'ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും, ഹൈന്ദവാഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്ന കാവിയണിഞ്ഞ ചാര വനിത; ഐഎസ്ഐയില്‍ നിന്ന് ലക്ഷങ്ങളുടെ പണം വന്നപ്പോള്‍ രാജ്യത്തെ ഒറ്റി'; ചാരപ്രവര്‍ത്തനത്തിന് പിടിയിലായ ജ്യോതി മല്‍ഹോത്ര സംഘിണിയോ? വാട്സാപ്പ് പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യമെന്ത്?
ജ്യോതി മല്‍ഹോത്ര സംഘിണിയോ?
കഴിഞ്ഞ കുറച്ചുദിവസമായി വാട്സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലെ പ്രധാന താരം ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര എന്ന ചാര സുന്ദരിയാണ്. പാക്കിസ്ഥാനുവേണ്ടി ചാര പ്രവര്‍ത്തനം നടത്തിയതിന് ഈ യുവ വ്ളോഗര്‍ പിടിയിലായത് വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ക്കൊപ്പം, രവീന്ദ്ര സിംഗ് ദില്ലോണ്‍, പാലക് ഷെര്‍ മസീക്, സുരജ് മസീഹ്, ജാഫര്‍ ഹുസൈന്‍ എന്നിവരും, സ്ത്രീകളായ ബാനു നസ്രീന, ഗുസാല, എന്നിവരും പിടിയിലായിട്ടുണ്ട്. ഇവര്‍ എല്ലാവരും പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുകയും, പാക്കിസ്ഥാന്‍ ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥനായ എഹ്‌സാന്‍-ഉര്‍-റഹീം എന്ന ആളുമായി നിരന്തരം ബന്ധം പുലര്‍ത്തുകയും, ഇന്ത്യയുടെ പ്രധാനപ്പെട്ട പല വിവരങ്ങളും പങ്കു വെ്ക്കുകയും ചെയ്തിട്ടുണ്ട് എന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നതിന്റെയും, കണക്കുകള്‍ ഉണ്ട്.
പക്ഷേ പ്രതികളില്‍ ആര്‍ക്കും കിട്ടാത്ത താരമൂല്യം കിട്ടിയത് ഹരിയാന വ്ളോഗര്‍ ആയ ജ്യോതി മല്‍ഹോത്രയ്ക്കാണ്. ഇവര്‍ സംഘിണിയാണ് എന്ന തരത്തിലാണ് കേരളത്തിലടക്കം ഇസ്ലാമോ ലെഫ്റ്റ് പ്രചരിപ്പിക്കുന്നത്. അതിന് അവര്‍ കാണിക്കുന്നത് ജ്യോതി കാവിയുടുത്ത് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്നതിന്റെയും, െൈഹന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന്റെയും വീഡിയോ ആണ്. ഇതിനൊപ്പം നാളിതുവരെ ഒരു മുസ്ലീമും രാജ്യത്തെ ഒറ്റിയിട്ടില്ല എന്ന് പറഞ്ഞാണ് പ്രചാരണം.
എന്താണ് യാഥാര്‍ത്ഥ്യം?
പക്ഷേ നിരവധി ഫാക്റ്റ് ചെക്കുകളിലുടെ കടന്നുപോവുമ്പോള്‍, ജ്യോതി മല്‍ഹോത്രക്ക് പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഘപരിവാറിന്റെ ഏതെങ്കിലും ഒരു ഗ്രൂപ്പുമായി പ്രത്യക്ഷമായോ പരോക്ഷമായോ അവര്‍ക്ക് ബന്ധമില്ല. ഒരു തീവ്ര മതവിശ്വാസിപോലുമല്ല ജ്യോതി.
ഇവര്‍ രണ്ടു തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയിലെ പാക്ക് ഉദ്യോഗസ്ഥനുമായി ഇവര്‍ക്ക് സൗഹൃദം ഉണ്ടായിരുന്നു. ഇവര്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രം പോലും ഇന്ത്യയിലേത് അല്ല. പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ, കറ്റാസ് രാജ് ക്ഷേത്രം സന്ദര്‍ശിച്ച് എടുത്ത വീഡിയോയാണിത്. 'ശ്രീ കത്താസ് രാജ് ടെമ്പിള്‍, ചാക്ക്വാള്‍ പാക്കിസ്ഥാന്‍, ഇന്ത്യന്‍ ഗേള്‍ ഇന്‍ ബിഗ്ഗസ്റ്റ് ഹിന്ദു ടെമ്പിള്‍' എന്ന ടൈറ്റിലില്‍ അവര്‍ വീഡിയോ ചെയ്തിട്ടുണ്ട്. അതുപോലെ ഹൈന്ദവ ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന എന്ന വീഡിയോ പാക്കിസ്ഥാനിലേതാണ്. ലാഹോറിലെ അനാര്‍കലി ബസാര്‍, വൈശാഖി ആഘോഷങ്ങള്‍ എന്നിവയും സന്ദര്‍ശിച്ച് അവയുടെ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
അവര്‍ ഹിന്ദു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു എന്ന പേരില്‍ രാഷ്ട്രീയ ചാപ്പയടിച്ച് ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോകളും, ചിത്രങ്ങളും പലതും പാക്കിസ്ഥാനിലേത് ആണ് എന്ന് വ്യക്തമാണ്. ഇനി ക്ഷേത്രം സന്ദര്‍ശിച്ചതിന്റെ പേരില്‍ ഒരാളെ സംഘിയായി ചിത്രീകരിക്കാന്‍ കഴിയുമോ എന്ന ചോദ്യവുമുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രീയങ്കാ ഗാന്ധി എന്നിവര്‍ കാവി അണിഞ്ഞ് ക്ഷേത്ര ദര്‍ശനവും പൂജയും നടത്തുന്ന ഫോട്ടോകളും വീഡിയോകളും സുലഭമാണ്. കാവി എന്നത് ഉത്തരേന്ത്യയില്‍ എല്ലാവരും ധരിക്കുന്ന വസ്ത്രമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ക്ഷേത്രത്തില്‍ പോകുകയും ചെയ്യും. അത് കാണിച്ച് സംഘിയായി ചിത്രീകരിച്ചാല്‍ അവിടെ സംഘികളേ ഉണ്ടാകു എന്നാണ് വാസ്തവം.
നേരത്തെയും വ്യാജ പ്രചാരണം
ഇന്ത്യയില്‍ ഭീകരാക്രമണം അടക്കമുണ്ടാവുമ്പോള്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഉയരുന്നു ഒരു വാദമാണ്, പാക്കിസ്ഥാനുവേണ്ടി ചാര പ്രവര്‍ത്തനം നടത്തിയവരുടെ പേരുകള്‍ ഗൂഗിള്‍ ചെയ്ത് നോക്കിയാല്‍ അതെല്ലാം സംഘപരിവാറുകാര്‍ ആണെന്നാണ്. ഇതിനായി 24 പേരുടെ ലിസ്റ്റും വട്‌സാപ്പിലും ഫേസ്ബുക്കിലുമായി കറങ്ങാറുണ്ട്. സേജല്‍ കപൂര്‍ മുതല്‍ കുമാര്‍ വികാസ് എന്ന പേരുവരെ കൊടുത്താണ് പ്രചാരണം. പക്ഷേ ഇതും വസ്തുതാവിരുദ്ധമാണ്.
ഗൂഗിള്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ തിരിച്ചായിരുന്നു. ഇവര്‍ ആരും തന്നെ സംഘപരിവാറുമായി ബന്ധമുണ്ടായിരുന്നില്ല. പല പേരുകളും ഫേക്കാണ്. അങ്ങനെ ഒരു സംഭവം തന്നെയില്ല. പാക് ചാരന്മാര്‍ ബ്രഹ്‌മോസ് എയ്റോസ്‌പേസിലെ ശാസ്ത്രജ്ഞരെ കുടുക്കാന്‍ ഉണ്ടാക്കിയ പേരുകള്‍ പോലും ഒറിജിനല്‍ എന്നുകരുതി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.
ലിസ്റ്റില്‍ പറയുന്ന ആദ്യ 9 പേരുകാരെ നോക്കുക. സേജല്‍ കപൂര്‍, ആരോഹി അലോക്, അദിതി ആരോണ്‍, അദിതി അഗര്‍വാള്‍, അനാമിക ശര്‍മ്മ, ദിവ്യ ചന്ദന്‍ റോയ്, നേഹ ശര്‍മ്മ, പൂജാ രഞ്ജന്‍, നിശാന്ത് അഗര്‍വാള്‍ എന്നിവരാണ് ഇവര്‍. ഈ 9 പേരുകളും പാക് ചാരന്മാര്‍ ബ്രഹ്‌മോസ് എയ്റോസ്‌പേസിലെ ശാസ്ത്രജ്ഞരെ കുടുക്കാന്‍ ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേരുകളാണ്. അല്ലാതെ യഥാര്‍ത്ഥ വ്യക്തികളല്ല.
10ാമത് വരുന്ന നന്ദലാല്‍ മഹാരാജ് പാക്കിസ്ഥാന്‍ സ്വദേശിയാണ്. ലിസ്റ്റില്‍ 11-ാമതായ ഇടംപിടിച്ച, പ്രദീപ് കുരുല്‍ക്കര്‍ ഇയാള്‍ സാറ ദാസ്ഗുപ്ത എന്ന പേരില്‍ വന്ന പാക് ചാരന്റെ ഹണി ട്രാപ്പില്‍പ്പെട്ട വ്യക്തിയാണ്. തുടര്‍ന്ന് ലിസ്റ്റില്‍ 12,13 നമ്പറില്‍ പറയുന്നു, ബോധ് രാജ് ,ലാഭ്ശങ്കര്‍ മഹേശ്വരി എന്നിവരാണ്. ഇവില്‍ മഹേശ്വരി അഭയാര്‍ത്ഥി ചമഞ്ഞ് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലെത്തിയ ചാരന്‍മ്മാരാണ്. തുടര്‍ന്ന് വരുന്നത്, രാജ ജയചന്ദ്ര, അംബി കുമാര്‍ , ജയാജറോ സന്ധ്യ , രാജ മന്‍ സിംഗ്, ഗാനോജി എന്നിവരാണ്. ഈ അഞ്ചുപേരും ആരാണെന്ന് ആര്‍ക്കുമറിയില്ല.തുടര്‍ന്ന് വരുന്ന, സതീന്ദ്ര ശിവാള്‍, പ്രവീണ്‍ മിഷ്‌റ, അഭിഷേക് ശോഭനന്‍ എന്നിവരും ആരാണെന്നതിന് യാതൊരു തെളിവുമില്ല.
തുടന്നുള്ള ദീപക് ,പി. ശ്രീനിഷ് എന്നിവരക്കുറിച്ചും സേര്‍ച്ചില്‍ ഒന്നുമില്ല ( ശ്രീനിഷ് പോളി മാണിയുടെ പേര്‍ളി മാണിയുടെ ഭര്‍ത്താവാണോ എന്നാണ് ട്രോള്‍). ലിസ്റ്റിലെ അവസാനക്കാരനായ കുമാര്‍ വികാസും അജ്ഞാതനാണ്. അതായത് ഗൂഗിള്‍ സേര്‍ച്ചില്‍ എവിടെയും ഇവര്‍ ഉള്‍പ്പെട്ട ചാരക്കേസുകളുടെ കുറിച്ച് പറയുന്നില്ല. ഇനി ഇന്ത്യയില്‍ നടന്ന ഏതാനും ചാരക്കേസുകളില്‍ ഹിന്ദു നാമധാരികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും, അവര്‍ ഒന്നും സംഘപരിവാറിന്റെ ആളുകള്‍ ആയിരുന്നില്ല. ഐസ്‌ഐക്ക് ഇന്ത്യയിലും 'റോ'യ്ക്ക് പാക്കിസ്ഥാനിലും നിരവധി ഏജന്റുകളുണ്ട്. ഏജന്റുമാരെ തീരുമാനിക്കുന്നത് മതവും രാഷ്ട്രീയവും നോക്കിയല്ല, മറിച്ച് പണമാണവിടെ പ്രാധാന്യം. മൊസാദ് ഒക്കെ ഹമാസ് നേതാക്കളുടെ മക്കളെപ്പോലും പണം കൊടുത്ത് ചാരന്‍മ്മാര്‍ ആക്കിയിട്ടുണ്ട്. അതായത് ചാര പ്രവര്‍ത്തിയിലൊക്കെ പ്രധാനം, പണവും സംരക്ഷണവും ആണെന്നിരിക്കേ, ഇതിനെല്ലാം പിറകില്‍ സംഘപരിവാര്‍ ആണെന്ന കുപ്രചാരമാണ് ഇസ്ലാമിസ്റ്റുകളും, ഒരു വിഭാഗം കമ്യൂണിസ്റ്റുകളും നടത്തുന്നത്.