ഭൂമിക്ക് മുകളിലും താഴെയുമുള്ള ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കും; ഒറ്റയടിക്ക് ഗാസ പിടിച്ചെടുക്കില്ല; ഒരു പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം വിപുലപ്പെടുത്തും; ട്രംപിന്റെ സന്ദര്‍ശനം നിര്‍ണായകം; റിസര്‍വ് സൈനികരെ തിരിച്ചുവിളിച്ചു; ഗാസ 'കീഴടക്കല്‍' പദ്ധതിയുമായി ഇസ്രയേല്‍ മുന്നോട്ട്
ഗാസ 'കീഴടക്കല്‍' പദ്ധതിയുമായി ഇസ്രയേല്‍ മുന്നോട്ട്
ടെല്‍ അവീവ്: ഹമാസിനെ ഉന്മൂലനം ചെയ്യാന്‍ ഗാസ കീഴടക്കല്‍ പദ്ധതിയുമായി ഇസ്രയേല്‍ ഭരണകൂടം. ഭൂമിക്ക് മുകളിലും താഴെയുമുള്ള ഹമാസിന്റെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിയെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ തിരികെ കൊണ്ടുവരികയും ഹമാസ് തീവ്രവാദികളെ പരാജയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ രാജ്യത്ത് തുടരുന്നതിനിടെയാണ് പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഹമാസിനെതിരെ പോരാട്ടം വിപുലപ്പെടുത്തി ഗാസ കീഴടക്കാനും പ്രദേശം കൈവശപ്പെടുത്താനുമുള്ള പദ്ധതിക്ക് ഇസ്രയേല്‍ ഭരണകൂടം അംഗീകാരം നല്‍കിക്കഴിഞ്ഞു. ഗാസയിലെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള പദ്ധതി സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി ഏകകണ്ഠമായി അംഗീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ഗാസയില്‍ ഹമാസിനെതിരെ പോരാട്ടം കടുപ്പിച്ച് പ്രദേശം കീഴടക്കുന്ന പദ്ധതിക്കായി റിസര്‍വിലുള്ള പതിനായിരക്കണക്കിന് സൈനികരോട് യുദ്ധ രംഗത്തേക്കിറങ്ങാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ പുതിയ നീക്കം തടവിലാക്കപ്പെട്ട ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കാമെന്ന മുന്നറിയിപ്പും സൈനിക മേധാവിമാര്‍ ഇസ്രയേല്‍ മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. അടുത്തയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ പ്രദേശം സന്ദര്‍ശിക്കുന്നതിനുശേഷം മാത്രമേ ഇത് നടപ്പിലാക്കൂ എന്നും അതുവരെ ഹമാസുമായി വെടിനിര്‍ത്തലും ബന്ദിമോചന കരാറും പാലിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സാധാരണക്കാരെ തെക്കന്‍ ഗാസയിലേക്ക മാറ്റി നിയന്ത്രണം പൂര്‍ണ്ണമായും ഐഡിഎഫ് ഏറ്റെടുക്കും. മാനുഷിക സഹായം നടത്താന്‍ ഹമാസിനെ അനുവദിക്കില്ലെന്നും ഐഡിഎഫ് മേധാവി പറഞ്ഞു. ഒറ്റയടിക്ക് ഗാസ പിടിച്ചെടുക്കുന്ന പദ്ധതിയല്ല ഉള്ളത്. ആദ്യം ഒരു പ്രദേശം കേന്ദ്രീകരിച്ചും പിന്നീട് വിപുലപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതിയെന്നും ഐഡിഎഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ പറഞ്ഞു. പോരാട്ടം ചില മാസങ്ങള്‍ നീണ്ടുനില്‍ക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വെടിനിര്‍ത്തലിനും ഹമാസ് ബന്ദികളാക്കിയ ബാക്കി 59 പേരെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള പുതിയ കരാറിനായുള്ള അന്താരാഷ്ട്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. ബന്ദികളില്‍ 24 പേര്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതപ്പെടുന്നു. മാര്‍ച്ച് 18ന് ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതിന് ശേഷം ഇതുവരെ ഒരു ബന്ദിയേയും മോചിപ്പിക്കാനായിട്ടില്ല. രണ്ട് മാസത്തോളമായി മാനുഷിക സഹായങ്ങളടക്കം തടഞ്ഞുകൊണ്ടാണ് ഇസ്രയേല്‍ ഹമാസിനുമേലുള്ള സമ്മര്‍ദ്ദം ശക്തമാക്കി കൊണ്ടിരിക്കുന്നത്.
ഇസ്രയേലിനെ ഞെട്ടിച്ച ഹൂതികളുടെ മിസൈല്‍ ആക്രമണത്തിന് മറുപടി നല്‍കാനുള്ള നീക്കത്തിലാണ് ഐഡിഎഫ്. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിനു നേരേയാണ് യെമന്‍ കേന്ദ്രീകരിച്ച്, ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയത്. ഇസ്രയേലിലെ ഏറ്റവും വലിയ രാജ്യാന്തരവിമാനത്താവളമാണിത്. ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരുക്കേറ്റിരുന്നു.
നാല് വലയങ്ങളായുള്ള ഇസ്രേലി വ്യോമപ്രതിരോധസംവിധാനം മറികടന്നെത്തിയ മിസൈല്‍ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നിന് 75 മീറ്റര്‍ സമീപമാണു പതിച്ചത്. ഇതേത്തുടര്‍ന്ന്, വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന റോഡിനു സമീപം 25 മീറ്റര്‍ ആഴമുള്ള കുഴി രൂപപ്പെട്ടു. മിസൈല്‍ പതിക്കുന്നതിനു മുമ്പ് ആകാശത്തുതന്നെ തടയാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതായി ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐ.ഡി.എഫ്) വ്യക്തമാക്കി. എന്നാല്‍, വിമാനത്താവള ടെര്‍മിനല്‍ ആക്രമിക്കപ്പെടുന്നത് ഒഴിവാക്കാനായി. മിസൈല്‍ പതിച്ചുണ്ടായ കുഴിക്കു സമീപം ഉന്നതോദ്യോഗസ്ഥര്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സൈന്യം പുറത്തുവിട്ടിരുന്നു
വ്യോമാക്രമണം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ വിഖ്യാതമായ 'അയണ്‍ ഡോം' (ഉരുക്ക് താഴികക്കുടം) സംവിധാനത്തിനേറ്റ കനത്തതിരിച്ചടി കൂടിയാണ് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. 4-70 കിലോമീറ്റര്‍ ദൂരെനിന്നുള്ള റോക്കറ്റ്, ഷെല്‍, മോര്‍ട്ടാര്‍ ആക്രമണങ്ങള്‍ ചെറുക്കാന്‍ ശേഷിയുള്ളതാണ് അയണ്‍ ഡോം. മിസൈലാക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കി.
ഇസ്രയേലിനെ ആക്രമിച്ചവര്‍ക്ക് ഏഴിരട്ടിയായി തിരിച്ചടി നല്‍കുമെന്നു പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കി. തങ്ങളുടെ ദീര്‍ഘദൂരപ്രഹരശേഷി വെളിവാക്കുന്നതാണ് ഈ ആക്രമണമെന്നു ഹൂതി നേതൃത്വം അവകാശപ്പെട്ടു. ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ തങ്ങള്‍ക്കു ചുവപ്പുവരകള്‍ ബാധകമല്ലെന്നും ഇസ്രയേലിന്റെ തന്ത്രപ്രധാനകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നും ഖത്തറിലെ അല്‍-അറബി ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ മുതിര്‍ന്ന ഹൂതി നേതാവ് മുഹമ്മദ് അല്‍ ബുഖൈതി പറഞ്ഞു.
ഇസ്രയേലിലേക്കും ഇസ്രയലില്‍നിന്നു പുറത്തേക്കുമുള്ള സര്‍വീസുകള്‍ സുരക്ഷിതമല്ലെന്നു രാജ്യാന്തര വിമാനക്കമ്പനികള്‍ക്കു ഹൂതി മാധ്യമവിഭാഗം മേധാവി നാസര്‍ അല്‍ ദിന്‍ ഒമര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, വ്യോമാതിര്‍ത്തി തുറന്നതായും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായും ആക്രമണം നടന്ന് ഒരുമണിക്കൂറിനുള്ളില്‍ ഇസ്രയേല്‍ എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
അഭിനന്ദിച്ച് ഹമാസ്
ഇസ്രയേലിനു നേരേ ഹൂതികള്‍ നടത്തിയ ആക്രമണത്തെ പലസ്തീനിലെ ഹമാസ് അഭിനന്ദിച്ചു. മിസൈല്‍ ആക്രമണം ചെറുക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ച് ഇസ്രയേല്‍ വ്യോമസേന അന്വേഷണമാരംഭിച്ചു. 2023-ല്‍ ഗാസ യുദ്ധം ആരംഭിച്ചശേഷം ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂതികള്‍ തൊടുത്ത മിസൈലുകളെല്ലാം പ്രതിരോധിക്കാന്‍ ഇസ്രയേലിനു കഴിഞ്ഞിരുന്നു. ചെങ്കടലില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്കുനേരേ ഹൂതികള്‍ നടത്തിവന്ന ആക്രമണങ്ങള്‍ ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കാലയളവില്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
എന്നാല്‍, വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചശേഷം ഗാസയില്‍ ഇസ്രയേല്‍ ആക്രമണം പുനരാരംഭിച്ചതോടെ ചെങ്കടലില്‍ ആക്രമണം പുനരാരംഭിക്കുമെന്നു ഹൂതികള്‍ ഭീഷണി മുഴക്കി. ഇതോടെ ചരക്കുകപ്പലുകള്‍ക്കു സുരക്ഷയൊരുക്കാന്‍ യു.എസ്. സൈന്യം ഹൂതികളെ നേരിട്ടുതുടങ്ങി. കഴിഞ്ഞ മാര്‍ച്ച് 15-നുശേഷം യെമനില്‍ ഹൂതികളുടെ 1000 കേന്ദ്രങ്ങള്‍ തകര്‍ത്തതായാണ് യു.എസ്. സൈന്യത്തിന്റെ കണക്ക്.