'ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം ഇറാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു; പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ മുന്നേറുമ്പോഴും വിസ ഫ്രീ യാത്രയില്‍ തിരിച്ചടി; പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 75-ാം സ്ഥാനത്ത്; വിസയില്ലാതെ പോകാവുന്ന രാജ്യങ്ങളുടെ എണ്ണത്തില്‍ കുറവ്
'ഇന്ത്യക്കാര്‍ക്ക് വിസരഹിത പ്രവേശനം ഇറാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു
മുംബൈ: ഏറ്റവും പുതിയ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക പ്രകാരം, ഇന്ത്യ ഇപ്പോള്‍ ലോകത്ത് 75-ാം സ്ഥാനത്താണ്. 2025-ല്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് 85-ാം സ്ഥാനത്തായിരുന്നു. അതിലും ശ്രദ്ധേയമായ കാര്യം, 2026 ജനുവരിയില്‍ 80-ാം സ്ഥാനത്തായിരുന്ന രാജ്യം വെറും ഒരു മാസത്തിനുള്ളില്‍ 75-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു എന്നതാണ്. എന്നാല്‍ മറ്റൊരു പ്രധാനപ്പെട്ട കാര്യം മുന്‍കൂര്‍ വിസ അനുമതിയില്ലാതെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറച്ച് സ്ഥലങ്ങളിലേക്ക് മാത്രമേ നിലവില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് പ്രവേശിക്കാന്‍ കഴിയൂ എന്നതാണ്. 2025-ല്‍, ഇന്ത്യക്കാര്‍ക്ക് വിസയ്ക്ക് മുന്‍കൂട്ടി അപേക്ഷിക്കാതെ തന്നെ 57 സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ കഴിയുമായിരുന്നു. 2026 ജനുവരിയില്‍ ആ സംഖ്യ 55 ആയി കുറഞ്ഞു. ഇപ്പോള്‍ ഫെബ്രുവരിയിലെ കണക്കനുസരിച്ച് 56 ലക്ഷ്യസ്ഥാനങ്ങളില്‍ എത്തി.
ഏതായാലും സൂചികയില്‍ ഇന്ത്യ 10 സ്ഥാനങ്ങള്‍ മുന്നേറി എന്നത് ഇന്ത്യക്ക് അഭിമാനകരമായി മാറുകയാണ്. 2026 ജനുവരിയില്‍ 55 ലക്ഷ്യ സ്ഥാനങ്ങളിലേക്ക് പ്രവേശനം നേടിയാണ് ഇന്ത്യ എണ്‍പതാം സ്ഥാനത്ത് എത്തിയത്. ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്‌സ് പ്രസിദ്ധീകരിച്ച ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചിക, 227 ലക്ഷ്യസ്ഥാനങ്ങളിലായി 199 പാസ്‌പോര്‍ട്ടുകളെയാണ് റാങ്ക് ചെയ്യുന്നത്. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റയാണ് ഇതിനായി ഉപയോഗിക്കുന്നത്.
വിസ രഹിത പ്രവേശനം, വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ ചില ഇലക്ട്രോണിക് യാത്രാ അംഗീകാരങ്ങള്‍ അനുവദിക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവ സൂചിക കണക്കാക്കുന്നു. യാത്രക്കാര്‍ മുന്‍കൂട്ടി വിസയ്ക്ക് അപേക്ഷിക്കുകയും പുറപ്പെടുന്നതിന് മുമ്പ് അംഗീകാരം നേടുകയും വേണം. ഇറാനും ബൊളീവ്യയും അവരുടെ വിസാ നിയമങ്ങള്‍ മാറ്റിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സാധാരണ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത പ്രവേശനം ഇറാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ത്യന്‍ പൗരന്മാര്‍ ഉള്‍പ്പെട്ട വഞ്ചന, കടത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, സാധാരണ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ലഭ്യമായ വിസ ഒഴിവാക്കല്‍ സൗകര്യം പ്രയോജനപ്പെടുത്തി വ്യക്തികളെ ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഈ സംവിധാനം ഉപയോഗിക്കുകയും അവിടെ എത്തിച്ചേരുമ്പോള്‍ അവരെ പലപ്പോഴും തട്ടിക്കൊണ്ട് പോയി വിട്ടയയ്ക്കാന്‍ വിലപേശല്‍ നടത്തുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇറാന്‍ ഈ തീരുമാനം എടുത്തത്. ബൊളീവിയയും അതിന്റെ നയം മാറ്റി. 2025-ല്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് അറൈവലില്‍ വിസ ലഭിക്കുമായിരുന്നു.
2026-ല്‍, ബൊളീവിയ ഇന്ത്യന്‍ യാത്രക്കാരെ ഓണ്‍ലൈന്‍ അപേക്ഷ, ഡോക്യുമെന്റ് അപ്ലോഡ്, മുന്‍കൂര്‍ അനുമതി എന്നിവ ആവശ്യമുള്ള ഒരു ഇ-വിസ സംവിധാനത്തിലേക്ക് മാറ്റി. മുന്‍കൂര്‍ അംഗീകാരം ആവശ്യമുള്ള ലക്ഷ്യസ്ഥാനങ്ങളെ സൂചിക ഒഴിവാക്കുന്നതിനാല്‍, ബൊളീവിയ ഇനി ഇന്ത്യയുടെ വിസ-ഫ്രീ പട്ടികയില്‍ ഉള്‍പ്പെടില്ല. 2026 ഫെബ്രുവരിയില്‍ ഗാംബിയയെ ഈ പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.
ഇതോടെ ഇന്ത്യയുടെ സ്ഥാനം 56 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വലിയ ഇടിവ് നേരിടുകയും ചെയ്തിരുന്നു. 192 രാജ്യങ്ങളിലേക്കുള്ള പ്രവേശനവുമായി സിംഗപ്പൂര്‍ സൂചികയില്‍ ഒന്നാം സ്ഥാനത്താണ്. ജപ്പാന്‍, ദക്ഷിണ കൊറിയ സ്വീഡന്‍, യുഎഇ എന്നിവയാണ് തൊട്ടുപിന്നില്‍. ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍, യുഎസ് തുടങ്ങിയ വികസിത രാജ്യങ്ങള്‍ ആഗോള മൊബിലിറ്റി റാങ്കിംഗില്‍ ആധിപത്യം തുടരുകയാണ്.
ഭൂട്ടാന്‍, നേപ്പാള്‍, മലേഷ്യ, തായ്‌ലന്‍ഡ്, തിമോര്‍-ലെസ്റ്റെ, മക്കാവോ , കസാക്കിസ്ഥാന്‍, മ്യാന്‍മര്‍, കെനിയ, അംഗോള, മൗറീഷ്യസ്, റുവാണ്ട, സെനഗല്‍, സീഷെല്‍സ്, ഗാംബിയ, കൊമോറോ ദ്വീപുകള്‍, കേപ് വെര്‍ഡെ, ഫിജി, കുക്ക് ദ്വീപുകള്‍, കിരിബാത്തി, മൈക്രോനേഷ്യ, നിയു, പലാവു ദ്വീപുകള്‍, വനുവാട്ടു, ബാര്‍ബഡോസ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍, ഡൊമിനിക്ക, ഗ്രെനഡ, ഹെയ്തി, ജമൈക്ക, മോണ്ട്സെറാറ്റ്, സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്, സെന്റ് വിന്‍സെന്റ് ആന്‍ഡ് ഗ്രനേഡൈന്‍സ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ രാജ്യങ്ങളിലേക്ക് ഇനി ഈസിയായി സന്ദര്‍ശിക്കാം.
