കറൻസിയിലെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം; ടെഹ്റാനിൽ തെരുവിലിറങ്ങി ജനങ്ങൾ; സമരക്കാരെ നേരിടാൻ സായുധ സേനകൾ; 'സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ ഭരണകൂടം അക്രമം അഴിച്ചുവിടരുത്, യു.എസ് രക്ഷയ്‌ക്കെത്തും'; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

Update: 2026-01-02 15:57 GMT

വാഷിങ്ടൺ: ഇറാനിൽ വിലക്കയറ്റത്തിനെതിരായ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ, ഭരണകൂടത്തിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരെ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. രാജ്യത്ത് സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ ഞായറാഴ്ച മുതൽ കുറഞ്ഞത് ഏഴു പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.

'ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു, പോകാൻ സജ്ജരാണ്," എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ കുറിച്ചു. കറൻസിയിലെ കുത്തനെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം എന്നിവയാണ് ഈ വ്യാപകമായ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം. തലസ്ഥാനമായ ടെഹ്റാനിൽ ഞായറാഴ്ച കടയുടമകൾ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭങ്ങൾക്ക് തുടക്കമായത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിലും സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

ചൊവ്വാഴ്ച വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പ്രകടനങ്ങളിൽ പങ്കെടുത്തതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വിവിധ പ്രവിശ്യകളിലേക്ക് വ്യാപിച്ച പ്രതിഷേധങ്ങൾ ചിലയിടങ്ങളിൽ സുരക്ഷാ സേനയുമായുള്ള മാരകമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

അതേസമയം, ചില സായുധ 'അക്രമികൾ' ഈ സംഘം മുതലെടുത്തതായി ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അധികൃതർ പിന്നീട് നിരവധി പേരിൽനിന്ന് തോക്കുകൾ പിടിച്ചെടുത്തതായും കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങൾക്കിടെ വാണിജ്യ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇറാനിയൻ സമ്പദ്‌വ്യവസ്ഥ വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായതാണ് ഈ ഉപരോധങ്ങളിലേക്ക് നയിച്ചത്. ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘർഷവും രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്.

Tags:    

Similar News