ലെബനനില്‍ കരയുദ്ധത്തിന് ഒരുങ്ങി ഇസ്രായേല്‍; ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാന്‍ ഒരുങ്ങിയിരിക്കണമെന്ന് നിര്‍ദേശം; പ്രതിരോധമന്ത്രി സൈനിക മേധാവികളുമായി കൂടിക്കാഴച്ച് നടത്തി; ടെല്‍ അവീവിലേക്ക് ബാലസ്റ്റിക് മിസൈല്‍ തൊടുതത് ഹിസ്ബുള്ളയും
ലെബനനില്‍ കരയുദ്ധത്തിന് ഒരുങ്ങി ഇസ്രായേല്‍
ബൈറൂത്: ഗാസാ മുനമ്പിലെ കൂട്ടക്കുരുതിക്ക് ആഘാതം മാറുന്നത് മുന്ന് ലോകം മറ്റൊരു യുദ്ധത്തിലേക്ക്. ദക്ഷിണ ലബനാനിലെ കൂട്ടക്കുരുതിക്കു പിന്നാലെ, ഉത്തര ഭാഗത്തേക്കുകൂടി വ്യോമാക്രമണം വ്യാപിപ്പിച്ച ഇസ്രായേല്‍ കരയുദ്ധത്തിനും ഒരുങ്ങുന്നു. കരയുദ്ധത്തിന്റെ സാധ്യത പരിശോധിക്കാന്‍ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേലി മാധ്യമത്തെ ഉദ്ധരിച്ച് 'അല്‍ ജസീറ' റിപ്പോര്‍ട്ട് ചെയ്തു.
ഏതുനിമിഷവും ലെബനനിലേക്ക് കരവഴി കടക്കാന്‍ ഒരുങ്ങിയിരിക്കണമെന്ന് ബുധനാഴ്ച ഇസ്രയേല്‍ സേനാമേധാവി ഹെര്‍സി ഹവേലി സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വടക്കന്‍ അതിര്‍ത്തിയിലേക്ക് കരുതല്‍സേനയിലെ രണ്ട് ബ്രിഗേഡുകളെ പുതുതായി വിന്യസിക്കാനും ഇസ്രയേല്‍ തീരുമാനിച്ചു. ഇതോടെ മറ്റൊരുയുദ്ധവും ആസന്നമായ അവസ്ഥയിലാണ്.
അതേസമയം, ബുധനാഴ്ചയുണ്ടായ ഇസ്രായേല്‍ ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടതായും 223 പേര്‍ക്ക് പരിക്കേറ്റെന്നും ലബനാല്‍ ആരോഗ്യമന്ത്രി അറിയിച്ചു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 569 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെ ഞെട്ടിച്ച് തെല്‍ അവീവിലേക്ക് ഹിസ്ബുല്ല മിസൈല്‍ തൊടുത്തു.
ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് തൊടുത്ത 'ഖദര്‍ 1' മിസൈല്‍ ആകാശത്തുവെച്ചുതന്നെ നിര്‍വീര്യമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതാദ്യമായാണ് ലബനാനില്‍നിന്ന് തൊടുത്ത മിസൈല്‍ ഇസ്രായേല്‍ തലസ്ഥാനത്തെത്തുന്നത്. ഇതിനു പുറമെ, 40 ഓളം ചെറു മിസൈലുകളും ഇസ്രായേലിലേക്ക് ഹിസ്ബുല്ല വിക്ഷേപിച്ചു. സിറിയന്‍ ഭാഗത്തുനിന്ന് ഡ്രോണ്‍ ആക്രമണവുമുണ്ടായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ചത്തെ ആക്രമണത്തില്‍ മുതിര്‍ന്ന കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തിലും നവജാത ശിശു ഉള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടു. സുരക്ഷിത സ്ഥാനം തേടി ദക്ഷിണ ലബനാനില്‍നിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്.
തങ്ങളുടെ കമാന്‍ഡര്‍മാരെ വധിക്കാനും ലെബനനിലുടനീളം പേജര്‍-വാക്കിടോക്കി സ്‌ഫോടനപരമ്പര നടത്താനും ഇസ്രയേല്‍ പദ്ധതിയിട്ടത് മൊസാദ് ആസ്ഥാനത്തുനിന്നാണെന്ന് ഹിസ്ബുള്ള ആരോപിച്ചു. ലെബനീസ് ജനതയുടെ സ്വയംസംരക്ഷണത്തിനും ഗാസയിലെ ജനങ്ങള്‍ക്ക് പിന്തുണ തുടരുമെന്ന് ഇസ്രയേലിനെ അറിയിക്കാനുമാണ് ടെല്‍ അവീവിലെ ആക്രമണമെന്നും വ്യക്തമാക്കി. ഇസ്രയേലിന്റെ ഉള്‍ഭാഗത്ത് ഹിസ്ബുള്ള ആക്രമണം നടത്തുന്നത് ആദ്യമാണ്.
സംഘര്‍ഷം വഷളാക്കാനാണ് ഹിസ്ബുള്ള ശ്രമിക്കുന്നതെന്നും ടെല്‍അവീവിലേക്ക് മിസൈല്‍ തൊടുത്ത തെക്കന്‍ ലെബനനിലെ റോക്കറ്റ് വിക്ഷേപിണി പ്രത്യാക്രമണത്തിലൂടെ തകര്‍ത്തെന്നും ഇസ്രയേല്‍ സേനാവക്താവ് നദാവ് ഷൊഷാനി പറഞ്ഞു. അതേസമയം, ഹിസ്ബുള്ളയുടെ ശക്തികേന്ദ്രമല്ലാത്ത ഇടങ്ങളിലും ബുധനാഴ്ച ഇസ്രയേല്‍ ആക്രമണമുണ്ടായി. ബയ്‌റുത്തിനു വടക്കുള്ള ഷൗഫ് മലനിരകളിലെ ജൗന്‍ ഗ്രാമത്തിലും ഷിയാ ഭൂരിപക്ഷഗ്രാമമായ മായ്സ്രയിലുമാണ് ആക്രമണമുണ്ടായത്. തെക്കന്‍ ലബനനിലും കിഴക്കുള്ള ബെകാവാലിയിലുമുണ്ടായ ആക്രമണത്തില്‍ എട്ടുപേര്‍ മരിച്ചു. അതിനിടെ, വടക്കന്‍ ഇസ്രയേലിലേക്ക് ഹിസ്ബുള്ള 40 റോക്കറ്റുകളയച്ചു.
ഗാസയില്‍ യുദ്ധം തുടങ്ങിയതുമതല്‍ വടക്കന്‍ അതിര്‍ത്തിയില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ലെബനനിലെ പേജര്‍സ്‌ഫോടന പരമ്പരയ്ക്കുപിന്നാലെയാണ് യുദ്ധം വടക്കന്‍ അതിര്‍ത്തിയിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച ബയ്റുത്തില്‍ നടത്തിയ ആക്രമണത്തില്‍ 558 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇസ്രായേലിന്റെ ലബനാന്‍ ആക്രമണത്തെ ഈജിപ്ത്, ഇറാഖ്, ജോര്‍ഡന്‍ വിദേശകാര്യ മന്ത്രിമാര്‍ അപലപിച്ചു. യുദ്ധത്തിലേക്ക് നീങ്ങരുതെന്ന് ഇവര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മേഖലയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രായേലെന്ന് അവര്‍ കുറ്റപ്പെടുത്തി. ഹിസ്ബുല്ലക്ക് പിന്തുണയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രംഗത്തെത്തി. ഗസ്സക്കുവേണ്ടിയുള്ള യുദ്ധത്തില്‍ ഹിസ്ബുല്ല വിജയം വരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ലബനാനിലേക്ക് സംഘര്‍ഷം വ്യാപിച്ചതിലും നിരപരാധികള്‍ മരിച്ചുവീഴുന്നതിലും ഫ്രാന്‍സിസ് മാര്‍പാപ്പ ദുഃഖം രേഖപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ബ്രിട്ടനും റഷ്യയുമടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് ലബനാനില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു.