കാത്തിരുന്ന സമാധാനം! ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; പതിനഞ്ച് മാസം നീണ്ട യുദ്ധത്തിന് വിരാമം; ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ വിവരം കൈമാറി ഹമാസ്; ട്രംപ് അധികാരത്തിലേറും മുമ്പ് നിര്‍ണായക നീക്കം; വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതോടെ പ്രതിരോധത്തില്‍ നെതന്യാഹു; ഭീഷണിയുമായി സഖ്യകക്ഷികള്‍

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

Update: 2025-01-19 09:44 GMT

ടെല്‍ അവീവ്: പതിനഞ്ചുമാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും താത്കാലിക ആശ്വാസമായി ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. മാസങ്ങള്‍ നീണ്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിശ്ചയിച്ചതിലും മൂന്ന് മണിക്കൂറിലേറെ വൈകിയാണ് പ്രാബല്യത്തില്‍ വന്നത്. ആദ്യം മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് ഹമാസ് പുറത്തുവിട്ടതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ ഇസ്രയേല്‍ തയ്യാറായത്. റോമി ഗോനെന്‍, എമിലി ഡാമാരി, ഡോരോണ്‍ സ്റ്റെയിന്‍ബ്രെച്ചര്‍ എന്നിവരെ മോചിപ്പിക്കുമെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. ഇതോടെ വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതിന് വഴിയൊരുങ്ങി.

ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറുകയായിരുന്നു. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേല്‍ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാര്‍ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പേര് കൈമാറാതെ വന്നതോടെ കരാര്‍ നടപ്പാകുന്ന സമയത്തിന് അരമണിക്കൂര്‍ മുന്‍പ് ഇസ്രയേല്‍ പിന്മാറുകയായിരുന്നു.

വെള്ളിയാഴ്ച ആറ് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇസ്രയേലിന്റെ പൂര്‍ണ മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അന്തിമ അംഗീകാരം നല്‍കിയത്. നേരത്തേ സുരക്ഷാ കാബിനറ്റും അനുമതി നല്‍കിയിരുന്നു. 3 ഘട്ടമായി വിഭാവനം ചെയ്യുന്ന കരാറിന്റെ ആദ്യഘട്ടം 42 ദിവസമാണ്. ഈ കാലയളവില്‍ 33 ബന്ദികളെ ഹമാസ് വിട്ടയയ്ക്കും. പകരം 1900 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. ഇസ്രയേലിന്റെ തടവിലുള്ള എല്ലാ സ്ത്രീകളെയും കുട്ടികളെയും ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കും. ആദ്യ ദിവസം 3 സ്ത്രീ ബന്ദികളെയാകും ഹമാസ് മോചിപ്പിക്കുക; ഏഴാം ദിവസം 4 പേരെയും. തുടര്‍ന്നുള്ള 5 ആഴ്ചകളിലായി 26 പേരെക്കൂടി വിട്ടയയ്ക്കും.

ഗാസയിലുള്ള ഇസ്രയേല്‍ സൈനികര്‍ അതിര്‍ത്തിയോടു ചേര്‍ന്ന ബഫര്‍ സോണിലേക്കു പിന്‍വാങ്ങുന്നതോടെ, നേരത്തേ പലായനം ചെയ്ത പലസ്തീന്‍കാര്‍ക്കു മടങ്ങിപ്പോകാനാകും. ഒന്നാംഘട്ടം 16 ദിവസം പിന്നിട്ടുകഴിഞ്ഞ് വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം ചര്‍ച്ച ചെയ്തു തീരുമാനിക്കും. ഈ 16 ദിവസം നടപടികള്‍ സുഗമമല്ലെങ്കില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നു. ഗാസയില്‍ പ്രവേശിക്കാനായി സഹായവിതരണത്തിനുള്ള നൂറുകണക്കിനു ട്രക്കുകള്‍ ഈജിപ്ത് അതിര്‍ത്തിയിലെ റഫാ ഇടനാഴിയില്‍ എത്തിയിട്ടുണ്ട്.

സാങ്കേതിക കാരണങ്ങള്‍ മൂലമാണ് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറുന്നത് വൈകിയതെന്ന് ഹമാസ് അറിയിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാക്കാന്‍ തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്നും ഹമാസ് വ്യക്തമാക്കിയിരുന്നു.വെടിനിര്‍ത്തല്‍ കരാര്‍ വൈകിയതോടെ ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹാഗിരി പ്രസ്താവനയും പുറത്തിറക്കി.

ഹമാസ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ പാലിച്ചില്ല. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക കൈമാറിയിട്ടില്ല. അതിനാല്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ഇസ്രായേല്‍ ഇപ്പോഴും ഗാസയില്‍ ആക്രമണം തുടരുകയാണെന്നായിരുന്നു ഡാനിയല്‍ ഹാഗാരിയുടെ പ്രസ്താവന. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശികസമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണു മധ്യസ്ഥരായ ഖത്തര്‍ അറിയിച്ചിരുന്നത്. ഇതിനായി ലോക രാജ്യങ്ങളും കാത്തിരിക്കുകയായിരുന്നു.

മോചിപ്പിക്കുന്നവരുടെ പട്ടിക ഹമാസ് നല്‍കിയില്ലെന്നും അതു നല്‍കുംവരെ ഗാസയില്‍ വെടിനിര്‍ത്തല്‍ തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചിരുന്നു. കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ ഹമാസ് പരാജയപ്പെട്ടെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ഡാനിയേല്‍ ഹഗാരി കുറ്റപ്പെടുത്തി. കരാര്‍ വ്യവസ്ഥകള്‍ നടപ്പാകും വരെ ഗാസയിലെ സൈനിക നടപടികള്‍ തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കുകയും ചെയ്തു. ആക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ഹമാസ് മോചിപ്പിക്കുന്ന ബന്ദികളുടെ പേരുകള്‍ കൈമാറിയതും കരാര്‍ പ്രാബല്യത്തില്‍ വന്നതും.

ലോകം കാത്തിരുന്ന സമാധാനം

ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ സാധ്യമായ വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേലും ഹമാസും അംഗീകരിച്ചതോടെ മധ്യപൂര്‍വദേശത്തെ ചോരക്കളമാക്കിയ യുദ്ധത്തിന് അറുതി വരുമെന്ന പ്രതീക്ഷയിലാണ് ലോകം. ഹമാസ് ബന്ദികളാക്കിയവരെയും ഇസ്രയേല്‍ ജയിലുകളിലുള്ള പലസ്തീന്‍കാരെയും പരസ്പരം വിട്ടുനല്‍കുകയും ഘട്ടംഘട്ടമായി ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുകയും ചെയ്യുമെന്നു കരാറില്‍ പറയുന്നു. ആറാഴ്ച വീതമുള്ള മൂന്ന് ഘട്ടങ്ങളായാണു വെടിനിര്‍ത്തല്‍ നടപ്പാക്കുക.

ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് വിട്ടുനല്‍കും. ഇതിനു പകരമായി തങ്ങളുടെ തടവിലുള്ള പലസ്തീന്‍ പൗരന്മാരെ ഇസ്രയേലും മോചിപ്പിക്കും. സൈനികരുള്‍പ്പെടെയുള്ള പുരുഷ ബന്ദികളെ രണ്ടാംഘട്ടത്തിലാണു വിട്ടുനല്‍കുക. മൂന്നാംഘട്ടത്തില്‍ ഗാസ പുനരധിവാസ പദ്ധതിയുടെ നടപ്പാക്കലും നഷ്ടപരിഹാര വിതരണവും തുടങ്ങുമെന്നാണ് കരാര്‍.

ഇപ്പോള്‍ അംഗീകരിക്കപ്പെട്ട ഇതേ കരാര്‍ മേയിലും അവതരിപ്പിച്ചെങ്കിലും അന്ന് ഇസ്രയേല്‍ കരാറിനെ എതിര്‍ക്കുകയാണുണ്ടായത്. ഹമാസിനെ ഉന്മൂലനം ചെയ്ത് ഇസ്രയേല്‍ അതിര്‍ത്തികള്‍ ഇനിയൊരു ആക്രമണമുണ്ടാകാത്തവിധം സുരക്ഷിതമാക്കാതെ സന്ധിക്ക് ഇല്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. യുദ്ധം വലിച്ചുനീട്ടി ഭരണത്തില്‍ തുടരാനുള്ള നെതന്യാഹുവിന്റെ തന്ത്രമായും ഈ നീക്കം വിലയിരുത്തപ്പെട്ടു. ഒരിക്കല്‍ തള്ളിയ അതേ കരാറിനെ ഇസ്രയേലും നെതന്യാഹുവും സ്വീകരിച്ചതിനു പിന്നിലെ കാരണമെന്തെന്ന ചോദ്യത്തിന് യുഎസ് സമ്മര്‍ദമെന്ന ഒറ്റ ഉത്തരമേയുള്ളൂ.

താന്‍ അധികാരത്തിലെത്തുന്ന ജനുവരി 20നു മുമ്പ് യുദ്ധം അവസാനിപ്പിക്കണ ട്രംപിന്റെ ഭീഷണി അദ്ദേഹത്തെ നന്നായി അറിയാവുന്ന നെതന്യാഹു ഗൗരവമായിത്തന്നെ എടുത്തിട്ടുണ്ട്. അധികാരമൊഴിയുന്നതിനു മുമ്പ് കരാര്‍ സാധ്യമാക്കണമെന്ന നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ വാശിയും കാണാതിരിക്കാനാവില്ല. യുദ്ധവിരാമത്തിനുള്ള അവകാശവാദം ട്രംപും ബൈഡനും ഒരുപോലെ ഉന്നയിക്കുന്നുണ്ടെങ്കിലും ബൈഡനേക്കാള്‍ ട്രംപിന്റെ സ്വാധീനം വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതില്‍ ഉണ്ടായിട്ടുണ്ട്.

വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ ഇസ്രയേലിലെ തന്റെ നിലനില്‍പ്പിനു പ്രധാനമാണെന്ന് നെതന്യാഹുവിന് അറിയാം. ഇറാനെ നേരിടാനും സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തി മധ്യപൂര്‍വേഷ്യയിലെ തങ്ങളുടെ സ്ഥാനം തിരികെപ്പിടിക്കാനും വെസ്റ്റ് ബാങ്കിലെ ജൂത സെറ്റില്‍മെന്റുകള്‍ക്കു പിന്തുണ ലഭിക്കാനും യുഎസിന്റെ സഹകരണം ഇസ്രയേലിനു വേണം. സ്വന്തം സര്‍ക്കാരിലെ തീവ്രവലതുപക്ഷ കക്ഷികളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചും നെതന്യാഹു കരാര്‍ ഒപ്പിട്ടതിനു പിന്നില്‍ ഇക്കാരണങ്ങളാണ്. യഹ്യ സിന്‍വറുള്‍പ്പെടെ മുന്‍നിര നേതാക്കളെയും ഭൂരിഭാഗം പ്രവര്‍ത്തകരെയും ഇസ്രയേല്‍ വധിച്ചതോടെ ശക്തി ക്ഷയിച്ച ഹമാസ് നേരത്തെ തന്നെ വെടിനിര്‍ത്തലിനു തയാറായിരുന്നു. ഇറാന്റെയും ഹിസ്ബുല്ലയുടെയും വീഴ്ചയും സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ തകര്‍ച്ചയും കരാറില്‍ ഒപ്പുവയ്ക്കുന്നതിനെക്കുറിച്ച് ഹമാസിനെ രണ്ടാമതൊന്നു ചിന്തിപ്പിച്ചില്ല.

നെതന്യാഹു പ്രതിരോധത്തില്‍

വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടതോടെ ചെകുത്താനും കടലിനും ഇടയിലാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. കരാറിലൂടെ യുഎസിനെയും മധ്യപൂര്‍വദേശത്തെയും സന്തോഷിപ്പിക്കാനായെങ്കില്‍ സ്വന്തം സര്‍ക്കാരില്‍നിന്നു കടുത്ത എതിര്‍പ്പ് ഏറ്റുവാങ്ങുകയാണ് അദ്ദേഹം. പ്രത്യേകിച്ചും സഖ്യസര്‍ക്കാരിലെ കക്ഷികളായ ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടി, റിലീജിയസ് സയണിസം എന്നിവരില്‍നിന്ന്.

ഹമാസിനെ ഉന്മൂലനം ചെയ്ത് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന പക്ഷക്കാരാണ് ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടി. കരാറുമായി മുന്നോട്ടുപോയാല്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഒറ്റ്സ്മ യെഹൂദിത് പാര്‍ട്ടി നേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദികള്‍ക്കു പകരം ആയിരക്കണക്കിന് പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് ഗാസയില്‍ തീവ്രവാദം വര്‍ധിക്കാനും അതിര്‍ത്തിയുടെ സുരക്ഷയില്ലാതാക്കാനും കാരണമാകുമെന്ന് ഗ്വിര്‍ പറയുന്നു.

120 അംഗ പാര്‍ലമെന്റില്‍ ഗ്വിറിന്റെ പാര്‍ട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 61 സീറ്റ് വേണ്ടിടത്ത് നിലവില്‍ നെതന്യാഹുവിന്റെ സഖ്യസര്‍ക്കാരിന് 68 പേരുടെ പിന്തുണയുണ്ട്. ഗ്വിറിന്റെ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ നെതന്യാഹു സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകില്ലെങ്കിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതു തിരിച്ചടിയാകും. എന്നാല്‍ റിലീജിയസ് സയണിസം പാര്‍ട്ടി നേതാവും ധനമന്ത്രിയുമായ ബെസലേല്‍ സ്മോട്രിച്ചും കൂടി പിന്തുണ പിന്‍വലിച്ചാല്‍ നെതന്യാഹു സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടമാകും. ഏഴു സീറ്റാണ് റിലീജിയസ് സയണിസം പാര്‍ട്ടിക്കുള്ളത്.

നിലവില്‍ സ്മോട്രിച്ചിനെ അനുനയിപ്പിക്കാന്‍ നെതന്യാഹുവിന് ആയെങ്കിലും കരാറിന്റെ ഒന്നാം ഘട്ടത്തിനുശേഷം യുദ്ധം പുനരാരംഭിച്ചില്ലെങ്കില്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് സ്മോട്രിച്ചിന്റെ ഭീഷണി. അങ്ങനെയുണ്ടായാല്‍ നെതന്യാഹു സര്‍ക്കാര്‍ വീഴും. ബെന്നി ഗാന്റ്സിന്റെ റസലിയന്‍സ് പാര്‍ട്ടിയുള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നെതന്യാഹുവിനു പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം ഏതുഘട്ടത്തിലും വാക്കുമാറിയേക്കുമെന്നതിനാല്‍ നെതന്യാഹുവിന്റെ ഭാവി തുലാസില്‍ തന്നെ.

Similar News