടരുന്നവര്‍ കോണ്‍ഗ്രസില്‍ ഇപ്പോഴുമുണ്ടെന്ന് തെളിയിക്കുന്ന അനുഭവുമായി സൈക്ലിസ്റ്റ് നിതിന്‍. ഇന്ത്യാ ചൈന ബോര്‍ഡറിന് സമീപം ഡെംചോക്കില്‍ തുറന്ന പുതിയ പാത, എവറിസ്റ്റിലെ ബേയ്സ് ക്യാമ്പിനെക്കാള്‍ ഉയരം കൂടിയ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ റോഡാണ് . ഇവിടെയെത്തുന്ന ആദ്യ സൈക്ലിസ്റ്റാകണമെന്ന ചെറിയ ആഗ്രഹം സാധ്യമാക്കാന്‍ സഹായിച്ച എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനോടും കോണ്‍ഗ്രസിനോടുമുള്ള കൃതജ്ഞതയാണ് നിതിന്‍ ഈ വാക്കുകളിലൂടെ പ്രകടമാക്കുന്നത്.

നല്ലൊരു സൈക്കിളില്ലെന്ന ഒറ്റകാരണത്താല്‍ ഡെംചോക്കില്‍ പുതിതായി തുറന്ന പാതയില്‍ എത്തുന്ന ആദ്യ സൈക്ലിസ്റ്റെന്ന മോഹം പാതിയില്‍ ഉപേക്ഷിക്കുമെന്ന് കരുതിയിടത്താണ് കെസി വേണുഗോപാലിന്റെ രൂപത്തില്‍ ദൈവം തന്നെ സഹായിച്ചതെന്ന് സന്തോഷത്തോടെയും അഭിമാനത്തോടെയും ഈ ചെറുപ്പക്കാരന്‍ പറയുമ്പോള്‍ ആ കണ്ണുകളില്‍ ഈറനണിയുന്നു. തന്റെ ആഗ്രഹം ഫലപ്രാപ്തിയിലെത്തിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്ത കെസി വേണുഗോപാലിനെ നേരില്‍ കണ്ട് നന്ദി പറയുക എന്ന സ്വപ്നം കൂടി സത്യമാകുമെന്ന പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് ഈ ചെറുപ്പക്കാരന്‍.

യാത്രകള്‍ വെറും കാഴ്ചകള്‍ മാത്രമല്ല, മികച്ച അനുഭവങ്ങള്‍ കൂടിയാണ് സമ്മാനിക്കുന്നത്. സിനിമയില്‍ സഹ സംവിധായകനായി തുടരുമ്പോഴും അത്തരം നവ അനൂഭൂതി തേടിയുള്ള യാത്ര കൂടിയാണ് നിതിന്റെ ജീവിതം. 2021 ലാണ് ആദ്യമായി സോളോ ട്രിപ്പിന്റെ ഭാഗമായി നിതിന്‍ കേരളത്തില്‍ നിന്ന് കാശ്മീരിലേക്ക് യാത്ര പോകുന്നത്. ആകെ കൈയ്യിലുണ്ടായിരുന്ന 170 രൂപയുമായി യാത്ര തിരിക്കുമ്പോള്‍ അതിന്റെ അവസാനം എന്താകുമെന്ന് ധാരണയുണ്ടായിരുന്നില്ല. എന്നാല്‍ ചായവിറ്റ് കിട്ടുന്ന കാശ് കൊണ്ട് അന്ന് ആ യാത്ര പൂര്‍ത്തിയാക്കി.

അതിന്റെ ആത്മവിശ്വാസത്തില്‍ 2024 ല്‍ 12 ലധികം സംസ്ഥാനങ്ങള്‍ പിന്നിട്ട് നേപ്പാളിലേക്ക് യാത്ര നടത്തി. ഇതിനിടെയാണ് ലഡാക്കിലെ ഇന്ത്യാ ചൈന ബോര്‍ഡറിന് സമീപം ഡെംചോക്കില്‍ പുതിയ പാത തുറന്ന വിവരം നിതിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇവിടെ അദ്യമെത്തുന്ന സൈക്ലിസ്റ്റിന്റെ പേര് തന്റെതാകണമെന്നും, എന്നാല്‍ അതുവെറുമൊരു യാത്ര മാത്രമാകാതെ ലഹരിക്കെതിരെ സന്ദേശം നല്‍കുന്ന യാത്രകൂടിയാകണം എന്ന ലക്ഷ്യവും നിതിന്‍ മനസിലുറപ്പിച്ചു.

പക്ഷെ, ഡല്‍ഹിയിലായിരുന്ന നിതിന്റെ കൈവശം സൈക്കിളില്ലായിരുന്നു. ഉയര്‍ന്ന തുകയ്ക്ക് ഒരു സൈക്കിള്‍ സ്വന്തമാക്കുക എന്നതും പ്രയാസമായി. ഈ ഘട്ടത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറിയും മലയാളിയും ആഴപ്പുഴ എംപിയുമായ കെസി വേണുഗോപാലിന്റെ നമ്പര്‍ സംഘടിപ്പിച്ച് സൈക്കളിനുള്ള സഹായം അഭ്യര്‍ത്ഥിക്കാമെന്ന് കരുതിയത്.

ഒരു ശ്രമം അത്രേയെ നിതിനും കരുതിയുള്ളു. കാരണം തിരക്കുള്ള നേതാവിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത നമ്പറില്‍ നിന്ന് അയച്ച സന്ദേശം അദ്ദേഹം കാണണമെന്ന് ഉറപ്പില്ല. എങ്കിലും ആവശ്യം ഉള്‍പ്പെടുത്തിയ സന്ദേശം കെസി വേണുഗോപിന്റെ വാട്സാപ്പിലേക്ക് അയച്ചു. നിതിന്റെ സന്ദേശം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കെസി വേണുഗോപാല്‍ തന്റെ ഓഫീസിനത് കൈമാറുകയും വേണ്ട ഇടപെടല്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് നിതിനെ തേടി എംപിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍വിളിയെത്തി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ വേണുഗോപാലിന്റെ ഓഫീസ് അധികൃതര്‍ നിതിന്‍ റോഡ് മാര്‍ഗം ഡയല്‍ഹിയില്‍ നിന്ന് ലഡാക്കിലെത്തുമ്പോള്‍ അവിടെ സൈക്കിളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുമെന്ന് ഉറപ്പുനല്‍കി. അതിന്‍പ്രകാരം നിതിന്‍ ലഡാക്കിലെത്തിയപ്പോള്‍ നിതിനെ സ്വീകരിക്കനായി യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകരും സൈക്കിളുമായിയെത്തിരുന്നു. 15000 ത്തോളം രൂപ വിലവരുന്ന സൈക്കിളാണ് കെസി വേണുഗോപാലിന്റെ നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ നിതിന് സമ്മാനിച്ചത്.

സത്യത്തില്‍ അത്തരം ഒരു ഇടപെടല്‍ നിതിന്‍ പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തെവിടെയാണെങ്കിലും മലയാളികളുടെ കഷ്ടപാടിലും ദുരിതത്തിലും ഇടപ്പെട്ട് പരിഹാരം കാട്ടാനുള്ള കോണ്‍ഗ്രസിന്റെയും കെസി വേണുഗോപാലിന്റെയും വിശാലതയുമാണ് നിതിന്റെ ജീവിതത്തിലുണ്ടായ ചെറിയ സംഭവം ചൂണ്ടിക്കാട്ടുന്നത്. ഏത് സമയത്തും ഒരുവിളിപ്പാട് അകലെ തങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസം കാണാന്‍ ഉണന്നിരുന്ന മലയാളികള്‍ ഉള്ളുതൊട്ട് സ്നേഹിച്ച കുഞ്ഞൂഞ്ഞെന്ന ഉമ്മന്‍ചാണ്ടിയെന്ന വലിയ മനുഷ്യന്റെ അതേ നന്മയുടെ മുഖം കൂടിയാവുകയാണ് കെസി വേണുഗോപാല്‍. പരിചയമുള്ള നമ്പരുകളില്‍ നിന്നുള്ള വിളിയും സന്ദേശങ്ങളും ഗൗനിക്കാത്ത ഇന്നത്തെ കാലത്ത് അപരിചിതരുടെ പ്രശ്നങ്ങള്‍ക്ക് ഒരു ഫോണ്‍ സന്ദേശത്തിലൂടെ പരിഹാരം കണ്ടെത്തുന്ന വേണുഗോപാല്‍ കോണ്‍ഗ്രസിലെ ഉമ്മന്‍ ചാണ്ടി മോഡലിന്റെ പിന്‍ഗാമിയാണെന്ന് നിസംശയം പറയാം.

ലഡാക്കില്‍ നിന്ന് മടങ്ങി കേരളത്തിലെത്തിയാല്‍ കെസി വേണുഗോപാലിനെ നേരില്‍ കണ്ട് നന്ദി പറയണമെന്ന ആഗ്രഹമെന്ന് നിതിന്‍ പറയുന്നു. തിരക്കുകള്‍ക്ക് ഇടയിലും തന്റെ സന്ദേശം കണ്ടറിഞ്ഞ് അത് നിറവേറ്റിയ കെസി വേണുഗോപാല്‍, തന്റെ ഈ ആഗ്രഹവും നിറവേറ്റാന്‍ അവസരം തരുമെന്നാണ് പ്രതീക്ഷയെന്ന് പറയുമ്പോഴും നിതിന്റെ കണ്ണില്‍ ഒരു തിളക്കം കാണാമായിരുന്നു.

Similar News