താലിബാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്; പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം; 'രാജ്യത്തെ വനിതകളെ അപമാനിച്ചു; നമ്മുടെ സ്വന്തം മണ്ണില്‍, നിബന്ധനകള്‍ നിര്‍ദേശിക്കാനും സ്ത്രീകള്‍ക്കെതിരെ വിവേചന അജണ്ട അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്? രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

താലിബാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

Update: 2025-10-11 06:23 GMT

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്തഖിയുടെ വാര്‍ത്താ സമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അമീര്‍ മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് ഒരു പങ്കുമില്ലെന്ന് പറഞ്ഞാണ് വിദേശകാര്യ മന്ത്രാലയം കൈകഴുകിയത്. പരിപാടി സംഘടിപ്പിച്ചത് ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസിയാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്താസമ്മേളനത്തില്‍ നിന്നും വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം. അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും വനിതകളെ വിലക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എംപി രംഗത്തെത്തി. നടപടി ഇന്ത്യയിലെ വനിതകളെ അപമാനിക്കുന്നതിന് തുല്യമാണ്. താലിബാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിത ജേര്‍ണലിസ്റ്റുകളുടെ അഭാവം പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുന്നതിനു വേണ്ടി മാത്രമാണോ പ്രധാനമന്ത്രി വനിതകളുടെ അവകാശങ്ങളെ വിലമതിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു.

'ഇന്ത്യയിലെ കഴിവുള്ള സ്ത്രീകളെ അപമാനിക്കുന്നത് നമ്മുടെ രാജ്യത്ത് എങ്ങനെ അനുവദിച്ചു. ഓരോ രാജ്യത്തിന്റെയും നട്ടെല്ലും അഭിമാനവും അവിടത്തെ സ്ത്രീകളാണ്. താലിബാന്‍ ഭരണകൂടത്തിലെ പ്രതിനിധിയുടെ ഇന്ത്യാസന്ദര്‍ശന വേളയില്‍, വനിതകളെ വിലക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് അറിയണമെന്നും' പ്രിയങ്ക ആവശ്യപ്പെട്ടു. അഫ്ഗാന്‍ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ലെന്ന വിവരം തന്നെ ഞെട്ടിച്ചുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.

വനിത മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാതിരുന്നത് അറിഞ്ഞതോടെ, അവിടെയെത്തിയ പുരുഷ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം ബഹിഷ്‌കരിക്കണമായിരുന്നുവെന്നും ചിദംബരം അഭിപ്രായപ്പെട്ടു. വനിതാ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതിനെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രി മുത്തഖിയാണോ വനിതകള്‍ വേണ്ടെന്ന് നിര്‍ദേശിച്ചത്?. നമ്മുടെ രാജ്യത്ത്, നമ്മുടെ സ്വന്തം മണ്ണില്‍, നിബന്ധനകള്‍ നിര്‍ദ്ദേശിക്കാനും സ്ത്രീകള്‍ക്കെതിരെ വിവേചന അജണ്ട അടിച്ചേല്‍പ്പിക്കാനും അവര്‍ ആരാണ്?. മോദീ ഇതു ലജ്ജാകരമാണ്. ഷമ മുഹമ്മദ് അഭിപ്രായപ്പെട്ടു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് അമീര്‍ ഖാന്‍ മുത്തഖി ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ടത്. വിദേശകാര്യ മന്ത്രി മുത്തഖിയോടൊപ്പമുണ്ടായിരുന്ന താലിബാന്‍ ഉദ്യോഗസ്ഥരാണ് വാര്‍ത്താസമ്മേളനം നടത്താനുള്ള തീരുമാനം എടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ കൂടി ക്ഷണിക്കണമെന്ന് ഇന്ത്യ താലിബാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നതായാണ് സൂചന. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവകാശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ താലിബാന്‍ ഭരണകൂടത്തിനെതിരെ ലോകരാജ്യങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

Tags:    

Similar News