ഇന്‍ഡിഗോയ്ക്ക് താളംതെറ്റി! വിമാനങ്ങള്‍ വൈകുന്നത് 7-8 മണിക്കൂര്‍ വരെ; കൃത്യത 35% ആയി കൂപ്പുകുത്തി; പൈലറ്റ് ക്ഷാമവും പുതിയ നിയമങ്ങളും വിനയായി; ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളില്‍ അടക്കം 200 വിമാനങ്ങള്‍ റദ്ദാക്കി; ആഭ്യന്തര യാത്രക്കാര്‍ ദുരിതത്തില്‍
ഇന്‍ഡിഗോയ്ക്ക് താളംതെറ്റി!
ന്യൂഡല്‍ഹി: രാജ്യത്ത് 60 ശതമാനത്തിലധികം ആഭ്യന്തര യാത്രക്കാരെ പറത്തുന്ന 'ഇന്‍ഡിഗോ' വിമാനങ്ങള്‍ക്ക് കനത്ത തിരിച്ചടി. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതോടെ വിമാന സര്‍വീസുകള്‍ താളം തെറ്റുകയും വന്‍തോതില്‍ റദ്ദാക്കുകയും ചെയ്യുന്നു. സാധാരണയായി രാജ്യത്ത് ക്യത്യനിഷ്ഠയ്ക്ക് പേരുകേട്ട ഇന്‍ഡിഗോയുടെ (IndiGo) ഓണ്‍-ടൈം പെര്‍ഫോമന്‍സ് (OTP) 35% ആയി കൂപ്പുകുത്തി.
ഞെട്ടിക്കുന്ന കണക്കുകള്‍:
പ്രതിദിനം 2,200-ല്‍ അധികം സര്‍വീസുകള്‍ നടത്തുന്ന ഇന്‍ഡിഗോയുടെ ചൊവ്വാഴ്ച (ഡിസംബര്‍ 2) കൃത്യസമയത്ത് പറന്നത് വെറും 35% വിമാനങ്ങള്‍ മാത്രമാണ്. ഇത് അലയന്‍സ് എയറിന്റെയും സ്പൈസ്ജെറ്റിന്റെയും സമയനിഷ്ഠയ്ക്കും താാഴെയാണ്. ചില വിമാനങ്ങള്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കി. ബുധനാഴ്ച ഉച്ചവരെ മാത്രം ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളില്‍ ഏകദേശം 200 വിമാനങ്ങളാണ് റദ്ദാക്കിയത്.
പൈലറ്റ് ക്ഷാമം, പുതിയ നിയമം വിനയായി
വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ച്, ഇന്‍ഡിഗോയുടെ പ്രതിസന്ധിക്ക് പ്രധാന കാരണം കഴിഞ്ഞ മാസം നിലവില്‍ വന്ന പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയപരിധി (FDTL) നിയമങ്ങളാണ്. ജീവനക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട വിശ്രമവും ജോലി സമയവും ഉറപ്പാക്കുന്ന പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നതോടെ, നിലവിലുള്ള പൈലറ്റുമാരെ വെച്ച് ഷെഡ്യൂള്‍ ക്രമീകരിക്കാന്‍ എയര്‍ലൈനിന് കഴിയുന്നില്ല.
'ചില വിമാനങ്ങളില്‍ ക്യാബിന്‍ ക്രൂ ഇല്ലാത്തതിനാല്‍ റദ്ദാക്കേണ്ടി വന്നു. വിവിധ ബേസുകളിലേക്ക് ജീവനക്കാരെ അയച്ച് സര്‍വീസ് നടത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക്ഷാമം കൈവിട്ട് പോയിരിക്കുകയാണ്. കൃത്യനിഷ്ഠയുടെ (OTP) കാര്യത്തില്‍ പേരുകേട്ട ഇന്‍ഡിഗോ 35% ലേക്ക് വീണത് വിശ്വസിക്കാനാവുന്നില്ല,' വിമാനത്താവള വൃത്തങ്ങള്‍ പറയുന്നു.
സാങ്കേതിക പ്രശ്‌നങ്ങളും ശീതകാല തിരക്കും
പുതിയ നിയമപരമായ വെല്ലുവിളികള്‍ക്കൊപ്പം, ശൈത്യകാലത്തെ തിരക്കും മറ്റ് സാങ്കേതിക തകരാറുകളും ഇന്‍ഡിഗോയ്ക്ക് അധിക ബാധ്യതയായി. യാത്രക്കാരുടെ ബോര്‍ഡിംഗ് പ്രോസസ്സിംഗിലെ കാലതാമസത്തിന് സാങ്കേതിക പ്രശ്‌നങ്ങളും കാരണമായി എന്ന് ഇന്‍ഡിഗോ വക്താവ് സമ്മതിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ബാഗേജ് മെസ്സേജിങ് സംവിധാനം തകരാറിലായത് ടെര്‍മിനല്‍ 1ലും 3ലും വന്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചു.
ഇന്‍ഡിഗോയുടെ പ്രതികരണം
'സാങ്കേതിക പ്രശ്നങ്ങള്‍, എയര്‍പോര്‍ട്ട് കണ്‍ജഷന്‍, പ്രവര്‍ത്തനപരമായ ആവശ്യകതകള്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കുന്നതും,' ഇന്‍ഡിഗോ വക്താവ് വ്യക്തമാക്കി.. പ്രതിദിനം 5 ലക്ഷത്തിലധികം യാത്രക്കാര്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് ആശ്രയിക്കുന്ന തിരക്കേറിയ യാത്രാ സീസണില്‍ ഇന്‍ഡിഗോയുടെ ഈ പ്രതിസന്ധി യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
