ഹോട്ടലില്‍ താമസിക്കാന്‍ എത്തിയവരുടെ കിടപ്പറ ദൃശ്യങ്ങള്‍ ഒളിഞ്ഞു നോക്കിയ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റിന് അടുത്ത കൊളറായിനിലെ മലയാളി ജീവനക്കാരനു 14 മാസത്തെ ജയില്‍ ശിക്ഷ; നിര്‍മല്‍ വര്‍ഗീസ് എന്ന 37കാരന്‍ തടവ് പൂര്‍ത്തിയാക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങും; യുവാവിന്റെ ഫോണില്‍ നിറയെ ഹോട്ടലില്‍ എത്തിയ അതിഥികളുടെ കിടപ്പറ ദൃശ്യങ്ങള്‍
അയര്‍ലന്റിലെ ഹോട്ടലിലെ മലയാളി ജീവനക്കാരനു 14 മാസത്തെ ജയില്‍ ശിക്ഷ
ബെല്‍ഫാസ്റ്റ്: അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിന് അടുത്തുള്ള കൊളറെയ്നില്‍ ഹോട്ടല്‍ ജോലിക്കിടെ അതിഥികളുടെ മുറിയിലെ കിടപ്പറ ദൃശ്യങ്ങളും നഗ്ന ദൃശ്യങ്ങളുംഒളിഞ്ഞു നോക്കിയ മലയാളി യുവാവിന് 14 മാസത്തെ ജയില്‍ ശിക്ഷ. കഴിഞ്ഞ ദിവസം ഐന്‍ട്രിമിലെ കോടതിയാണ് യുവാവിന് ശിക്ഷ വിധിച്ചത്. നിര്‍മല്‍ വര്‍ഗീസ് എന്ന 38കാരന്‍ ജോലിക്കിടെ ലൈംഗിക സംതൃപ്തിക്കായി ദൃശ്യങ്ങള്‍ ഒളിഞ്ഞു നോക്കുക മാത്രമല്ല അത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്‌തെന്ന കുറ്റത്തിനാണ് ശിക്ഷ.
അറസ്റ്റിലായ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒട്ടേറെ ആളുകളുടെ കിടപ്പറ ദൃശ്യമാണ് അതില്‍ നിന്നും പോലീസ്കണ്ടെടുത്തത്. ഇയാള്‍ അയര്‍ലണ്ടില്‍ എത്തിയിട്ട് എത്രകാലമായി എന്ന വിവരം ലഭ്യമല്ലഎന്നാല്‍ കുടിയേറ്റക്കാര്‍ക്ക് എതിരെ വംശീയ കലാപം വരെ സംഭവിച്ച അയര്‍ലണ്ടില്‍ ഇത്തരം കാര്യങ്ങളില്‍ മലയാളികള്‍ കൂടി പ്രതികളാകുകയും ഒടുവില്‍ ജയിലില്‍ എത്തുകയും ചെയ്യുമ്പോള്‍ മലയാളി സമൂഹത്തില്‍ കൂടുതല്‍ അരക്ഷിതാവസ്ഥയ്ക്ക് തന്നെ കാരണമായി മാറും എന്നാണ് പ്രദേശവാസികളായ മലയാളികള്‍ ആശങ്കപ്പെടുന്നത്.
കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ അയര്‍ലണ്ടില്‍ ജയിലില്‍ കയറിയ മലയാളികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ലൈംഗിക കുറ്റവാളികളുടെ എണ്ണവും ഉയരുന്നത്. ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ പുറത്തു വിടുന്ന പ്രാദേശിക മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ വംശീയ വിദ്വേഷം നിറയുന്ന കമന്റുകളാണ് പ്രദേശവാസികള്‍ പോസ്റ്റ് ചെയ്യുന്നത്. ഇത്തരക്കാരെ ജയിലില്‍ ഇട്ടു സര്‍ക്കാരിന് സാമ്പത്തിക ബാധ്യത വരുത്താതെ കയ്യോടെ ഡീപോര്‍ട്ട് ചെയ്യണം എന്നാണ് പൊതുവില്‍ ഉയരുന്ന പ്രാദേശിക വികാരം. ബുഷ്ടൗണ്‍ ക്രൗണ്‍ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നിര്‍മലിന്റെ ഫോണില്‍ നിന്നും 16 പേരുടെ എങ്കിലും ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെടുക്കാനായി എന്നാണ് കോടതിയില്‍ തെളിഞ്ഞത്. ഹോട്ടലില്‍ ക്ലീനര്‍ ആയി ജോലി ചെയ്യവേ ദമ്പതികളുംസ്ത്രീകളും താമസിക്കുന്ന മുറികളില്‍ നിന്നും അവര്‍ വസ്ത്രം മാറുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 13നു നടന്ന സംഭവത്തില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ക്ക് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നും ജൂലൈ 11നും ഇടയ്ക്കായുള്ള ദിവസങ്ങളില്‍ നടത്തിയ ചിത്രീകരണത്തിനും ചേര്‍ത്താണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ വാലന്റൈന്‍ ദിനാഘോഷവുമായി ബന്ധപെട്ടു മുറികള്‍ ബുക്ക് ചെയ്ത പ്രണയിതാക്കളുടെ അടക്കം ദൃശ്യങ്ങളാണ് നിര്‍മലിനു പകര്‍ത്താന്‍ കഴിഞ്ഞത്. കോടതി ഇയാള്‍ റിമാന്‍ഡ് കാലത്തില്‍ ജയിലില്‍ കഴിഞ്ഞ കാലവും കൂടി ചേര്‍ത്ത് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും എന്ന കനിവ് കാട്ടിയത് നിര്‍മലിന് അനുകൂലമായി. ഇയാള്‍ക്കുള്ള ഹോം ഓഫീസ് നല്‍കിയ വര്‍ക്ക് വിസ റദ്ദാക്കുന്നതിനും ശിക്ഷ പൂര്‍ത്തിയാകുന്നതോടെ നാട് കടത്തപെടാന്‍ ഉള്ള നടപടികള്‍ ഉണ്ടാകുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഫാരെല്‍ അറിയിച്ചിട്ടുണ്ട്.
നിര്‍മലിന്റെ ഫോണില്‍ കണ്ടെത്തിയ ദൃശ്യങ്ങളില്‍ ഒരാളെ മാത്രമാണ് തിരിച്ചറിയാന്‍ സാധിച്ചിരിക്കുന്നത്. ഹോട്ടലിലെ വിനോദ സൗകര്യങ്ങള്‍ ഉപയോഗിച്ച ശേഷം വസ്ത്രം മാറാന്‍ എത്തുമ്പോള്‍ കുബിക്കില്‍ ആയി തിരിച്ച മറയ്ക്ക് അടിഭാഗത്തു കൂടി ഗ്ലൗസ് ധരിച്ച കൈകളില്‍ നിന്നും മൊബൈല്‍ ഫോണ്‍ തനിക്ക് നേരെ തിരിയുന്നത് കണ്ട സ്ത്രീയാണ് നിര്‍മലിനെ കുടുക്കാന്‍ കാരണക്കാരി ആയി മാറിയത്. തന്റെ ട്രൗസര്‍ ആ സമയം പാതി ഊരിയ നിലയില്‍ ആയിരുന്നു എന്നാണ് അവര്‍ പൊലീസിന് നല്‍കിയ മൊഴി. സ്ത്രീ ഒച്ചവെച്ചതോടെ അവരുടെ ഭര്‍ത്താവ് എത്തിയാണ് നിര്‍മലിനെ കണ്ടെത്തിയതും അയാളുടെ ഫോണ്‍ പരിശോധിച്ചതും. ഇതില്‍ തന്റെ ഭാര്യയുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ കണ്ടതോടെയാണ് ഇവര്‍ പരാതി നല്‍കി നിര്‍മലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. പോലീസ് ചോദ്യം ചെയ്യവേ ഒന്നും മറച്ചു വയ്ക്കാതെ നിര്‍മല്‍ കുറ്റ സമ്മതം നടത്തുക ആയിരുന്നു.
ഇയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ മറ്റാര്‍ക്ക് എങ്കിലും അയച്ചു കൊടുത്തിരുന്നോ എന്ന് പൊലീസിന് കണ്ടെത്താനായില്ല. ശിക്ഷയുടെ കാലയളവ് കുറയാന്‍ ഇത് പ്രധാന കാരണമാകുകയും ചെയ്തു. ഇയാളെ പത്തു വര്‍ഷത്തേക്ക് സെക്സ് ഒഫെന്‍ഡേഴ്‌സ് ലിസ്റ്റില്‍ സൂക്ഷിക്കണം എന്ന് ഉത്തരവിട്ട കോടതി പ്രതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചു കളയാനും പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിലെ ഇരകളുടെ അന്തസ് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടതി ഇത്തരം ഒരു വിധി പ്രസ്താവം നടത്തിയിരിക്കുന്നത്. നഗ്ന ദൃശ്യങ്ങള്‍ അടങ്ങിയ 40 ഓളം വീഡിയോകളാണ് സൈബര്‍ സംഘം നിര്‍മലിന്റെ ഫോണില്‍ നിന്നും കണ്ടെത്തിയത്.
യുകെയില്‍ ഇപ്പോള്‍ ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ ലഭിക്കുന്നവരെ ഒക്കെ നാട് കടത്താന്‍ ഉള്ള നിയമ മാറ്റം ഉണ്ടായതോടെ ജയിലില്‍ കയറിയ മുഴുവന്‍ മലയാളികളും ശിക്ഷ കാലാവധി കഴിഞ്ഞാല്‍ നാട് കടത്തപെടും എന്ന് ഉറപ്പാണ്.
