സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക് മിസൈലുകളെ തരിപ്പണമാക്കിയത് ഇന്ത്യയുടെ സുദര്‍ശന ചക്രം! റഷ്യയില്‍ നിന്നും വാങ്ങിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനത്താല്‍; പാക്കിസ്ഥാന്റെ പക്കലിരുന്ന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനത്തെ തവിടു പൊടിയാക്കി ഇന്ത്യയുടെ തിരിച്ചടിയും

സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാക് മിസൈലുകളെ തരിപ്പണമാക്കിയത് ഇന്ത്യയുടെ സുദര്‍ശന ചക്രം!

Update: 2025-05-08 10:29 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ നൂതന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളായിരുന്നു പാകിസ്ഥാന്‍ തയാറാക്കിയിരുന്നത്. എന്നാല്‍, പാക് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇന്ത്യന്‍ നടപടിയെ ചെറുക്കാന്‍ പകരം ഇന്നലെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയാണ് ഉന്നമിട്ടത്. എന്നാല്‍ ഈ വ്യോമാക്രമണങ്ങലെ ഇന്ത്യ സമര്‍ത്ഥമായി പ്രതിരോധിച്ചു. മാത്രമല്ല, ഇന്ത്യ തിരച്ചടിച്ചപ്പോള്‍ ലഹോറിലെ വ്യോമ പ്രതിരോധ റഡാറുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തു. എസ് 400 സംവിധാനം ഉള്‍പ്പടെ ഉപയോഗിച്ചാണ് ഇന്ത്യ പ്രതിരോധം സൃഷ്ടിച്ചത്.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് പകരമായി പാകിസ്താന്‍ നടത്തിയ മിസൈല്‍ ആക്രമണം ചെറുത്തത് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനമാണ്. റഷ്യയില്‍ നിന്ന് ഇന്ത്യ അടുത്തിടെ വാങ്ങിയ പ്രതിരോധ സംവിധാനമാണ് എസ്-400. യുദ്ധവിമാനങ്ങള്‍, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒമ്പതിടത്ത് ഇന്ത്യ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ പ്രത്യാക്രമണം പ്രതിരോധിക്കാനായി എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റ് ചെയ്തിരുന്നു. ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. 40 മുതല്‍ 400 കിലോമീറ്റര്‍ ദൂരെ വരെയുള്ള ഒന്നലധികം ലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ ഒരേസമയം തകര്‍ക്കാനും ഇതിന് സാധിക്കും.

അഞ്ച് എസ്-400 മിസൈല്‍ സംവിധാനമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വാങ്ങിയത്. ഇതില്‍ മൂന്നെണ്ണമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് വിതരണം ചെയ്തിട്ടുള്ളത്. ഇതിലൊന്ന് പാക് അതിര്‍ത്തിയുടെ സുരക്ഷയ്ക്കായാണ് വിന്യസിച്ചിരുന്നത്. ശ്രീനഗര്‍, ജമ്മു, പത്താന്‍കോട്ട്, അമൃത്സര്‍, ലുധിയാന, ഭുജ് തുടങ്ങിയ സ്ഥലങ്ങളേ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങള്‍ എസ്-400 നിഷ്പ്രഭമാക്കി. ഇന്ത്യ ഇതിന് സുദര്‍ശന്‍ ചക്ര എന്നാണ് പേരിട്ടിരിക്കുന്നത്.


 



അതേസമയം ചൈന പ്രിസിഷന്‍ മെഷിനറി ഇംപോര്‍ട്ട്-എക്സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത FD-2000, HQ-9BE, HQ-16FE എന്നിവയാണ് പാക്കിസ്ഥാന്‍ ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. ലഹോറിലെ ഈ സംവിധാനമാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ തകര്‍ന്നതും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുഖള്‍. 2019-ല്‍ ബലാകോട്ടില്‍ നടന്ന വ്യോമാക്രമണം പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ ദുര്‍ബലതകള്‍ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ചൈനയുടെ നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

അത്യാധുനിക സംവിധാനങ്ങളുള്ള മിസൈല്‍ സംവിധാനം

ഇന്ത്യയുടെ പക്കലുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ മികവാണ് സൈന്യത്തിന് തുണയായി മാറിയത്. റഷ്യന്‍ നിര്‍മിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400. ശത്രുക്കളുടെ പോര്‍ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് - ക്രൂസ് മിസൈലുകളുമെല്ലാം 40 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലത്തില്‍ വെച്ച് തീര്‍ത്തുകളയാന്‍ എസ്400 നാവും. ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയാണ് എസ്400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയായി എടുത്തുകാണിക്കുന്നത്. അമേരിക്കന്‍ മാധ്യമമായ 19 ഫോര്‍ടിഫൈവ് പ്രതിരോധ വിദഗ്ധനായ പീറ്റര്‍ സുസിയു എഴുതിയ ലേഖനത്തില്‍ എസ്400നെക്കുറിച്ച് വിദമായി പറയുന്നുണ്ട്.

400 കിലോമീറ്റര്‍ ദൂരപരിധിയില്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ലക്ഷ്യം ഭേദിക്കാന്‍ എസ്400ന് സാധിക്കുമെന്നാണ് സിസിയു പറയുന്നത്. നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും കാറ്റില്‍പറത്തി റഷ്യ തങ്ങളുടെ ഈ ആയുധം നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും സിസിയു പറയുന്നു. എസ്400 ആദ്യം ചൈനയ്ക്കും ബലാറസിനും പിന്നീട് തുര്‍ക്കിക്കും ഇന്ത്യയ്ക്കുമാണ് റഷ്യ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ വിലക്ക് ഭീഷണികള്‍ വകവെക്കാതെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്.

റഷ്യയുടെ ഏറ്റവും നൂതനമായ ദീര്‍ഘദൂര ഉപരിതല മിസൈല്‍ പ്രതിരോധ സംവിധാനമായാണ് എസ്-400 അറിയപ്പെടുന്നത്. നൂറുകണക്കിന് കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനങ്ങള്‍, മിസൈലുകള്‍, യുഎവികള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കളെ ഒരേസമയം നിരീക്ഷിക്കാനും അവയെ നിര്‍വീര്യമാക്കുന്നതിന് ഉചിതമായ മിസൈലുകള്‍ വിക്ഷേപിക്കാനും ഇതിന് കഴിയും.


 



1000 കിലോമീറ്റര്‍ ദൂരത്തില്‍ നിന്ന് തന്നെ ആക്രമിക്കാനെത്തുന്ന മിസൈലുകളെ കണ്ടെത്താനും ഒരേസമയം തന്നെ നിരവധി വസ്തുക്കളെ ട്രാക്ക് ചെയ്യാനും മിസൈല്‍ സംവിധാനങ്ങളെ നിര്‍വീര്യമാക്കാനും കഴിയുന്ന റഡാറുകള്‍ എസ്-400നില്‍ ഉണ്ടെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബോംബറുകള്‍, ഇലക്ട്രോണിക് യുദ്ധത്തിന് ഉപയോഗിക്കുന്ന വിമാനങ്ങള്‍, രഹസ്യാന്വേഷണ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി വസ്തുക്കള്‍ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനുമാണ് എസ്-400 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ നാല് വ്യത്യസ്ത മിസൈലുകളാണുള്ളത്. അവയ്ക്ക് ശത്രുവിമാനങ്ങള്‍, മിസൈലുകള്‍ എന്നിവ വ്യത്യസ്ത ദൂരത്തില്‍ നിന്ന് നേരിടാന്‍ കഴിയും. അതായത്, 400 കിലോമീറ്റര്‍, 250 കിലോമീറ്റര്‍, 120 കിലോമീറ്റര്‍, ഹ്രസ്വദൂരമായ 40 കിലോമീറ്റര്‍ എന്നിങ്ങനെയുള്ള ദൂരപരിധികളില്‍ ആക്രമണത്തെ നേരിടാന്‍ കഴിയും. രാജ്യത്തിനകത്ത് തന്നെ സൈനികര്‍ക്ക് പരിശീലനം നല്‍കിയ ശേഷം കിഴക്കന്‍ അതിര്‍ത്തികളിലായിരിക്കും വ്യോമസേന സംവിധാനം വിന്യസിക്കുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News