ബില്ലും സ്‌കാനിങ് റിപ്പോര്‍ട്ടുകളും ഡിസ്ചാര്‍ജ് സമയത്ത് കൈമാറണം; ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് വാങ്ങി വച്ച് രോഗമില്ലാ മാറിടം ഇനി മുറിച്ചു മാറ്റിയാല്‍ അപ്പോള്‍ തന്നെ ഇനി സമൂഹം അറിയും; ചികില്‍സാ അപാകം ഉപഭോക്തൃ കോടതിയിലും പരിഗണിക്കാം; ആശുപത്രികളെ നേര്‍വഴിക്ക് കൊണ്ടു വരാന്‍ ഹൈക്കോടതി ഇടപെടല്‍; ഇത് കേരളം ആഗ്രഹിച്ച വിധി

Update: 2025-11-27 01:30 GMT

കൊച്ചി: മുന്‍കൂര്‍ പണം നല്‍കിയില്ലെങ്കിലും അത്യാസന്ന വിഭാഗങ്ങളിലെത്തുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളടക്കം അടിയന്തരചികിത്സ നിഷേധിക്കരുതെന്ന് ഹൈക്കോടതി വിധി സ്വകാര്യ ആശുപത്രികള്‍ക്ക് കടുത്ത തിരിച്ചടി. ആശുപത്രി കൊള്ളയ്ക്ക് തടയിടുന്നതാണ് നടപടി. 2018ലെ കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമവും ചട്ടങ്ങളും ശരിവച്ച സിംഗിള്‍ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ നല്‍കിയ അപ്പീല്‍ തള്ളിയാണ് ഉത്തരവിട്ടത്. ഡോക്ടര്‍മാരുടേയും ആശുപത്രികളുടേയും ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം വാദിക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടിയാണ് ഈ വിധി. ബില്ല്, സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ ഡിസ്ചാര്‍ജ് സമയത്ത് കൈമാറണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്‌കാനിംഗ് റിപ്പോര്‍ട്ടും മറ്റും വാങ്ങി വച്ച് ക്യാന്‍സറില്ലാ മാറിടം അടക്കം മുറിച്ചു മാറ്റുന്ന രീതി കേരളത്തിലുണ്ട്. എല്ലാ റിപ്പോര്‍ട്ടും ആശുപത്രികള്‍ സ്വകാര്യമായി സൂക്ഷിക്കുന്നതു കൊണ്ടാണ് ഇത്. ഇനി ഇതും നടക്കില്ല.

രേഖകള്‍ കൈവശമില്ലെങ്കിലും ചികിത്സ നല്‍കണം. കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ അയക്കുമ്പോള്‍ സുരക്ഷിതയാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധര്‍മാധികാരി, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ നിയമം ഭരണഘടനയ്ക്ക് എതിരല്ലെന്നും രാജ്യാന്തര നിലവാരത്തിന് യോജിച്ചതാണെന്നും വ്യക്തമാക്കി. ഉത്തരവ് സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികള്‍ക്കെല്ലാം ബാധകമാണ്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ ആശുപത്രികളുടെ രജിസ്‌ട്രേഷന്‍ സസ്പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാം. രോഗികള്‍ക്ക് പരാതികളില്‍ സിവിലായും ക്രിമിനലായും പരിഹാരം തേടാം.

ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നല്‍കാനും ഉചിതമായ വിജ്ഞാപനമിറക്കാനും നിര്‍ദേശിച്ചു. പ്രസക്തഭാഗങ്ങള്‍ ഒരുമാസത്തിനകം മലയാളം/ഇംഗ്ലീഷ് പത്ര, ദൃശ്യ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തണം. ഒരുമാസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കണം. ആശുപത്രികളിലും വെബ്‌സൈറ്റിലും ചികിത്സാഫീസും പാക്കേജ് തുകയും രോഗികളുടെ അവകാശ വിവരങ്ങളും പ്രദര്‍ശിപ്പിക്കണം. ആശുപത്രി ജീവനക്കാരുടെ സമഗ്രവിവരം രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ നല്‍കണം. ചികിത്സാഅപാകം, തട്ടിപ്പ്, വഞ്ചന എന്നിവയ്ക്കെതിരെ ഉപഭോക്തൃ കോടതിയിലും പൊലീസിലും പരാതിപ്പെടാം. ഗുരുതര പരാതി ചീഫ് സെക്രട്ടറിക്കോ പൊലീസ് മേധാവിക്കോ നല്‍കാം. എല്ലാ ആശുപത്രികളിലും പരാതിപരിഹാര സംവിധാനം വേണം. പരാതികള്‍ ഏഴുദിവസത്തിനകം തീര്‍പ്പാക്കണം. തീര്‍പ്പാകാത്തവ ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് വിടണം.

ഫീസ് പ്രദര്‍ശിപ്പിക്കല്‍, ജീവനക്കാരുടെ വിവരം കൈമാറല്‍, അടിയന്തര ചികിത്സ ഉറപ്പാക്കല്‍ എന്നീ വ്യവസ്ഥകളാണ് ഹര്‍ജിക്കാര്‍ എതിര്‍ത്തത്. നിയമനടപടിയിലേക്ക് നീങ്ങിയതിന് പിഴ ഈടാക്കേണ്ടതാണെങ്കിലും ചെയ്യുന്നില്ലെന്നും പറഞ്ഞു. സേവനങ്ങളും ഫീസ് വിവരങ്ങളും റിസപ്ഷനിലും അഡ്മിഷന്‍ ഡെസ്‌കിലും സൈറ്റിലും നല്‍കണം, ബ്രോഷറും ഇറക്കണമെന്നും നിര്‍ദ്ദേശിച്ചു. ബെഡ്ഡ്, ഐസിയു, ആംബുലന്‍സ് വിവരങ്ങളും ഫോണ്‍നമ്പറുകളും പ്രദര്‍ശിപ്പിക്കണം. ബില്ല്, സ്‌കാനിങ് റിപ്പോര്‍ട്ടുകള്‍ ഡിസ്ചാര്‍ജ് സമയത്ത് കൈമാറണമെന്നതും നിര്‍ണ്ണായകമാണ്. പരാതി നല്‍കേണ്ട ഉദ്യോഗസ്ഥന്റെ പേര്, ഫോണ്‍നമ്പര്‍, ഇ-മെയില്‍, ഡിഎംഒ ഹെല്‍പ്ലൈന്‍ നമ്പറുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കണം.

നിര്‍ദേശം പാലിക്കുമെന്ന ഉറപ്പ് എല്ലാ സ്ഥാപനങ്ങളും ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് 30 ദിവസത്തിനകംനല്‍കണം. അതോറിറ്റി 60 ദിവസത്തിനകം പരിശോധന നടത്തി, വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി വിശദീകരിച്ചു. നിയമം പാലിച്ചില്ലെങ്കില്‍ നടപടിയുണ്ടാകും. രജിസ്ട്രേഷന്‍ റദ്ദാക്കും. പിഴ ചുമത്തും. സിവിലായും ക്രിമിനലായും നടപടിയെടുക്കാം. 2018-ല്‍ സംസ്ഥാനസര്‍ക്കാര്‍ പാസാക്കിയ നിയമം നേരത്തേ സിംഗിള്‍ ബെഞ്ച് ശരിവെച്ചിരുന്നു. ഓരോ രോഗത്തിന്റെയും ചികിത്സാനിരക്കടക്കം പ്രസിദ്ധീകരിക്കമെന്നതടക്കമുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ചോദ്യംചെയ്തായിരുന്നു അപ്പീല്‍. എന്നാല്‍, ഈ നിയമം ഭരണഘടനാപരമാണെന്നും ഇടപെടാന്‍ കാരണമില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്‍പ്പെടെ നിയമം ബാധകമാണ്.

നിലവില്‍വിന്നിട്ട് എട്ടുവര്‍ഷമായിട്ടും നിയമം നടപ്പാക്കാന്‍ നടപടിയെടുക്കാത്ത ഹര്‍ജിക്കാര്‍ക്ക് പിഴ ചുമത്തേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു. എന്നാല്‍, ഇളവുനല്‍കി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിറക്കിയത് കണക്കിലെടുത്ത് ഇത് ഒഴിവാക്കുകയാണെന്നും കോടതി പറഞ്ഞു.

Tags:    

Similar News