മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി എങ്ങനെയാകും? ആശങ്കയോടെ ലോകം; ഇറാനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്; മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടിയെന്ന് ഇറാന്‍ സൈനിക മേധാവി

മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി എങ്ങനെയാകും?

Update: 2024-10-02 09:36 GMT

ടെഹ്റാന്‍: കിട്ടിയതൊന്നും തിരിച്ചുകൊടുക്കാത്ത ചരിത്രമില്ല ഇസ്രായേലിന്. ചൂണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുക എന്നതു പോലെയാണ് പലപ്പോഴും ഇസ്രായേലിന്റെ മറുപടികള്‍. ഹമാസും ഹിസ്ബുള്ളയുമെല്ലാം ഇത് കൃത്യമായി അറിഞ്ഞതാണ്. ഇന്നലെ ഇറാന്‍ ഇസ്രായേലിലേക്ക് മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍ ലോകം കടുത്ത ആശങ്കയിലാണ്. കാരണം ഇറാന് ഇസ്രായേല്‍ കൊടുക്കുന്ന മറുപടി എങ്ങനെയാകും എന്ന ചോദ്യമാണ് ഉയരുന്നത്. ഇസ്രായേല്‍ തിരിച്ചടിക്കുമെന്ന കാര്യം ഉറപ്പാണ്. അതെങ്ങനെയാകും എന്നതാണ് ഇനി അറിയേണ്ട കാര്യം.

മേഖലയില്‍ യുദ്ധഭീതി മുറുകവേ ഇറാനിലേക്ക് ഇന്ത്യക്കാര്‍ തല്‍ക്കാലം യാത്ര ചെയ്യേണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇസ്രായേല്‍ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

ഇറാനിലും ഇസ്രായേലിലും താമസിക്കുന്ന ഇന്ത്യക്കാര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം പശ്ചിമേഷ്യയിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നതിലും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും രാജ്യങ്ങള്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ തീര്‍പ്പാക്കണമെന്നും ഇന്ത്യ അറിയിച്ചു.

അതേസമയം ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പരിമിതമായ തോതില്‍ മാത്രമാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് പറഞ്ഞ് ഇറാന്‍ മുഖം രക്ഷിക്കാനുള്ള ശ്രമങ്ങല്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഇസ്രായേല്‍ പ്രത്യാക്രമണം നടത്തിയാല്‍ വലിയ രീതിയിലുള്ള തിരിച്ചടിയുണ്ടാവുമെന്നും മേജര്‍ ജനറല്‍ മുഹമ്മദ് ബാഗരി പറഞ്ഞു. ഇസ്രായേലിന്റെ മിലിറ്ററി ഇന്‍ഫ്രാസ്‌ടെക്ചര്‍, മൊസാദ് രഹസ്യാന്വേഷണ കേന്ദ്രം, നേവാറ്റിം എയര്‍ബേസ്, ഹാറ്റ്‌സോര്‍ എയര്‍ബേസ്, റഡാര്‍ ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ഇറാനെതിരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടിയുണ്ടാവും. ഇസ്രായേലിന്റെ സാമ്പത്തിക കേന്ദ്രങ്ങളെ ലക്ഷ്യമിടുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്മാഈല്‍ ഹനിയ്യ, ഹസന്‍ നസ്‌റുല്ല, അബ്ബാസ് നില്‍ഫോര്‍ഷന്‍ എന്നിവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇറാന്‍ അറിയിച്ചു.

ഇസ്മാഈല്‍ ഹനിയ്യയുടെ കൊലപാതകത്തിന് ശേഷം ഞങ്ങള്‍ സംയമനം പാലിക്കുകയായിരുന്നു. തുടര്‍ന്ന് ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കണമെന്ന് അമേരിക്കയില്‍ ഉള്ളവരോടും യുറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളോടും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ഹസന്‍ നസ്‌റുല്ലയുടെയും കമാന്‍ഡര്‍ നില്‍ഫോര്‍ഷന്റേയും കൊലപാതകങ്ങള്‍ തിരിച്ചടി അനിവാര്യമാക്കിയെന്നും സൈനിക മേധാവി പറഞ്ഞു.

തെല്‍ അവീവിനുനേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. 180ലധികം മിസൈലുകളാണ് ഇറാന്‍ അയച്ചത്. ഇസ്രായേലിനുനേരെ ഇറാന്‍ മിസൈല്‍ ആക്രമണത്തിനു തയാറെടുക്കുന്നതായി അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

ഇസ്രായേല്‍ സേന തന്നെയാണ് മിസൈല്‍ ആക്രമണം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ ഇസ്രായേല്‍ സേന ജനങ്ങളോടാവശ്യപ്പെട്ടു. ചിലയിടങ്ങളില്‍ ആക്രമണം തടഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനു നേരെ മിസൈല്‍ അക്രമണം നടത്തിയതായി ഇറാന്റെ റവലൂഷനറി ഗാര്‍ഡും സ്ഥിരീകരിച്ചു. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയാണ് മിസൈല്‍ ആക്രമണമെന്ന് ഇറാന്‍ സൈന്യം വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് ഇസ്രായേലില്‍, ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവിലും ഭീകരരുടെ വെടിവയ്പ്പുണ്ടായി. സംഘര്‍ഷ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാഖ്, ജോര്‍ദാന്‍, ഇറാന്‍ വ്യോമാതിര്‍ത്തികളിലൂടെയുള്ള വിമാന സര്‍വീസുകളില്‍ പലതും റദ്ദാക്കി. ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കൂടുതല്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. .സംഘര്‍ഷം വ്യാപിക്കുന്നത് തടയണം എന്നാണ് ഇന്ത്യയുടെ ആവശ്യം.

മേഖലയിലെ സംഘര്‍ഷം പരിഹരിക്കണം. ഇതിനായി പരസ്പരം സന്ദേശങ്ങള്‍ കൈമാറാന്‍ തയാറാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സഹായം വേണമെങ്കില്‍ അടിയന്തരമായി ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ഇന്ത്യ പൗരന്മാരോട് നിര്‍ദേശിച്ചു. വിവിധ ഭാഷകളില്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്.

സംഘര്‍ഷത്തിനു പിന്നാലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്ന് എസ്. ജയശങ്കര്‍ പറഞ്ഞു. രണ്ട് രാജ്യങ്ങളും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടവയാണ്. മധ്യസ്ഥശ്രമങ്ങള്‍ക്കും പരസ്പരം സന്ദേശങ്ങള്‍ കൈമാറാനും ഇന്ത്യ തയാറാണ്.സംഘര്‍ഷം വ്യാപിക്കുന്നത് തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, യൂറോപ്പിലേക്കും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കും ഡല്‍ഹിയില്‍നിന്നുള്‍പ്പെടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ ഭൂരിഭാഗവും ഇറാന്റെ എയര്‍ സ്പേസ് ആണ് ഉപയോഗിച്ചുവരുന്നത്. സംഘര്‍ഷം വ്യാപിച്ചാല്‍ അത് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകളെ ബാധിക്കും. അതിനാല്‍ സാഹചര്യങ്ങള്‍ കാര്യങ്ങള്‍ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. ഇന്നലെ ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലുഫ്താന്‍സയുടെ രണ്ട് വിമാനങ്ങള്‍ പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയും തിരികെ പോവുകയും ചെയ്തിരുന്നു. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

Tags:    

Similar News