'കേവലം 1500 കോടിക്ക് വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്തു; നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന നിലപാട്; വിദ്യാഭ്യാസ രംഗത്ത് കാവിവത്കരണത്തിനും വഴിവെക്കും'; പിഎം ശ്രീയില്‍ എതിര്‍പ്പുമായുമായി സമസ്തയും രംഗത്ത്
'കേവലം 1500 കോടിക്ക് വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്തു
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സമസ്തയും രംഗത്ത്. സമസ്ത മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്വിയാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നത്. 1.98 ലക്ഷം കോടിയുടെ വാര്‍ഷിക ബജറ്റ് ചെലവഴിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍ കേവലം 1500 കോടിക്കു വേണ്ടി കേരള ജനതയെ ഒറ്റുകൊടുത്ത് പരിഹാസ്യരാവുന്നുവെന്ന് നദ്വി കുറ്റപ്പെടുത്തി.
നാല് കോടിയോളം വരുന്ന പ്രബുദ്ധരായ കേരളീയ ജനതയെ ചതിക്കുഴിയില്‍ വീഴ്ത്തുന്ന അതിനിഷ്ഠൂരമായ നിലപാടാണ് ഇത്. ഇതിനെതിരെ സാര്‍വത്രികമായ പ്രചാരണം നടത്തപ്പെടുകയും ജനത്തെ ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതോടെ, നമ്മുടെ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം കൂടി നടപ്പാക്കേണ്ട ഗതികേടാണ് വരാനിരിക്കുന്നതെന്നത് മറ്റാരെക്കാളും സര്‍ക്കാരിനറിയാം. കാലങ്ങളായി ഫാസിസ്റ്റു ഭരണം കോപ്പുകൂട്ടിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ രംഗത്ത്, കാവിവത്കരണത്തിന് മലയാള നാട്ടിലും ബോധപൂര്‍വം പരവതാനി വിരിക്കുകയാണ് കേരള വിദ്യാഭ്യാസ വകുപ്പ്. സഖ്യകക്ഷികളുടെ എതിര്‍പ്പ് പോലും അവഗണിച്ച് പി എം ശ്രീ യോടുള്ള സിപിഎമ്മിന്റെ വിധേയത്വം ചെറുക്കപ്പെടണം.
വര്‍ഗീയതയിലധിഷ്ഠിതമായ ബി.ജെ.പി-ആര്‍.എസ്.എസ് അസ്തിത്വത്തോട് വിയോജിക്കുന്നുവെന്ന് പെരുമ്പറയടിച്ചു നടക്കുന്ന ഭരണകക്ഷി, കേരളീയ സമൂഹത്തെ ഒന്നടങ്കം ഇതേ വര്‍ഗീയതയിലേക്കും അതിലധിഷ്ഠിതമായ കാവി സംസ്‌കാരത്തിലേക്കും നയിക്കുന്നതിന് സഹായകമായ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിന്റെ ന്യായീകരണം ചോദ്യം ചെയ്യാന്‍ ഓരോ കേരളീയനും സന്നദ്ധനാകേണ്ടതുണ്ടെന്നും ബഹാവുദ്ദീന്‍ നദ്വി പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം സ്വന്തംമന്ത്രിസഭയിലെ സഖ്യകക്ഷികളെ മാത്രമല്ല, സിപിഎമ്മിനെ മന്ത്രിമാരെയും അറിയിക്കാതെയാണ് പി എം ശ്രീ കരാറില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത്. കരാറില്‍ ഒപ്പുവെക്കുന്ന കാര്യം സിപിഎം മന്ത്രിമാരും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കളും അറിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. സിപിഎം മന്ത്രിമാര്‍ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സിപിഎം നേതാക്കളെയും സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് സര്‍ക്കാരിന്റെ തീരുമാനം.
അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോവുന്ന സിപിഎം അനുനയ നീക്കവുമായി രംഗത്തുവന്നിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തുകയാണ്. ശിവന്‍കുട്ടി സിപിഐ ആസ്ഥാനത്തെത്തിയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ കാണുന്നത്. സിപിഎം നിര്‍ദേശ പ്രകാരമാണ് അനുനയം നീക്കം. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സിപിഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. അതേ മന്ത്രിയെ തന്നെ നേരിട്ടിറക്കി സമവായത്തിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.
മൂന്നാം പിണറായി സര്‍ക്കാരെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ പിഎം ശ്രീ വിവാദത്തില്‍ ഉലഞ്ഞ് എല്‍ഡിഎഫ് നേതൃത്വം. ഫണ്ടിന് വേണ്ടി നയം മാറ്റാനാകില്ലെന്ന് സിപിഐ ശക്തമായി വാദിക്കുമ്പോള്‍ എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാവുകയാണ്. ഘടകക്ഷികളെ ഇരുട്ടില്‍ നിര്‍ത്തിയെടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാണ് സിപിഐ ആവശ്യം. അതേസമയം, വിവാദത്തില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുമെന്നാണ് സൂചന.
ഓരോ ബ്ലോക്കിലെയും തിരഞ്ഞെടുത്ത സ്‌കൂള്‍ പ്രത്യേകം വികസിപ്പിച്ച്, മികച്ച പഠന കേന്ദ്രമാക്കി മാറ്റുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പിഎം ശ്രീ. പ്രധാന്‍മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ എന്നാണ് പദ്ധതിയുടെ പൂര്‍ണമായ പേര്. വിദ്യാഭ്യാസ നയത്തില്‍ വര്‍ഗീയതയും വാണിജ്യവത്കരണവും ആരോപിച്ച് ഇടതുപക്ഷം പദ്ധതിയെ തുടക്കം മുതല്‍ എതിര്‍ത്തിരുന്നു. പിഎം ശ്രീ സ്‌കൂളുകളില്‍ കേന്ദ്ര വിദ്യാഭ്യാസ നയം പൂര്‍ണ്ണമായി നടപ്പാക്കേണ്ടി വരും. കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലുള്ള 14,500 സ്‌കൂളുകളെയാണ് സമഗ്രമായി നവീകരിയ്ക്കുക.
