ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ ബ്രഹ്‌മോസ് മിസൈല്‍ കുതിച്ചത് സമുദ്രനിരപ്പില്‍ നിന്ന് 3 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍; റഡാറുകളുടെ കണ്ണിലകപ്പെടാതെ പരീക്ഷണത്തില്‍ കുതിപ്പ്; അയേണ്‍ ഡോമിനും എസ് 500നും പോലും തടുക്കാനാവില്ല; അത്യാധുനിക റഡാര്‍ സംവിധാനവും ടോര്‍പ്പീഡോകളും സ്വന്തം; വിദേശത്തു നിര്‍മിക്കുന്ന അവസാന യുദ്ധക്കപ്പലായ ഐഎന്‍എസ് തമാല്‍ യുദ്ധസജ്ജം
അവസാന യുദ്ധക്കപ്പലായ ഐഎന്‍എസ് തമാല്‍ യുദ്ധസജ്ജം
ന്യൂഡല്‍ഹി: എതിരാളികളെ നേരിടാന്‍ പൂര്‍ണയുദ്ധസജ്ജമായ തല്‍വാര്‍ ക്ലാസ് ഫ്രിഗേറ്റ് ഗണത്തില്‍പ്പെട്ട ഐഎന്‍എസ് തമാല്‍ നാവികസേനയുടെ ഭാഗമായി. റഷ്യയിലെ കലിനിന്‍ഗ്രാഡില്‍ നിര്‍മിച്ച കപ്പലിന്റെ കമ്മിഷനിങ് ചടങ്ങുകളും അവിടെയാണു നടന്നത്. വെസ്റ്റേണ്‍ നാവിക സേനാ ആസ്ഥാനം മേധാവി വൈസ് അഡ്മിറല്‍ സഞ്ജയ് ജെ. സിങ് മുഖ്യാതിഥിയായിരുന്നു. വിദേശത്തു നിര്‍മിക്കുന്ന അവസാനത്തെ ഇന്ത്യന്‍ യുദ്ധക്കപ്പലാണിത്. ബ്രഹ്‌മോസ് ഉള്‍പ്പെടെയുള്ള മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള കപ്പലിന്റെ 26% തദ്ദേശീയമായി നിര്‍മിച്ചതാണ്. നാവികസേനയ്ക്ക് വേണ്ടി നിര്‍മിച്ച രണ്ടാമത്തെ തുഷില്‍ ക്ലാസ് സ്‌റ്റൈല്‍ത്ത് യുദ്ധക്കപ്പലാണ് ഐഎന്‍എസ് തമാല്‍. റഷ്യന്‍ സഹകരണത്തോടെയാണ് സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയോടുകൂടിയ ഈ കപ്പല്‍ ഇന്ത്യ നാവികസേനയ്ക്ക് ലഭ്യമാക്കിയത്. ഈ നീക്കം ഇന്ത്യയുടെ നാവികശക്തി വര്‍ധിപ്പിക്കും.
തല്‍വാര്‍ ക്ലാസിലെ (പ്രോജക്റ്റ് 1135.6 പരമ്പര) എട്ടാമത്തെ കപ്പലാണിത്. തുഷില്‍-ക്ലാസ് ഫ്രിഗേറ്റുകളില്‍ രണ്ടാമത്തെ കപ്പലാണ് തമാല്‍. ഈ ക്ലാസിലെ മുന്‍ ഏഴ് കപ്പലുകളും വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന് കീഴിലുള്ള നാവികസേനയുടെ വെസ്റ്റേണ്‍ ഫ്‌ലീറ്റിന്റെ ഭാഗമാണ്. റഷ്യന്‍ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകളെ അടിസ്ഥാനമാക്കിയാണ് തമാലിന്റെ നിര്‍മാണം നടന്നത്. 125 മീറ്റര്‍ നീളവും 3900 ടണ്‍ ഭാരവുമുള്ള യുദ്ധക്കപ്പലില്‍ ഇന്ത്യയുടെയും റഷ്യയുടെയും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ചിട്ടുണ്ട്. ഡ്യുവല്‍-റോള്‍ ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍, ഉപരിതല-വായു മിസൈലുകള്‍, 100 മില്ലീമീറ്റര്‍ മെയിന്‍ ഗണ്‍, 30 മില്ലീമീറ്റര്‍ ക്ലോസ്-ഇന്‍ വെപ്പണ്‍ സിസ്റ്റംസ്, ആന്റി സബ്മറൈന്‍ റോക്കറ്റ് ലോഞ്ചറുകള്‍, ഹെവിവെയ്റ്റ് ടോര്‍പ്പിഡോകള്‍ എന്നിവ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. ആണവ, ജൈവ, രാസ (എന്‍ബിസി) പ്രതിരോധത്തിനായുള്ള നൂതന ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍, സംരക്ഷിത നിയന്ത്രണ പോസ്റ്റുകളില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന അഗ്‌നിശമന സംവിധാനങ്ങള്‍ എന്നിവയും കപ്പലിലുണ്ട്.
തല്‍വാര്‍ ക്ലാസ് ശ്രേണിയില്‍ നാല് യുദ്ധക്കപ്പലുകള്‍ നിര്‍മിക്കാന്‍ 2016 ല്‍ ആണു റഷ്യയുമായി ധാരണയായത്. ഇതില്‍ ആദ്യത്തേതായ ഐഎന്‍എസ് തുശീല്‍ കഴിഞ്ഞ വര്‍ഷം കമ്മിഷന്‍ ചെയ്തു. ശേഷിക്കുന്ന രണ്ടെണ്ണം ഗോവ കപ്പല്‍ശാലയിലാണു നിര്‍മിക്കുന്നത്. കപ്പലുകള്‍ക്കു വേണ്ടി 21,000 കോടി രൂപയാണു ചെലവഴിച്ചത്. 39,000 ടണ്‍ കേവുഭാരമുള്ള കപ്പലിന് 125 മീറ്ററാണു നീളം. വെര്‍ട്ടിക്കല്‍ ലോഞ്ച് ഹ്രസ്വദൂര എയര്‍ ടു എയര്‍ മിസൈല്‍ (വിഎല്‍എസ്ആര്‍എഎഎം), മധ്യദൂര സര്‍ഫസ് ടു എയര്‍ മിസൈല്‍ (എംആര്‍എസ്എഎം) എന്നിവയുള്‍പ്പെടുന്ന വ്യോമ പ്രതിരോധ സംവിധാനങ്ങളും കപ്പലിലുണ്ട്.
ഇന്ത്യന്‍ സമുദ്രമേഖലയില്‍ ചൈന തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ടിരിക്കെയാണ് കരുത്ത് വര്‍ധിപ്പിച്ച് ഐഎന്‍എസ് തമാല്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് സ്വന്തമാകുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനുമായുണ്ടായ പോരാട്ടവും പ്രതിരോധ രംഗം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വെളിവാക്കുന്നു. ഈ സാഹചര്യത്തില്‍ യുദ്ധക്കപ്പലുകള്‍, വിമാനവാഹനിക്കപ്പലുകള്‍ ഉള്‍പ്പടെ പ്രതിരോധ മേഖലയില്‍ വന്‍ നിക്ഷേപം നടത്തുകയാണ് ഇന്ത്യ.
വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും നിര്‍മിക്കുന്നതിനായി ഇന്ത്യയും റഷ്യയും തമ്മില്‍ കോടിക്കണക്കിന് ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഐഎന്‍എസ് തമാല്‍ കൂടി എത്തിയതോടെ ഇന്ത്യയുടെ സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളുടെ എണ്ണം നാലായി. രണ്ടെണ്ണം കൂടി തദ്ദേശീയമായി നിര്‍മിച്ചുവരികയാണ്. റഷ്യന്‍ ഡിസൈനിലുള്ള നാല് യുദ്ധക്കപ്പലുകളാണ് കരാര്‍ പ്രകാരം നിര്‍മിക്കുക. റഷ്യയില്‍ രണ്ട് യുദ്ധക്കപ്പല്‍ നിര്‍മിക്കാനും ശേഷിക്കുന്ന രണ്ടെണ്ണം ഇന്ത്യയില്‍ ഗോവ ഷിപ്പ്യാര്‍ഡിലും നിര്‍മിക്കാനായിരുന്നു ധാരണ. ഇന്ത്യയില്‍ നിര്‍മിക്കുന്നവയെ ത്രിപുത് ക്ലാസ് എന്നാണ് വിളിച്ചത്.
നുഴഞ്ഞുകയറ്റം തടയും
ചൈനയുടെ നീക്കങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയും ഇന്തോ-പസഫിക് മേഖലകളും സുരക്ഷാ ഹോട്ട്സ്പോട്ടുകളായി മാറിയിരിക്കുകയാണ്. ഈ മേഖലകളില്‍ ഐഎന്‍എസ് തമാല്‍ ഫലപ്രദമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, കച്ചിനടുത്തുള്ള അറബിക്കടല്‍ അതിര്‍ത്തിയിലൂടെ പാകിസ്താനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നിരീക്ഷിക്കാനും ഐഎന്‍എസ് തമാല്‍ സഹായകമാവും.
ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാക്കി മാറ്റുന്നതിന് മുമ്പ് ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ വെച്ച് ഇന്ത്യ ഐഎന്‍എസ് തമാലിന്റെ കഴിവുകള്‍ വിലയിരുത്തിയിരുന്നു. പ്രത്യേകിച്ചും ബ്രഹ്‌മോസ് മിസൈല്‍ ഉള്‍പ്പടെയുള്ള ആയുധ സംവിധാനങ്ങള്‍ പരീക്ഷിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 3 മുതല്‍ 4 മീറ്റര്‍ വരെ ഉയരത്തില്‍ പറന്ന മിസൈല്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. റഡാറുകളുടെ കണ്ണിലകപ്പെടാതെ അത് ഒഴിഞ്ഞുമാറി. ബ്രഹ്‌മോസിന്റെ ഈ കഴിവ് ഇന്ത്യയ്ക്ക് വലിയ ശക്തിയണ്.
ഒരു നിശ്ചിത ഉയരത്തില്‍ വസ്തുക്കളില്‍ നിന്നുള്ള വികിരണം തിരിച്ചറിഞ്ഞാണ് റഡാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഐഎന്‍എസ് തമാലില്‍ നിന്ന് വിക്ഷേപിച്ച ബ്രഹ്‌മോസ് മിസൈല്‍ റഡാര്‍ പരിധിയില്‍ പെടാതെ വളരെ താഴ്ന്നാണ് പറന്നത്.
എസ് 500, അയേണ്‍ ഡോം പോലുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ പോലും ഐഎന്‍എസ് തമാലില്‍ നിന്നുള്ള ബ്രഹ്‌മോസിന്റെ ഈ കഴിവില്‍ പരാജയപ്പെട്ടേക്കാം. കടല്‍ യുദ്ധത്തിന് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത യുദ്ധക്കപ്പലാണ് ഐഎന്‍എസ് തമാല്‍. എന്നാല്‍ കരയിലെ ശത്രുപാളയങ്ങള്‍ ലക്ഷ്യമാക്കിയുള്ള മിസൈല്‍ ആക്രമണങ്ങള്‍ക്കും ഇത് ഉപയോഗിക്കാം.
കരുത്ത് വര്‍ധിപ്പിച്ച് ഐഎന്‍എസ് തമാല്‍
26 ശതമാനവും തദ്ദേശീയമായ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഐഎന്‍എസ് തമാല്‍ നിര്‍മിച്ചത്. ഐഎന്‍എസ് തമാലില്‍ അത്യാധുനിക റഡാര്‍ സംവിധാനവും ഭാരമേറിയ ടോര്‍പ്പീഡോകളും ബ്രഹ്‌മോസ് ക്രൂയിസ് മിസൈലും ഉള്‍പ്പെടെ നൂതനമായ നിരവധി സംവിധാനങ്ങളുണ്ട്. എകെ 630, എ190-01 100 മെയിന്‍ ഗണ്‍, ആര്‍ബിയു 6000 ആന്റി സബ് മറൈന്‍ റോക്കറ്റ് ലോഞ്ചര്‍, മീഡിയം റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍ വിക്ഷേപിക്കാനുള്ള ഷ്റ്റില്‍ സംവിധാനങ്ങളും കപ്പിലിലുണ്ട്.
പരമ്പരാഗത, ആണവ പോരാട്ടങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്ന മിസൈലിന്റെ പരിധി 290 കിലോമീറ്ററില്‍ നിന്ന് 450-500 കിലോമീറ്ററായി വികസിപ്പിച്ചിട്ടുണ്ട്. ഏകദേശം 125 മീറ്റര്‍ നീളവും 3,900 ടണ്‍ ഭാരവുമുള്ള ഫ്രിഗേറ്റിന്റെ സ്റ്റെല്‍ത്ത് ശേഷിയും രൂപകല്‍പ്പനയും ശ്രദ്ധേയമാണ്.
ഐഎന്‍എസ് തമാലിലെ റഡാര്‍ സംവിധാനത്തിന് വ്യോമാക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും പെട്ടെന്ന് കണ്ടെത്താനും ഫലപ്രദമായ പ്രത്യാക്രമണങ്ങള്‍ നടത്താനും കഴിയുമെന്ന് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫ്രിഗേറ്റിന്റെ അത്യാധുനിക ആയുധ സംവിധാനം ശക്തമായ സമുദ്ര പ്രതിരോധവും എതിരാളികള്‍ക്കെതിരെ ശക്തമായ തിരിച്ചടിക്കാനുള്ള ശേഷിയും ഉറപ്പാക്കുന്നു.
ബ്രഹ്‌മോസ് മിസൈലുകള്‍ക്കൊപ്പം ബരാക്-8 മിസൈലുകളും ഐഎന്‍എസ് തമാലില്‍ വിന്യസിക്കാനാവും. യുദ്ധവിമാനങ്ങള്‍, മിസൈലുകള്‍, ആളില്ലാ വിമാനങ്ങള്‍, ഡ്രോണുകള്‍ ഉള്‍പ്പടെയുള്ളവ തിരിച്ചറിയാന്‍ ബരാക്-8 ന് സാധിക്കും. 70 മുതല്‍ 100 കിലോമീറ്റര്‍ പരിധിയില്‍ ആക്രമണം നടത്താന്‍ ഇതിന് കഴിവുണ്ട്. 360 ഡിഗ്രി കവറേജും ഇത് ഉറപ്പ് നല്‍കുന്നു.
കപ്പലില്‍ 250ല്‍ അധികം ജീവനക്കാരുള്ളതായാണ് വിവരം. സെന്റ് പീറ്റേഴ്സ്ബര്‍ഗിലെയും കലിനിന്‍ഗ്രാഡിലെയും വെല്ലുവിളി നിറഞ്ഞ ശൈത്യകാല സാഹചര്യങ്ങളില്‍ പരിശീലനം നേടിയവരാണ് ഇവര്‍. ഗണ്ണറി, മിസൈല്‍ യുദ്ധങ്ങളില്‍ വിദഗ്ധനായ ക്യാപ്റ്റന്‍ ശ്രീധര്‍ ടാറ്റയാണ് യുദ്ധക്കപ്പലിന്റെ കമാന്‍ഡര്‍. കമീഷനിംഗ് ചടങ്ങില്‍ കപ്പലിലെ ജീവനക്കാരുടെയും റഷ്യയുടെ ബാള്‍ട്ടിക് നാവിക കപ്പലിന്റെയും സംയുക്ത ഗാര്‍ഡ് ഓഫ് ഓണര്‍ ഉണ്ടായിരുന്നു.