ഇനി മോഹന്‍ലാലിന് ഇറങ്ങാം.. ചതി... ചതി... ജോഷി ചതിച്ചാശാനേ...': ജനങ്ങളെ പറഞ്ഞു പറ്റിച്ച ആ നുണക്ക് 35 വര്‍ഷം; അന്ന് ലാലിന് പകരമെത്തിയത് പച്ചക്കുളം ഭാസി; റി റിലീസ് യുഗത്തില്‍ 'കുഞ്ഞച്ചന്‍ ചേട്ടന്റെ' മറ്റൊരു അവതാര പിറവി; ഇന്ന് കേരളത്തെ ചതിച്ചത് മെസിയാശാന്‍! അര്‍ജന്റീനിയന്‍ ഇതിഹാസം 'മാര്‍ച്ചില്‍' എത്തുമെന്ന ചതിയില്‍ ആരും വീഴരുത്; അഞ്ചു മാസം കൊണ്ടും ഫിഫാ അംഗീകാരമുള്ള സ്റ്റേഡിയം കേരളത്തിന് അസാധ്യം
കോഴിക്കോട്: അന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനത്തിന് മോഹന്‍ലാല്‍ വരും എന്നു പറഞ്ഞിട്ട് പകരമെത്തിയത് പച്ചക്കുളം ഭാസി. കൃഷ്ണന്‍കുട്ടി നായര്‍ അവതരിപ്പിച്ച കഥാപാത്രത്തെ കൊണ്ടുവന്ന ശേഷം കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി പറയുന്ന 'ജോഷി ചതിച്ചാശാനേ...' എന്ന സംഭാഷണം മലയാളികളുടെ നാവിന്‍ തുമ്പിലെത്തിയിട്ട് 35 വര്‍ഷമായി. ആരെയെങ്കിലും പറഞ്ഞു പറ്റിക്കാന്‍ നമ്മളെല്ലാം ഇപ്പോഴും ഈ സംഭാഷണം ഉപയോഗിക്കാറുണ്ട്. ഇന്ന് മെസിയാശാന്‍ നവംബറില്‍ കേരളത്തില്‍ എത്തില്ലെന്ന് സ്‌പോണ്‍സര്‍ സ്ഥിരീകരിച്ചപ്പോഴും ഒരുപക്ഷെ ഫുട്‌ബോള്‍ ആരാധകര്‍ പറഞ്ഞതും ഇതേ ഡയലോഗ് ആയിരിക്കാം. വിമര്‍ശം ഉയര്‍ന്നതോടെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞുനില്‍ക്കാന്‍ അര്‍ജന്റീനിയന്‍ ഇതിഹാസം 'മാര്‍ച്ചില്‍' എത്തുമെന്നാണ് സ്‌പോണ്‍സര്‍ പറയുന്നത്. എന്നാല്‍ അഞ്ചു മാസം കൊണ്ട് ഫിഫാ അംഗീകാരമുള്ള സ്റ്റേഡിയം എങ്ങനെ തയ്യാറാക്കുമെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.
മാത്രമല്ല, ഇനി ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലായിരിക്കും അന്‍ജന്റീന അടക്കുമുള്ള പ്രമുഖ ടീമുകളെല്ലാം. അതിനിടയ്ക്ക് മറ്റൊരു സൗഹൃദ മത്സരത്തിനായി അസോസിയേഷന്‍ തയ്യാറായേക്കില്ല. ലോകകപ്പ് അവസാനിക്കുന്നതു വരെ ടീമിനെ കേരളത്തില്‍ സൗഹൃദ മത്സരത്തിനായി ലഭിക്കാന്‍ സാധ്യതയില്ല. ലോകകപ്പോടെ മെസ്സി വിരമിക്കുകയും ചെയ്താല്‍ പിന്നെ താരത്തെ കേരളത്തിലെത്തിക്കാനാകുമെന്ന കായിക മന്ത്രിയുടെയും സ്പോണ്‍സറുടെയും വാക്കുകള്‍ പാലിക്കപ്പെടുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ ടീമിന്റെ നവംബറിലെ ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നു. നവംബറില്‍ അര്‍ജന്റീനക്ക് ഒരു മത്സരം മാത്രമാണ് ഉള്ളത്. അത് നവംബര്‍ 14-ന് ലുവാന്‍ഡയില്‍ അംഗോളക്കെതിരായ മത്സരമാണ്. നവംബറില്‍ പരിശീലനത്തിനായി സ്പെയിനിലേക്കാണ് അര്‍ജന്റീന ടീം ആദ്യം പോകുക. അതിനു ശേഷം ലുവാന്‍ഡയിലേക്ക് സൗഹൃദ മത്സരത്തിനായി തിരിക്കും. ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ടീം നവംബര്‍ 18 വരെ പരിശീലനം തുടരും. പിന്നീട് ലോകകപ്പ് വരെ പരിശീലന ക്യാമ്പുകള്‍ മാത്രമാണ് അസോസിയേഷന്റെ പദ്ധതിയിലുള്ളത്. 2026 ജൂണ്‍ 11 മുതല്‍ ജൂലായ് 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. ഇതോടെ മാര്‍ച്ചിലെ വിന്‍ഡോയില്‍ അര്‍ജന്റീന ടീമിനെ കേരളത്തിലേക്കെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കേണ്ട.
ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്പോണ്‍സര്‍ തന്നെ ഒടുവില്‍ സ്ഥിരീകരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇക്കാര്യം നേരത്തേ തന്നെ അര്‍ജന്റീന മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ ഗാസ്റ്റണ്‍ എഡുളും നേരത്തേ തന്നെ നവംബറില്‍ അര്‍ജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്‌പോണ്‍സര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഫിഫയുടെ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്പോണ്‍സര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
അര്‍ജന്റീന ടീമിന്റെ സൗഹൃദ മത്സരം നവംബറിലെ വിന്‍ഡോയില്‍ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍, ഫിഫ അനുമതി ലഭിച്ചില്ലെന്നുമാണ് സ്‌പോണ്‍സര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അര്‍ജന്റീന ടീമിന് മാത്രമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മാര്‍ച്ച് മാസത്തെ ഫിഫ വിന്‍ഡോയില്‍ മത്സരം നടത്തുന്നതിനായി അനുമതി തേടിയിട്ടുണ്ടെന്നുമാണ് സ്‌പോണ്‍സര്‍ പറയുന്നത്. ഫിഫയാണ് മത്സരം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതെന്ന് 500 വട്ടം പറഞ്ഞതാണ്. ഫിഫ അനുമതിയില്ലാതെ ഒന്നും നടക്കില്ല. ഫിഫ അംഗീകാരത്തിനു നേരത്തെ അനുമതി തേടിയിരുന്നു. എന്നാല്‍, നംവംബറിലെ മത്സരത്തിന് ഫിഫ അനുമതി നല്‍കിയിട്ടില്ലെന്നുമാണ് സ്‌പോണ്‍സര്‍ ഇപ്പോള്‍ പറയുന്നത്.
നവംബറില്‍ കളിച്ചില്ലെങ്കില്‍ പിന്നെ ടീം വരണ്ടേന്ന് മുമ്പ് പറഞ്ഞിരുന്നില്ലെയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ അല്ലെ അന്ന് അത് പറഞ്ഞതെന്നും തനിക്ക് തീരുമാനം മാറ്റാലോ എന്നുമായിരുന്നു മറുപടി. നവംബറില്‍ ഇല്ലെങ്കില്‍ ഡിസംബറില്‍ ഇന്ത്യയില്‍ ഒരു നഗരത്തിലും അര്‍ജന്റീന വരില്ലെന്ന് നേരത്തെ പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോള്‍ അന്ന് കരാര്‍ പ്രകാരമുള്ളത് നടക്കില്ലെന്ന് കരുതി പറഞ്ഞതാണെന്നും ഇന്ന് ടീം താനുമായി നന്നായി സഹകരിക്കുന്നുണ്ടെന്നും അതുകൊണ്ട് അന്ന് മാര്‍ച്ച് മാസത്തില്‍ കളിക്കേണ്ടെന്ന് പറഞ്ഞ തീരുമാനം ഇപ്പോള്‍ മാറ്റിയെന്നും പറയുന്നു. നമ്മള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്. ഞങ്ങള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അത് കണ്ടിട്ടുണ്ട്. നിങ്ങള്‍ ചിലര്‍ മാത്രമാണ് അതൊന്നും കാണാത്തത് എന്നുമായി വാര്‍ത്തസമ്മേളനത്തിലെ കുറ്റപ്പെടുത്തല്‍.
കേരളത്തില്‍ മെസ്സിയെ കൊണ്ടുവരിക മാത്രമല്ല ലക്ഷ്യം. ഫിഫ അംഗീകാരത്തോടെ ഒരു രാജ്യാന്തര സൗഹൃദ മത്സരം നടത്തുകയാണ് ലക്ഷ്യം. അത് നമ്മുട ഫുട്‌ബോളിന്റെ വളര്‍ച്ച കൂടി ലക്ഷ്യമിട്ടാണ്. ഫിഫ നിലവാരത്തിലുള്ള രാജ്യാന്തര സ്റ്റേഡിയം ആക്കാനാണ് ലക്ഷ്യം. മാര്‍ച്ച് മാസത്തെ വിന്‍ഡോയില്‍ മത്സരിക്കുന്നതിന് ഫിഫയുടെ അനുമതിയാണ് ഇനി വേണ്ടത്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ആണ് കലൂര്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കിയതെന്നും നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും സമയം ഉണ്ടല്ലോയെന്നുമാണ് സ്‌പോണ്‍സര്‍ ഇപ്പോള്‍ പറയുന്നത്.
സര്‍ക്കാരും സോപോണ്‍സര്‍മാരെന്ന നിലയില്‍ തങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നത്. സ്‌പോര്‍ട്‌സിനെ കുറിച്ച് ധാരണയില്ലാത്തവരാണ് പറയുന്നത്. ഇത് മെസിയുടേയോ അര്‍ജന്റീനയുടേയോ തീരുമാനമല്ല. വിന്‍ഡോ തരുന്നത് ഫിഫയാണ്. മാര്‍ച്ച് മാസത്തിലേക്കുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും പറയുന്നു. നവംബര്‍ 17ന് കേരളത്തില്‍ മത്സരം നടക്കുമെന്നാണ് സ്‌പോണ്‍സര്‍മാരും സംസ്ഥാന സര്‍ക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. അര്‍ജന്റീന കൊച്ചിയില്‍ വന്ന് ഓസ്‌ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. നവംബറില്‍ കളി നടക്കില്ല എന്നതാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചതെന്നും ഫിഫയുടെ അനുമതി കിട്ടിയാല്‍ അടുത്ത വിന്‍ഡോയില്‍ തന്നെ കളി നടത്തുമെന്നും അതിന് വേണ്ടി നടപടി ക്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
നവംബറില്‍ അംഗോളയുമായാണ് മറ്റൊരു മത്സരം നടക്കുന്നത്, അവിടെ നിന്നും കേരളത്തിലേക്കുള്ള നീണ്ട യാത്രയുടെ പ്രശ്‌നങ്ങളും സ്റ്റേഡിയത്തിന്റെ ഫിഫയുടെ അപ്രൂവല്‍ കാലതാമസവുമാണ് മത്സരം അടുത്ത വിന്‍ഡോയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതിന് കാരണമെന്നും സ്‌പോണ്‍സര്‍ പറയുന്നു. മെസി കേരളത്തിലേക്ക് പൂര്‍ണമായും വരില്ല എന്ന തരത്തിലാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സ്‌പോണ്‍സര്‍ കുറ്റപ്പെടുത്തുന്നു.
അര്‍ജന്റീനയ്ക്ക് സൗഹൃദമത്സരം നഷ്ടപ്പെടാതിരിക്കാനാണ് നവംബര്‍ വിന്‍ഡോയിലെ മത്സരം അടുത്ത വിന്‍ഡോയിലേക്ക് മാറ്റുന്നതെന്നും തീരുമാനത്തെ നെഗറ്റീവായി കാണേണ്ടതില്ലെന്നും അര്‍ജന്റീന ടീം കേരളത്തിലെത്തില്ലെന്ന് പ്രചരിപ്പിക്കരുതെന്നും സ്‌പോണ്‍സര്‍ പറയുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരത്തിന് മുന്നൊരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. ഫിഫ അംഗീകാരത്തിലുള്ള സ്റ്റേഡിയം ഇല്ലെന്നത് യാഥാര്‍ത്ഥ്യമാണ്. കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റുസ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികളുമായി മുന്നോട്ട് പോകുമെന്നും സ്‌പോണ്‍സര്‍ പറയുന്നു. 70 കോടി രൂപ ചെലവിട്ടാണ് സ്റ്റേഡിയം നിര്‍മാണം നടത്തുന്നത്. കസേരകള്‍ പകുതിയോളം മാറ്റി സ്ഥാപിച്ചു. രാജ്യാന്തര നിലവാരത്തിലുള്ള ലൈറ്റിങ് സംവിധാനം സ്ഥാപിക്കുന്നു. റൂഫിങ് ശക്തിപ്പെടുത്താനുള്ള നടപടികളും സ്റ്റേഡിയത്തിന് ചുറ്റുമുള്ള നിര്‍മാണവും
പുരോഗമിക്കുകയാണെന്നും പറയുന്നു.
