താല്‍പര്യമില്ലാതിരുന്നിട്ടും മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചു; ഓന്‍ലെര്‍ പരാജയപ്പെട്ടതോടെ അസ്വാരസ്യം; മൂന്ന് കോടിയോളം രൂപ പ്രചാരണത്തിന് വിനിയോഗിച്ചതില്‍ അതൃപ്തി; വിവാഹ മോചനത്തിന് ഒരുങ്ങി മേരി കോം; താരദമ്പതികള്‍ ഉടന്‍ പിരിയുമെന്ന് റിപ്പോര്‍ട്ട്

വിവാഹ മോചനത്തിന് ഒരുങ്ങി മേരി കോം

Update: 2025-04-09 10:55 GMT

ഇംഫാല്‍: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ക്ക് ഒടുവില്‍ ഇന്ത്യയുടെ ഇതിഹാസ ബോക്‌സിങ് താരം മേരികോം വിവാഹമോചിതയാകാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കുറച്ചു കാലങ്ങളായി മേരിയും ഭര്‍ത്താവും ഫുട്ബോള്‍ താരവുമായ ഓന്‍ലെറും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. നാല് മക്കളോടൊപ്പം മേരി ഫരീദാബാദിലേക്ക് താമസം മാറ്റിയെന്നും ബന്ധുക്കളോടൊപ്പം ഡല്‍ഹിയിലാണ് ഓന്‍ലെര്‍ താമസിക്കുന്നതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓന്‍ലെര്‍ ആക തകര്‍ന്ന അവസ്ഥയിലാണുള്ളതെന്നും കുട്ടികളെ കാണാന്‍ പോലും കഴിയുന്നില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

2022ലെ മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഓന്‍ലെര്‍ പരാജയപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ തുടങ്ങിയത്. അന്ന് മേരിയും ഓന്‍ലെറും മൂന്ന് കോടിയോളം രൂപ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ചിരുന്നു. ഇത്രയും പണം നഷ്ടമായതില്‍ മേരി അസന്തുഷ്ടയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സയം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഓന്‍ലെറിന് താത്പര്യമില്ലായിരുന്നു. എന്നാല്‍ മേരിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഓന്‍ലെര്‍ മത്സരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

'അത് മേരിയുടെ പദ്ധതിയായിരുന്നു. ഓന്‍ലെറിന് മത്സരിക്കാന്‍ താത്പര്യമില്ലായിരുന്നു. മണിപ്പൂരിലെ നിലവിലെ അവസ്ഥയനുസരിച്ച് മത്സരിച്ചാല്‍ വിജയിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്ന് ഓന്‍ലെര്‍ മേരിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ തോല്‍വിക്കുശേഷം ഇരുവരും തമ്മിലുള്ള ബന്ധം മോശമായി. ദാമ്പത്യജീവിതത്തിനിടയിലെ പതിവ് അസ്വാരസ്യങ്ങള്‍ കൂടുതല്‍ ഗൗരവമുള്ള രീതിയിലേക്ക് മാറി. മേരി കുട്ടികളോടൊപ്പം ഫരീദാബാദിലേക്ക് താമസം മാറി.'-റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മേരിയും ഓന്‍ലെറും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാല്‍ മേരിക്ക് മറ്റൊരു ബോക്സിങ് താരത്തിന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്നും മേരിയും ഓന്‍ലെറും വിവാഹമോചിതരാകാന്‍ പോകുകയാണെന്നും ഒരു ബോക്സിങ് താരം വെളിപ്പെടുത്തി.

'അതൊന്നും അഭ്യൂഹങ്ങളല്ല. വേര്‍പിരിയാനുള്ള കാരണം എന്താണെന്ന് ആര്‍ക്കും കൃത്യമായി അറിയില്ല. മേരി മാം മറ്റൊരു ബോക്സിങ് താരത്തിന്റെ ഭര്‍ത്താവുമായി ബന്ധത്തിലാണെന്ന് എല്ലാവരും പറയുന്നു. അയാളെ തന്റെ ബിസിനസ് പങ്കാളിയായി പരിചയപ്പെടുത്തിയുള്ള പോസ്റ്റുകള്‍ മേരി മാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അത് ഊഹാപോഹങ്ങള്‍ക്ക് ശക്തി കൂട്ടി'-ബോക്സിങ് താരം പറയുന്നു.

മേരിയുടെ കരിയറിന് പിന്തുണയേകാന്‍ സ്വന്തം ഫുട്ബോള്‍ കരിയര്‍ വരെ ഉപേക്ഷിച്ച വ്യക്തിയാണ് ഓന്‍ലെറെന്നും എന്നാലിപ്പോള്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2005 മാര്‍ച്ചിലാണ് മേരി കോമും ഓന്‍ലെറും വിവാഹിതരായത്. ഇരുവര്‍ക്കും നാല് മക്കളുണ്ട്.

Tags:    

Similar News