ബിജെപി ഓഫീസിലെ ഹോമം തുടര്‍ച്ചയായ വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിനു മുമ്പുള്ള ശത്രുപൂജയെന്ന് ദേശാഭിമാനി; മേടപത്തിലെ എകെജി സെന്റര്‍ പാലുകാച്ച് വിവാദത്തിന് ശേഷം മറ്റൊരു പാര്‍ട്ടി ഓഫീസ് വിശ്വാസ ചര്‍ച്ച; ബിജെപി കഷ്ടകാലം ഇതോടെ തീര്‍ന്നുവോ?
തിരുവനന്തപുരം: പ്രേതബാധയകറ്റാനും ശത്രുദോഷം തീര്‍ക്കാനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ പൂജയും ഹോമവും നടത്തിയെന്ന് ദേശാഭിമാനി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലായിരുന്നു ഇത്. സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റെടുത്തശേഷം തുടര്‍ച്ചയായ വിവാദങ്ങളാണ് ബിജെപിക്ക് നേരിടേണ്ടിവന്നതെന്നാണ് ആരോപണം. എന്നാല്‍ ബിജെപി ഓഫീസില്‍ ഇത്തരം ഹോമങ്ങള്‍ മുമ്പും നടന്നിട്ടുണ്ട്. വിശ്വാസ പാര്‍ട്ടിയായതുകൊണ്ട് ഇതെല്ലാം സ്വാഭാവികമാണ്.
ഇതാണ് ദേശാഭിമാനി വിവാദമാകുന്നത്. രണ്ടുമാസത്തിനിടെ ജില്ലാ ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ തിരുമല അനില്‍, ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തന്പി, ആര്‍എസ്എസ് ശാഖയില്‍ ലൈംഗിക പീഡനത്തിന് ഇരയായ കോട്ടയം സ്വദേശി അനന്തു അജി എന്നിവരാര്‍ ആത്മഹത്യ ചെയ്തു. തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയായ മഹിളാമോര്‍ച്ച നേതാവ് നെടുമങ്ങാട് സ്വദേശി ശാലിനിയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു-ഇതാണ് ദേശാഭിമാനി റിപ്പോര്‍ട്ടിംഗ്. എകെജി സെന്ററിന്റെ പാലുകാലച്ച് ചടങ്ങ് മേടപത്തിനാണ് നടന്നത്. ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ ദിവസത്തെ പാലുകാച്ച് അന്ന് വിവാദമായിരുന്നു. അത് സ്വാഭാവികമെന്നായിരുന്നു സിപിഎം വിശദീകരിച്ചത്. ഇപ്പോള്‍ ബിജെപി ഓഫീസിലെ പൂജ ദേശാഭിമാനി വിശദ വാര്‍ത്തയാക്കുന്നു. കഴിഞ്ഞ ദിവസം കൈരളി ടിവിയും നല്‍കി.
രാജീവ് ചന്ദ്രശേഖറിന്റെ പേരില്‍ കര്‍ണാടകത്തിലെ 500 കോടി രൂപയുടെ ഭൂമി കൂഭകോണം ആരോപണങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പേരില്‍ 43 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പും എം എസ് കുമാറിന്റെ വെളിപ്പെടുത്തലും പുറത്തുവന്നു. വിവാദങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ച്ചയായ വിവാദങ്ങളും ദുര്‍മരണങ്ങളും ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പിനുമുന്പ് ശത്രുപൂജ നടത്തണമെന്ന സുരേഷിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഹോമം. പൂജാരിയെ എത്തിച്ചതും സുരേഷാണെന്നാണ് വാര്‍ത്ത. ദേശാഭിമാനിയുടെ വാര്‍ത്ത അനുസരിച്ച് ഹോമത്തോടെ ബിജെപിയുടെ കഷ്ടകാലം തീര്‍ന്നുവെന്ന് വേണം വിലയിരുത്താന്‍.
കെ സുരേന്ദ്രനും വി മുരളീധരനും പങ്കെടുത്തില്ല. സംസ്ഥാന ഓഫീസിന്റെ പ്രവര്‍ത്തനം മാരാര്‍ജി ഭവനില്‍ ആരംഭിച്ചെങ്കിലും ഉദ്ഘാടനം ചെയ്തിട്ടില്ല. തറവാടിന് ശത്രുദോഷമുള്ളതിനാലാണ് ഇവിടെ ചേരുന്ന പല യോഗങ്ങളില്‍നിന്നും മുരളീധരനും സുരേന്ദ്രനും മാറിനില്‍ക്കുന്നതെന്നാണ് ചില പ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യമായാണ് കേരളത്തില്‍ ഒരു പാര്‍ടിയുടെ സംസ്ഥാന കാര്യാലയത്തില്‍ ഹോമം നടത്തുന്നതെന്നും പറയുന്നു. എന്നാല്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ചും ഇതേ ഓഫീസില്‍ ഇത്തരത്തില്‍ പൂജ നടന്നിരുന്നുവെന്നതാണ് വസ്തുത.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റില്‍ വിജയിക്കാനും ശത്രുദോഷത്തിനും ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഹോമം നടത്തിയെന്ന വിവരം നിഷേധിച്ചില്ല സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നും ദേശാഭിമാനി പറയുന്നു. കോഴിക്കോട് പ്രസ് ക്ലബ്ബിലെ 'മീറ്റ് ദ ലീഡര്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവെന്നും വിശദീകരിക്കുന്നു.
